ഫോണിൽ തെളിഞ്ഞ് നിൽക്കുന്ന പല്ലുകൾ മുഴുവനും കാട്ടി ചിരിയ്കുന്ന തൊപ്പിവെച്ചത് പോലെ വകച്ചിലില്ലാത്ത ഭംഗിയാർന്ന മുടിയുമായി നിൽക്കുന്ന കള്ളത്തെമ്മാടിയുടെ മുഖത്തേയ്ക് നോക്കി ഉള്ളം നിറഞ്ഞ് ചിരിച്ചുകൊണ്ട് കിടന്നു…!
“എന്നാടീ അനിതപ്പെണ്ണേ നിനക്ക് ഫോണെടുക്കാനിത്ര താമസം….?”
“ന്റെ ചക്കരക്കുട്ടി പെണങ്ങാതെടീ മുത്തേ! ചക്കരക്കുട്ടീടെ മമ്മിപ്പെണ്ണ് വായിച്ച് വായിച്ച് കിടന്ന് അങ്ങ് മയങ്ങിപ്പോയെടീ….!”
ഞാൻ കൊഞ്ചലിന്റെ സ്വരത്തിൽ പറഞ്ഞു.
“ടീ നിന്നോട് ഞാന്പറഞ്ഞിട്ടൊണ്ട് ഞാഞ്ചെറുക്കനാ എന്നെ എടീന്ന് വിളിക്കെല്ലന്ന്…!”
കുഞ്ഞാവ ദേഷ്യപ്പെട്ടു!
“മമ്മീടെ പെങ്കൊച്ച് പിന്നാരാടീ മുത്തേ! ചക്കരക്കുട്ടി മമ്മിയ്കൊരുമ്മതാടീ തെമ്മാടീ!”
“ചക്കരുമ്മ…….”
കുഞ്ഞാവേടെ നീട്ടിയുള്ള ഉമ്മ മറുതലയ്കൽ നിന്നും ഉയർന്നു.
കുഞ്ഞാവേടെ എക്സാം ഇന്നലെ കഴിഞ്ഞു. കിച്ചുവിന് തിങ്കളാഴ്ച കൂടിയുണ്ട്.
അത് കഴിഞ്ഞ് അവർ വന്നാൽ പിന്നെ പത്ത് ദിവസത്തേയ്ക് ഈ വീട്ടിൽ ഉത്സവമാണ്…!
“ഈ മമ്മിയോടെന്ന് തൊട്ട് പറേന്നതാ ഒരു ഫോണ് വാങ്ങിപ്പിച്ചു തരാൻ! അപ്പ എനിക്ക് മമ്മീനെ വിളിക്കണേ ഈ കൊരങ്ങന്റെ സൌവോര്യം നോക്കണ്ടല്ലോ…!”
“എന്റെ കുഞ്ഞാവേ നീ ഫോണും കൊണ്ട് ചെന്നാ നിന്നെ നിന്റെ പ്രിൻസിപ്പാളച്ചൻ പറപറപ്പിയ്കും!
നീ കണ്ടപ്പോഴേ കിച്ചൂനോട് കുറുമ്പെടുക്കാതെടാ ചക്കരേ!”
ഞാൻ ചിരിച്ചു.
“മമ്മീടെ ചക്കരക്കുട്ടി കിച്ചൂന് ഫോൺ കൊടുത്തേടീ….”
കുഞ്ഞാവ ഫോൺ കിച്ചൂന് കൈമാറി അവന്റെ പരീക്ഷ തിങ്കളാഴ്ച ഉച്ചയാകുമ്പോൾ കഴിയും. അപ്പോൾ ഞങ്ങൾ കുഞ്ഞാവേം കൂട്ടി അവന്റെ ഹോസ്റ്റലിൽ എത്തണം!