“ യെസ് ഓഫ് കോഴ്സ്… കാണേണ്ട ഒരു സ്ഥലം തന്നെയാണ് അത്… “ അയാൾ അതിനെ ശരിവച്ചു…
അവർ കന്യാകുമാരിയിലെ സൂര്യോദയത്തിനെ പറ്റിയൊക്കെ പരസ്പരം വാചാലമായി സംസാരിച്ചപ്പോൾ രാഘവ് തന്റെ യാത്രയുടെ ലക്ഷ്യത്തെക്കുറിച്ചും… മുൻപ് താൻ ഇതിനു വേണ്ടി നടത്തിയ യാത്രകളെക്കുറിച്ചും ചിന്തിച്ചു… ഇതൊരു പക്ഷേ അതിന്റെയെല്ലാം അവസാനമായിരിക്കുമെന്ന് അവന് തോന്നി… എത്ര നാളായി താനിങ്ങനെ ഓടാൻ തുടങ്ങിയിട്ട്?… എന്തിനു വേണ്ടി?… ആർക്കു വേണ്ടി?… അവന്റെ ചിന്തകൾ കാലത്തിനു പിറകിലേക്ക് സഞ്ചരിച്ചു…
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ പൂർണ്ണത്രയീശന്റെ നാട്… തന്റെ ജന്മസ്ഥലം… ആ സ്ഥലത്തെക്കുറിച്ച് തന്റെ മുത്തശ്ശി പറഞ്ഞിരുന്നത് അത് അസുര രാജാവ് മഹാബലി വാണിരുന്ന സ്ഥലമാണ് എന്നാണ്… അല്ലെങ്കിൽ അദ്ദേഹത്തിന്റെ കൊട്ടാരം ഉണ്ടായിരുന്ന സ്ഥലമാണ് എന്നാണ്… മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ വിഗ്രഹം വച്ച് പൂജിക്കുന്ന ക്ഷേത്രമാണ് എറണാകുളം കുസാറ്റ് യൂണിവേഴ്സിറ്റിയുടെ അടുത്തുള്ള തുക്കാക്കര അമ്പലം… പിന്നെ വാമനൻ മഹാബലിയെ ചവിട്ടിത്താഴ്ത്തിയ സ്ഥലത്തിന്റെ പേര് ഇപ്പോഴും മാറിയിട്ടില്ല… കളമശ്ശേരി മെട്രോയുടെ അടുത്തുള്ള പാതാളം എന്ന സ്ഥലം ആണത്… മുത്തശ്ശി അച്ഛനോട് അതൊക്കെ പറയുമ്പോൾ അച്ഛൻ അതൊക്കെ ചുമ്മാ പുച്ഛിച്ഛ് തള്ളുമായിരുന്നു…
പക്ഷേ താനതൊക്കെ വളരെ ആകാംക്ഷയോടെ കേട്ടിരിക്കും… അച്ഛനും അമ്മയേക്കാളുമൊക്കെ തനിക്ക് അടുപ്പമുള്ളത് തന്റെ മുത്തശ്ശിയോടാണ്… താനും മുത്തശ്ശിയും തമ്മിൽ വല്യ കൂട്ടായിരുന്നു… പഴയ മിത്തുകളുടെ തിരുശേഷിപ്പുകളുടെ ബാക്കിയാണ് ഇപ്പോഴുള്ള യാഥാത്ഥ്യങ്ങളെന്ന് മുത്തശ്ശി എപ്പോഴും പറയുമായിരുന്നു… നല്ല വിദ്യാഭ്യാസമുണ്ടായിരുന്ന മുത്തശ്ശിക്ക് സംസ്കൃതത്തിലൊക്കെ നല്ല പ്രാവീണ്യമായിരുന്നു…
തനിക്കൊരു അനുജനുണ്ടായപ്പോൾ തന്റേതു പോലെ മുത്തശ്ശിയാണ് അവനും പേരിട്ടത്… മിത്രൻ… ആ പേരിടാനുള്ളതിന്റെ കാരണം അച്ഛൻ മുത്തശ്ശിയോടു ചോദിച്ചപ്പോൾ മുത്തശ്ശി പറയുന്നത് കേട്ടു… സൗമിത്രൻ എന്ന പേരാണ് ഞാനിടാനുദ്ദേശിച്ചത്… പക്ഷേ ഇന്നത്തെ കാലത്ത് പിള്ളേരൊക്കെ അവനെ അത് പഴയ പേരാണെന്ന് പറഞ്ഞ് കളിയാക്കില്ലേ… അതു കൊണ്ടാണ് മിത്രൻ എന്ന് ഞാൻ ചുരുക്കിയത്… അതു പറഞ്ഞിട്ട് മുഖത്ത് നിറഞ്ഞ ചിരിയോടെ മുത്തശ്ശി അച്ഛനെ നോക്കി ചിരിക്കുന്നത് ഞാനിന്നും ഓർക്കുന്നു… അനുജന്റെ പേരിന്റെ ശരിയായ അർത്ഥം കുറച്ച് കഴിഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്… മുത്തശ്ശി ഒരു വലിയ ബുക്കെടുത്ത് എന്റെ കയ്യിൽ തരുന്നതു വരെ… അന്ന് താൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു…