ഈ പരിപാടി കഴിയുമ്പോൾ അവളെ പോയി പരിചയപ്പെടണമെന്നും അവൻ തന്നോട് പറഞ്ഞു… ഇത്ര നാളും ഇല്ലാത്ത ഒരു ഭാവം അവന്റെ മുഖത്ത് ഗോകുൽ ദർശിച്ചു… എത്രയോ പെൺകുട്ടികൾ അവന്റെ പുറകേ നടക്കുന്നു… ഒരെണ്ണത്തിനേയും അടുപ്പിച്ചിട്ടില്ലാത്ത രാഘവ് എന്തുകൊണ്ട് ആ പെൺകുട്ടിയെ ഇഷ്ടപ്പെട്ടതെന്ന് പിന്നീടാണ് ഗോകുലിനു മനസ്സിലായത്…
രാഘവ് കാണാൻ സുമുഖനാണ്… അറടി പൊക്കം… ജിമ്മിൽ പോയി ഉരുക്കിയെടുത്ത നല്ല സിക്സ് പാക്ക് ബോഡി… ഉറപ്പുള്ള ചുരുണ്ടമുടി പിന്നിൽ കഴുത്ത് വരെ ഇറക്കമുണ്ട്… മീശ ഒന്ന് പൊടിച്ച് വരുമ്പോളേക്കും അവൻ വടിച്ചു കളയും… ഇപ്പോഴത്തെ ഹിന്ദി സിനിമാ നടൻമാരുടെ പോലെയാണ് ആശാന്റെ നടപ്പ്… ടീഷർട്ടും ജീൻസുമാണ് ഇഷ്ടവേഷം… പുകവലിയില്ല… മദ്യപാനമില്ല… എപ്പോഴും ശാന്തത കളിയാടുന്ന മുഖം അവന് ഒത്തിരി കൂട്ടുകാരെ സമ്മാനിച്ചു…
ഇതൊക്കെയാണെങ്കിലും പിടികിട്ടാത്ത ഒരു സ്വാഭാവമാണ് രാഘവിന്റെ… ആരേയും വേദനിപ്പിക്കാറില്ല എങ്കിലും അവന്റേതായ ലോകത്തേക്ക് അവൻ ആരേയും പ്രവേശിക്കാൻ അനുവദിക്കാറില്ല…
ഇതേ സമയം ആലുവയിലെ ഹോസ്റ്റലിൽ നിന്ന് ഒരു ബാഗിൽ തനിക്ക് ആവശ്യമുള്ള ഡ്രസ്സും സാധനങ്ങളൊക്കെ പാക്ക് ചെയ്ത് അവൻ ആലുവ മെട്രോ റെയിൽവേ സ്റ്റേഷനിലേക്ക് ഒരു ഓട്ടോ പിടിച്ചു… മെട്രോ സ്റ്റേഷനിൽ നിന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് ടിക്കറ്റെടുത്തു… 5 മിനിട്ട് ഇടവിട്ട് വരുന്ന മെട്രോ താമസം കൂടാതെ മുക്കാൽ മണിക്കൂറിനുള്ളിൽ അവനെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു… അപ്പോൾ സമയം 2 മണി… 2.15 ന് എറണാകുളത്ത് നിന്ന് രാമേശ്വരത്തേക്കുള്ള ഗുരുദേവ് എക്സ്പ്രസ്സാണ് അവന്റെ ലക്ഷ്യം…
അതാ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ തന്റെ ട്രെയിൻ… എ.സി കോച്ചിന് പുറത്ത് ഒട്ടിച്ചുവച്ചിരുന്ന പാസഞ്ചേഴ്സ് ലിസ്റ്റിൽ തന്റെ പേരുണ്ടെന്ന് ഉറപ്പു വരുത്തിക്കൊണ്ട് രാഘവ് ആ കമ്പാർട്ടുമെന്റിലേക്ക് കയറി…
താനിരിക്കുന്ന കൂപ്പയിലേക്കു കയറിയ രാഘവിന് കന്യാകുമാരിയിലേക്ക് പോകുന്ന ഒരു ഫാമിലിയെ പരിചയപ്പെടാൻ കഴിഞ്ഞു… അവർ അന്യോന്യം സംസാരിച്ചു… ഇവിടന്ന് രാമേശ്വരത്തേക്ക് പതിനഞ്ച് മണിക്കൂർ യാത്രയുണ്ട്…
“ രാമേശ്വരത്തേക്കോ?… ആരെയെങ്കിലും കാണാനാണോ?… “ ആ കുംടുംബത്തിലെ കൂട്ടത്തിൽ പ്രായം ചെന്നയാൾ അവനോട് ചോദിച്ചു…
“ ഏയ്… ഇതൊരു ടൂറാണ്… സ്ഥലമൊക്കെ കണ്ടിരിക്കാമല്ലോ… “ അവൻ പറഞ്ഞൊഴിഞ്ഞു…