ഇങ്ങനെ കാണുമ്പോഴൊക്കെയുള്ള അവരുടെ പൊങ്ങച്ചം പറച്ചില്‍ അലോസരം ഉണ്ടാക്കിയിരുന്നു എങ്കിലും ഞാന്‍ അതിന്റെ അലോഹ്യം ഒന്നും അവരോടു കാണിച്ചിരുന്നില്ല. അവറാന്റെ ഭാര്യ കുറെ നാള്‍ രോഗിയായി കിടന്നിട്ടാണ് മരിച്ചത്. ആ കിടപ്പില്‍ മാത്രം അവര്‍ പൊങ്ങച്ചം പറച്ചില്‍ ഒഴിവാക്കിയിരുന്നു. ജീവിതത്തില്‍ ആദ്യമായി അവരുടെ അഹങ്കാരം മാറി എന്നെനിക്ക് തോന്നിയത് അപ്പോള്‍ മാത്രമാണ്. അവറാന്‍ പക്ഷെ അപ്പോഴും പഴയപടി തന്നെ ആയിരുന്നു. ഭാര്യ മരിച്ച് ഏറെ താമസിയാതെ അവറാനും കിടപ്പിലായി. പരസഹായം കൂടാതെ എഴുന്നേല്‍ക്കാനോ ജോലി ചെയ്യാനോ ഒന്നും പറ്റാത്ത ഒരു സ്ഥിതിയില്‍ എത്തിയപ്പോള്‍ അവനെ നോക്കാനായി മക്കള്‍ ഹോം നെഴ്സുമാരെ വച്ചു. പക്ഷെ കിടപ്പിലാണ് എങ്കിലും സ്വത്തും പണവും ഒക്കെ അവറാന് മുഖ്യമായിരുന്നു. വന്നു നിന്ന പെണ്ണുങ്ങളില്‍ പലരുമായും അവന്‍ അതുമിതും പറഞ്ഞ് ഉടക്കി. അവരൊക്കെ അവനെ ഇട്ടിട്ടു പോകുകയും ചെയ്തു.
അവന്റെ സ്വഭാവം കാരണം ആരും നില്‍ക്കാതായതോടെ മക്കള്‍ രണ്ടുപേരും എന്റെ ഭാര്യയ്ക്ക് ഫോണ്‍ ചെയ്ത് ഇനി എന്ത് ചെയ്യും എന്ന് ചോദിച്ചു. അവള്‍ പറഞ്ഞു നിങ്ങളില്‍ ആരെങ്കിലും വന്നു നില്‍ക്ക്; പുള്ളിക്കാരന്‍ പുറം പാര്‍ട്ടികളെ ആരെയും സംശയം കാരണം ആ വലിയ വീട്ടില്‍ നിര്‍ത്തില്ല. അപ്പോള്‍ ഞങ്ങളോട് അവിടെ ചെന്ന് നില്‍ക്കാമോ എന്നവര്‍ ചോദിച്ചപ്പോള്‍ വീട് വിട്ടിട്ടു മാറി നില്ക്കാന്‍ പറ്റില്ല; ഇടയ്ക്കിടെ വേണമെങ്കില്‍ ചെന്ന് കാര്യങ്ങള്‍ നോക്കാം എന്നവള്‍ പറഞ്ഞു.
“നിങ്ങള്‍ക്ക് അങ്ങോട്ട് പോയി നിന്നൂടെ..മാസം പത്തു പതിനയ്യായിരം രൂപ അവര് തരും” ഫോണ്‍ വച്ച ശേഷം ഭാര്യ എന്നോട് ചോദിച്ചു.
“ഇവിടെ പശൂം കോഴീം പിന്നെ എന്റെ കൃഷീം ഒക്കെ ആരു നോക്കും പിന്നെ?” ഞാന്‍ ചോദിച്ചു.
“നിങ്ങള് രാത്രീല്‍ അവിടെ നിന്നാല്‍ മതി. അച്ചായന് എഴുന്നേല്‍ക്കാനും കുളിമുറീല്‍ പോകാനും ഒക്കെ ഒരു സഹായം..പകല്‍ അവര് വല്ല ജോലിക്കാരെയും വക്കട്ടെ” അവള്‍ പറഞ്ഞു.
“അവന്‍ ജോലിക്കാരെ നിര്‍ത്തണ്ടെ?”