“ അതു പിന്നെ ഗോകുൽ എനിക്ക് പോയേ പറ്റൂ… നിനക്കറിയാലോ കാര്യങ്ങളൊക്ക… “ രാഘവ് തന്റെ ഉറച്ച ശബ്ദത്തിൽ പറഞ്ഞു…
“ ടാ രാഘവേ… കാര്യമൊക്കെ ശരിയാണ്… നമ്മളൊക്കെ ഹിസ്റ്ററി സ്റ്റുഡന്റ്സാണ്… എന്നു പറഞ്ഞ് നീ ആരുടെ ഹിസ്റ്ററിയാണ് അന്വേഷിച്ചു പോകുന്നേ… അതൊക്കെ നടക്കാത്ത കാര്യങ്ങളാണ്… നീ അതു ഉപേക്ഷിക്കുന്നതാണ് നല്ലത്… “ രാഘവിനെ അവന്റെ കൃത്യത്തിൽ നിന്ന് പിൻതിരിപ്പിക്കാനായി ഗോകുൽ പറഞ്ഞു…
“ ഗോകുലേ… അത് എനിക്ക് കിട്ടിയിരിക്കുന്ന ഒരു നിയോഗമായിട്ടാണെടാ തോന്നുന്നത്… ഇതിനു മുൻപുള്ള കാര്യങ്ങളൊക്കെ ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ… പിന്നെന്താടാ നിനക്ക് പറഞ്ഞിട്ട് മനസ്സിലാവാത്തത്?… “ അക്ഷമയോടെയായിരുന്നു രാഘവിന്റെ ചോദ്യം…
“ അതൊക്കെ ശരിയാണ്… പക്ഷേ നിന്റെ ഒറ്റയ്ക്കള്ള ഈ പോക്ക്… എനിക്കെന്തോ പേടി തോന്നുന്നെടാ… “ ഗോകുലിന്റെ കുട്ടിത്തം തുളുമ്പുന്ന മുഖത്ത് ഭയാശങ്കകൾ കണ്ടു അവൻ…
“ ഇതുപോലുള്ള യാത്രകൾ ഞാൻ മുൻപും ചെയ്തിട്ടുള്ളതായി നിനക്കറിവുള്ളതല്ലേ… നീ പേടിക്കാതിരിക്ക്… പിന്നെ ഇതിനെപ്പറ്റി ജാനകിയോട് ഞാൻ പോയതിനു ശേഷം മാത്രം പറഞ്ഞാൽ മതി… “ അതു പറഞ്ഞിട്ട് രാഘവ് ബൈക്കിൽ കേറി സ്റ്റാർട്ട് ചെയ്തു…
“ എടാ നിൽക്ക്… ഞാൻ പറയുന്നതൊന്ന്… “ പറഞ്ഞ് മുഴുവനാക്കുന്നതിനു മുൻപേ രാഘവ് അവന്റെ കണ്ണിൽ നിന്നും മറഞ്ഞിരുന്നു…
ജാനകി… രാഘവിന്റെ കാമുകി… രാഘവിന് പെൺകുട്ടികളോട് വല്യ അടുപ്പമൊന്നും ഇല്ലായിരുന്നു… എല്ലാവരോടും ഒരുപോലെയായിരുന്നു അവന്റെ പെരുമാറ്റം… അവന്റെ കൂട്ടുകാർക്ക് എന്തെങ്കിലും സഹായം വേണമെങ്കിൽ രാഘവുണ്ടാകും മുൻപിൽ… ജാനകി തങ്ങളുടെ ഡിപ്പാർട്ട്മെന്റേ അല്ല… ഈ വർഷം സയൻസ് ഗ്രൂപ്പിലെ പുതിയ ബാച്ചിൽ വന്ന കുട്ടിയാണ്… ഒരു ശാലീന സുന്ദരി…
അവൻ പക്ഷേ അവളുടെ കാര്യം തന്നോട് പറയുന്നത് ഒരു പ്രത്യേക സാഹചര്യത്തിലായിരുന്നു… പുതുതായി വന്ന കുട്ടികളുടെ വെൽകം പ്രാഗ്രാമിന് ജാനകിയെ സദസ്സിന് പേരു പറഞ്ഞ് പരിചയപ്പെടുത്തിയപ്പോഴാണ് അത്രയും നേരം കൂട്ടുകാരുമായി സല്ലപിച്ചു നിന്നിരുന്ന രാഘവ് സ്റ്റേജിൽ നിന്ന് പാട്ടുപാടുന്ന ആ പെൺകുട്ടിയെ ശ്രദ്ധിച്ചത്…