“ മോനേ രാഘവാ… ഇത് നീ വച്ചോ… ശരിക്ക് വായിച്ച് പഠിച്ചോ… ” മുറിയിൽഇരുന്ന് ബാലരമ വായിച്ചു കൊണ്ടിരുന്ന തന്റെയടുത്ത് മുത്തശ്ശി നീട്ടിയ ആ ബുക്ക് എടുത്ത് അതിന്റെ പുറം ചട്ടയിൽ എഴുതിയിരിക്കുന്നത് ഞാൻ നോക്കി… “ രാമായണം ചിത്രകഥ ”
“ മുത്തശ്ശിയേ… ഇതു ചിത്രകഥയാണോ?… ” വെളുക്കനെ ചിരിച്ചു കൊണ്ട് താനതു പറഞ്ഞപ്പോൾ മുത്തശ്ശിയിലും ആ ചിരിയുടെ പ്രതിഫലനം കണ്ടു…
“ ആ കഥയെന്നും പറയാം… മോനിത് മുഴുവൻ വായിക്കണം കെട്ടോ… ” അതു പറഞ്ഞിട്ട് മുത്തശ്ശി പോയി…
ബാലരമ മാറ്റി വച്ചിട്ട് താൻ ആ ബുക്കെടുത്ത് വായിക്കാൻ തുടങ്ങി… ആദ്യമൊക്കെ ഒന്നും മനസ്സിലായില്ലെങ്കിലും വായിക്കാൻ നല്ല രസം തോന്നി… കുറേ ദേവൻമാർ… രാക്ഷസൻമാർ… കൊരങ്ങൻമാർ… അങ്ങിനെ അങ്ങിനെ കുറേ ആളുകൾ… അവരുടെ യുദ്ധം… ആരെയോ ഒക്കെ കട്ടുകൊണ്ടുപോകുന്നു… കാട്ടിൽ പോകുന്നു… അങ്ങിനെ എന്തൊക്കെയോ ആ കഥയിൽ ഉണ്ടായിരുന്നു…
ചെറിയ ക്ലാസ്സിൽ പഠിക്കുന്ന സമയം… രാമായണം തനിക്ക് മനപ്പാഠമായിരുന്നു… വൈകിട്ടത്തെ സന്ധ്യാനാമം ചൊല്ലാൻ ഉപയോഗിച്ചിരുന്നതും രാമയണം ആയിരുന്നു… മുത്തശ്ശി ഓരോ വരിയുടേയും അർത്ഥം തനിക്ക് പറഞ്ഞു തരുമായിരുന്നു…
ആ കഥ തനിക്ക് വളരെ ഇഷ്ടമായി… അതിലെപ്പോലെ താനും അനിയനും കൂടി യുദ്ധം ചെയ്തു കളിക്കുമായിരുന്നു…
കാലം പിന്നെയും കടന്നു പോയി…
അങ്ങിനെ താൻ പ്ലസ്-ടു വിന് പഠിക്കുന്ന സമയം… മുത്തശ്ശിയുടെ ആഗ്രഹ പ്രകാരം സ്കൂളിൽ അണ്ടർ സെവന്റീൻ വിഭാഗത്തിൽ അമ്പെയ്ത്ത് മൽസരത്തിന് താൻ ചേർന്നു… സ്കൂളിനെ തന്നെ അമ്പരപ്പിച്ച് യാതൊരു മുൻപരിചയമില്ലാതിരുന്ന താൻ ആ മൽസരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി… ട്രോഫിയുമായി മുത്തശ്ശിയുടെ അടുത്ത് ഓടിയെത്തിയ തന്നെ മാറോടണച്ചു പിടിച്ച് മുത്തശ്ശി പറഞ്ഞത് ഇന്നും താൻ ഓർക്കുന്നു… ഇത് നിനക്ക് കിട്ടിയ വരദാനമാണു മോനേ… മുടങ്ങാതെ പ്രാക്ടീസ് ചെയ്യണം… അതു പ്രകാരം സമയം കിട്ടുമ്പോഴൊക്കെ മുത്തശ്ശിയുടെ വാക്കുകൾ അനുരിച്ച് താൻ കയ്യിൽ കിട്ടുന്ന കമ്പും കോലും വള്ളിയുമൊക്കെ ഉപയോഗിച്ച് പ്രാക്ടീസ് നടത്താറുണ്ടായിരുന്നു… അത് തനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സംഗതിയുമായിരുന്നു…