ബാത്ത്റൂമില്‍ പോയി കയ്യും മുഖവുമൊക്കെ കഴുകി വന്നപ്പോഴേക്കും വിശപ്പിന്‍റെ വിളി വന്നു… പാത്രം തുറന്നപ്പോള്‍ നല്ല സ്വാദൂറുന്ന കറികളുടെ മണം മൂക്കിലേക്ക് അടിച്ചുകയറി…. മീന്‍കറിയും, പാവയ്ക്കാ തീയലും, പയറുതോരനും, ചുട്ടരച്ച ചമ്മന്തിയുമൊക്കെ വയറും മനസ്സും നിറച്ചു….. മരുന്നുകൂടി കഴിച്ചിട്ട് മേരിച്ചേച്ചിയുടെ ഭാഷയിലെ കുന്ത്രാണ്ടക്കളി കാണാന്‍ ടി.വി വെച്ചു… ക്രീസില്‍ ധോണിയും കോഹ്ലിയും അടിച്ചു തകര്‍ക്കുന്നു… വലിയ താല്‍പര്യമൊന്നും തോന്നിയില്ല… അല്ലെങ്കിലും കോഴ വിവാദത്തിനു ശേഷം ക്രിക്കറ്റിനോട് വലിയ താല്‍പര്യമൊന്നും തോന്നുന്നില്ല.. കുറച്ചുനേരം കളി കണ്ടിരുന്നപ്പോഴേക്കും ഉറക്കം കണ്ണുകളിലേക്ക് ഇരച്ചുകയറിത്തുടങ്ങി… ടി.വി ഓഫ് ചെയ്ത് ചാരുകസേരയില്‍ത്തന്നെയിരുന്ന് മയങ്ങി….
ഫോണ്‍ നിര്‍ത്താതെ മുഴങ്ങുന്നത് കേട്ടാണ് മയക്കത്തില്‍നിന്നും ചാടി എഴുന്നേറ്റത്… പെട്ടന്ന് ഫോണെടുത്തു..മറുതലയ്ക്കല്‍ ഭാര്യയാണ്….നിങ്ങളിതെന്താ മനുഷ്യാ ഫോണെടുക്കാത്തത്…മൊബൈലില്‍ എത്ര തവണ വിളിച്ചു… കിട്ടാഞ്ഞിട്ടാണ് ഇതില്‍ വിളിച്ചത്… അവള്‍ പരിഭവത്തിന്‍റെ കെട്ടഴിച്ചു….എടീ ഞാനൊന്നു മയങ്ങിപ്പോയി, മൊബൈല്‍ അടിച്ചതറിഞ്ഞില്ല…. ഞങ്ങള്‍ എത്തിയതേ ഉള്ളു… ലാസറു കൊച്ചാപ്പന്‍റെ മോന്‍ വണ്ടീമായി സ്റ്റേഷനില്‍ വന്നാരുന്നു.. എനിക്ക് പക്ഷെ അവനെ കണ്ടിട്ട് മനസ്സിലായില്ല…. വഴീന്ന് വിളിക്കാന്‍ നോക്കിയപ്പോള്‍ റേഞ്ചില്ലാരുന്നു… നിങ്ങള്‍ ഭക്ഷണംവും മരുന്നുമൊക്കെ കഴിച്ചോ … ഒറ്റ ശ്വാസത്തില്‍ വിശേഷങ്ങളും ചോദ്യങ്ങളുമെല്ലാം അവളില്‍നിന്നും അനര്‍ഗ്ഗള നിര്‍ഗ്ഗളം പുറപ്പെട്ടു… മറുപടി പറയുന്നതിനു മുമ്പേ അവള്‍ പറഞ്ഞു തുടങ്ങി… ദേ.. ആ അലമാരയിലെ താഴെത്തെ തട്ടില്‍ പിള്ളാരുടെ തുണി ഇരിക്കുന്നതിന്‍റെ അടീല്‍ ഒരു പാസ്സ് ബുക്കില്‍ കുറച്ച് പൈസ ഇരിപ്പുണ്ട്.. അതെടുത്ത് ആ റോസമ്മേടെ കയ്യിലൊന്നു കൊടുക്കണേ, കുടുംബ ശ്രീയുടെ പൈസയാ, അവളിപ്പൊ വരും….. ഞാന്‍ തിരികെ എന്തൊ ചോദിക്കാന്‍ തുടങ്ങുന്നതിനു മുമ്പുതന്നെ ഫോണിലൂടെ അവളുടെ അലര്‍ച്ച കേട്ടു… ഡീ പിള്ളാരേ… ഇങ്ങനെ കിടന്നു ഓടരുതന്നല്ലേ നിന്നോടൊക്കെ പറഞ്ഞത് .. ഇനി വീണ് വല്ലതും പറ്റിയാല്‍ നിന്‍റെയൊക്കെ അപ്പന്‍റെ വായീന്ന് ഞാനാ കേള്‍ക്കുന്നെ….എന്‍റെ ചെവിയുടെ ഫ്യൂസ് അടിച്ചു പോയെന്നാ തോന്നുന്നത്.. അവളോട് എത്ര പറഞ്ഞാലും കേള്‍ക്കില്ല ഫോണ്‍ വെച്ചോണ്ട് ഇങ്ങനെ അലറരുതെന്ന്… ഞാന്‍ ഫോണ്‍ വെച്ചു…