കരോള് കഴിഞ്ഞ് സാമാനങ്ങളെല്ലാം അവിടോം ഇവിടേം വലിച്ചെറിഞ്ഞ്ട്ട് എല്ലാവരുമങ്ങ് പോകും… പിന്നെ അടുത്ത വര്‍ഷമേ നോക്കൂ… കഷ്ടപ്പാടെല്ലാം എനിക്കും… മേരിച്ചേച്ചി മെല്ലെപ്പറഞ്ഞു…
ഞങ്ങളുടെ കാലം മുതലേ കരോള്‍ ഒരുക്കമൊക്കെ അവരുടെ പിരിക്കളത്തിലാണ്… സ്കൂളും കോളേജുമൊക്കെ വിട്ടു വന്നാല്‍ പിള്ളേരെല്ലാം കളത്തില്‍ ഒരുമിച്ചുകൂടി പാട്ടുപടിക്കും…. അപ്പനും, ജോസഫ് ചേട്ടനും,പള്ളിക്കലെ വറീത് ഉപ്പാപ്പനുമൊക്കെയാണ് പാട്ടു പഠിപ്പിക്കുന്നത്…. കരോള്‍ അടുക്കുന്ന ദിവസം ബാന്‍ഡ്കാരന്‍ ശൗര്യാര്‍ മൂപ്പന്‍റെ വീട്ടില്‍പ്പോയി ഡ്രം സെറ്റ് വാടകയ്ക്ക് എടുക്കും… പിന്നെ ഒരാഘേഷമാണ്…. പാട്ടുപടുത്തക്കാര്‍ക്ക് എല്ലാ ദിവസവും ചക്കരക്കാപ്പിയും തെരളി അടയുമൊക്കെയുണ്ടാകും… അതൊക്കെ ഒരു കാലം…. പഴയ ഉത്സാഹവും ആവേശവുമൊന്നുമില്ലെങ്കിലും ഇപ്പോഴും കരോള്‍ ഒരുക്കമൊക്കെ പിരിക്കളത്തില്‍ത്തന്നെ… ചക്കരക്കാപ്പിയും തെരളിയടയും ഇല്ലെങ്കിലും കട്ടന്‍കാപ്പിയും ബിസ്ക്റ്റുമൊക്കെ ഇപ്പോഴുമുണ്ട്… പഴയകാലമൊക്കെ അയവറക്കി ഏറെനേരം അവരിരുവരോടും വര്‍ത്തമാനം പറഞ്ഞിരുന്നു…
അത്താഴം കഴിച്ച് തിരികെ വീട്ടിലെത്തി ചാരുകസേരയില്‍ കിടന്നു… പകല്‍ ഉറങ്ങിയതുകൊണ്ടാവാം ഉറക്കം വരുന്നില്ല.. ടി.വി വെക്കാന്‍ തോന്നിയില്ല… പെണ്ണുമ്പിള്ളയെ ഒന്നു വിളിച്ചേക്കാമെന്നു കരുതി അവളുടെ മൊബൈലില്‍ വിളിച്ചു… അവള്‍ ഫോണെടുത്തെങ്കിലും മറ്റാരോടോ വര്‍ത്തമാനം പറയുന്ന തിരക്കിലാണ്… ശരി അന്നാല്‍ അങ്ങനെ ആകട്ടെ ഞാന്‍ കിടക്കാന്‍ പോവുകയാണ് എന്ന് പറഞ്ഞ് ഫോണ്‍ വെച്ചു.. വീണ്ടും ചാരുകസേരയില്‍ കിടന്ന് വാട്ട്സപ്പും ഫേസ്ബുക്കുമെല്ലാമൊന്ന് ഓടിച്ചുനോക്കി…. വാട്ട്സപ്പിലും ഫേസ്ബുക്കിലുമൊക്കെ പുതുവത്സരാശംസകളുടെ പ്രളയമാണ്….. മൊബൈല്‍ മാറ്റിവെച്ചിട്ട് മച്ചുംനോക്കി കിടന്നപ്പോള്‍ പഴയ ആ പുതുവത്സരദിനം മനസ്സിലേക്ക് ഓടിയെത്തി….