മുഹ്സിനയുടെ ‘മു’- ബെല്ലയുടെ ‘ല്ല’…“ അതു പറഞ്ഞിട്ടുളള അർച്ചനയുടെ കിലുകിലെയുള്ള ചിരി കേട്ട് സെയ്ഫും ചിരിച്ചു…
“ അതു ശരിയാ… ഞാനും കണ്ടിട്ടുണ്ട്… രണ്ടുപേരും ഒരുമിച്ചാ എപ്പോഴും… “ എന്തോ ഓർത്തിട്ടെന്ന പോലെ സെയ്ഫ് അവളുടെ ഒപ്പം നടന്നു കൊണ്ട് പറഞ്ഞു…
“ അല്ല… ഇയാളെന്തിനാ ഇപ്പോ മുഹ്സിനയെ അന്വേഷിച്ചെ?… “ ഇത്രയും പറഞ്ഞപ്പോഴാണ് താൻ പരിചയമില്ലാത്ത ഒരാളോട് എന്തിനാ ഇതൊക്കെ പറഞ്ഞേന്ന് അർച്ചന ആലോചിച്ചത്…
“ അതുപിന്നെ… അവരുടെ ഒപ്പം ഹിന്ദി ക്ലാസ്സിൽ ഉള്ളതാ ഞാനും… ഒരു സംശയം ചോദിക്കാനായിരുന്നു… “ സെയ്ഫ് വിക്കി വിക്കി പറഞ്ഞു….
“ ഉം… ക്ലാസ്സിൽ ചെല്ലട്ടെ… ഞാൻ പറയാം അവളോട്…. ഇയാൾടെ പേരെന്താ?…“ സ്കൂളിന്റെ ഗേറ്റ് കടന്നുകൊണ്ട് അവൾ ചോദിച്ചു…
“ സെയ്ഫ്… മോസിക്കെന്നെ അറിയാം… ” അർച്ചനയുടെ ചോദ്യം ചെയ്യുന്നതു പോലെയുള്ള രീതി അവനിഷ്ടപ്പെട്ടില്ല..
“ ഉം… ശരി… ” അതു പറഞ്ഞിട്ട് അവൾ ക്ലാസ്സിലേക്ക് നടന്നു… സെയ്ഫ് അവന്റെ ക്ലാസ്സിലേക്കും…
ക്ലാസ്സിലെത്തിയ അർച്ചന സെക്കന്റ് ബെഞ്ചിലിരിക്കുന്ന മോസിയേയും ബെല്ലയേയും കണ്ടു…
“ ഹായ്… മുല്ലാസ്… മോസീ നിന്നെ സെയ്ഫ് ന്നൊരു പയ്യൻ അന്വേഷിച്ചു… ഉം ഉം… “ മോസിയെ നോക്കി ഒന്നു ആക്കിച്ചിരിച്ചിട്ട് അർച്ചന പുറകിലെ അവളുടെ ബെഞ്ചിലേക്ക് പോയി…
അർച്ചന പോയിക്കഴിഞ്ഞപ്പോൾ ബെല്ലയുടെ മുഖത്തേക്ക് നോക്കിയ മോസി വല്ലാതെയായി… അവൾക്കെന്തൊക്കെയോ മനസ്സിലായിരിക്കുന്നു എന്ന് മോസിക്ക് മനസ്സിലായി… അന്ന് ക്ലാസ്സ് തുടങ്ങി ഇന്റർവെൽ വരെ ബെല്ല മുഖം വീർപ്പിച്ചിരുന്നു…
ഇന്റർവെലിൽ ബെല്ല മോസിയേയും പിടിച്ചു വലിച്ച് വാകമരച്ചുവട്ടിലേക്ക് പോയി… അവരുടെ സൌഹൃദത്തിനെപ്പറ്റി ഏറെ കഥകൾ മനസ്സിലാക്കിയിരുന്നത് ആ വാകമരമായിരുന്നു…
“ നീയും റോസിന്റെ പോലെ തന്നെ… എല്ലാരും അങ്ങിനെത്തന്നെ… “ മോസിയെ വലിച്ച് വാകമരച്ചോട്ടിലിൽ ഇരുത്തിക്കൊണ്ട് ബെല്ല പതം പറഞ്ഞു കരഞ്ഞു…
“ അതിന് അവനെന്തിനാ എന്നെ ചോയ്ച്ചേന്ന് നിനക്കറിയോ?… മ്ടെ ഹിന്ദി ക്ലാസ്സിലുള്ളതാ സെയ്ഫ്… വല്ല ബുക്ക് ചോദിക്കാൻ വന്നതാണെങ്കിലോ?… “ ബെല്ലയോട് ആദ്യമായി കള്ളം പറയുന്നതിൽ അവൾക്ക് സങ്കടം തോന്നി…