“അതെ..പക്ഷെ അവള്‍ക്ക് അവനോട് പ്രണയം ഒന്നും ഉണ്ടായിരുന്നില്ല….”
ബലരാമന്‍ അവനെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് വീണ്ടും കസേരയില്‍ ഇരുന്നു.
“ഉം..എനിക്കും തോന്നി..ആരെയാ നീ കാണാന്‍ ഉദ്ദേശിക്കുന്നത്?” അയാള്‍ ചോദിച്ചു.
“മാങ്ങാട് മാധവന്‍ നമ്പൂതിരി” മോഹനന്‍ പറഞ്ഞു.
“ഓഹോ..അങ്ങേരു പക്ഷെ വരുമോ? വളരെ തിരക്കുള്ള മനുഷ്യന്‍ അല്ലെ..”
“എന്റെ ഒപ്പം പഠിച്ച ശംഭുവിന്റെ അച്ഛനാണ് അദ്ദേഹം..വിളിച്ചാല്‍ വരും..പക്ഷെ അവിടെ പോയി ക്ഷണിച്ച് വിവരങ്ങള്‍ പറയണം..”
“നീ പോയാല്‍ മതിയാകുമോ?”
“മതിയാകും…”
“ശരി എന്നാല്‍ ആയ്ക്കോളൂ..എന്നാണ് പോക്ക്? ഒരു ദിവസത്തെ ദൂരം യാത്ര ഉണ്ടല്ലോ…”
“നാളെ രാവിലെ പോകാമെന്ന് കരുതുന്നു..വൈകിട്ട് ഇല്ലത്ത് തങ്ങി രാവിലെ തിരികെ എത്താം…”
“അങ്ങനെയാകട്ടെ…”
“ശരി വല്യച്ഛാ”
മോഹനന്‍ ഉള്ളിലേക്ക് പോയി. അവന്‍ നേരെ ചെന്ന് പെട്ടത് ഗായത്രിയുടെ മുന്‍പിലാണ്. അവള്‍ കത്തുന്ന കണ്ണുകളോടെ തന്നെ നോക്കുന്നത് കണ്ടപ്പോള്‍ മോഹനന്‍ ഒന്ന് പരുങ്ങി.
“നിന്റെ പോക്കുകൊണ്ട് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല…ഒരു ഗുണവും.”
അങ്ങനെ പറഞ്ഞിട്ട് അവള്‍ വെട്ടിത്തിരിഞ്ഞ് നടന്നു പോയി. മോഹനന്‍ ഞെട്ടിപ്പോയി ആ ഭാവവും സംസാരവും കണ്ടപ്പോള്‍. അവളില്‍ നിന്നും രൂക്ഷമായി വമിച്ച മുല്ലപ്പൂവിന്റെ ഗന്ധം അവന്റെ ഭീതി പതിന്മടങ്ങ് കൂട്ടി.
പകല്‍ പോയി ഭൂമിയില്‍ ഇരുള്‍ പരന്നു. പനയന്നൂര്‍ തറവാട് ഇരുളില്‍ മൂടി. അടുത്ത ദിവസം രാവിലെ യാത്ര പുറപ്പെടാന്‍ വേണ്ട ഒരുക്കങ്ങള്‍ ചെയ്ത ശേഷമാണ് മോഹനന്‍ അത്താഴം കഴിക്കാന്‍ താഴെ എത്തിയത്. അവന്‍ ചെല്ലുമ്പോള്‍ ലക്ഷ്മി അമ്മായിയുടെ മകള്‍ ഗോപിക മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.