അവളവന്റെ കൈയിൽ ചുണ്ടുചേർത്ത് അവന്റെ മുഖത്ത് നോക്കി. തന്റെ നനുത്ത പവിഴാധരങ്ങളുടെ സ്പർശനത്തിലവൻ കുളിർകൊണ്ടത് സംഗീതയെ ആനന്ദിപ്പിച്ചു.
‘ഷാനിക്ക് വേണ്ടെങ്കി വേണ്ട ഇക്ക് വേണം ന്റെ ചെക്കനെ’ അവൾ വീണ്ടും മോഹമെത്തയിൽ അരിമുല്ലപ്പൂ വിതറി കാത്തിരുന്നു.
“പൂവാ അംജദേ?”അവളവന്റെ കൈ വിട്ട് എണീറ്റു.
“ഉം..”
അവർ നടന്നു നീങ്ങി. അവന്റെയുള്ളിൽ ഷാനിബ കെട്ടടങ്ങുന്നത് സംഗീത വായിച്ചെടുത്തു. നടത്തത്തിനിടയിൽ കള്ളക്കണ്ണ് സംഗീതയിൽ പാളിയുരഞ്ഞു കൊണ്ടിരുന്നു.
‘ഇനിയൊരിഷ്ടം പറഞ്ഞ് ചമ്മണ്ട. ഓൻ വേണെങ്കി പറ്യേട്ടേ.’
സംഗീത വീട്ടിലേയ്ക്ക് കയറുമ്പോൾ തിളക്കമുള്ള ചെക്കന്റെയാ നോട്ടം മനസ്സിൽ പകർത്തി യാത്ര ചൊല്ലി.
സംഗീത അന്ന് വൈകുന്നേരം പാടത്ത് ക്രിക്കറ്റ് കളിക്കുന്ന അംജദിനെ നോക്കി എത്ര നേരമിരുന്നെന്നറിയില്ല.
“എന്താടീ പെണ്ണേ യ്യി കളി കാണ്വെല്ലല്ലോ? ആര്യാ നോക്കിരിക്ക്ണേ?” ഏട്ടത്തിയമ്മയുടെ കുത്തുന്ന ചോദ്യം കേട്ട് സംഗീത ജീവിതത്തിലാദ്യമായി നാണിച്ചിരുന്നു.
“എല്ലൗം ന്നോട് പറേല്ണ്ടല്ലോ പറേടോ… ആര്യാ നോക്ക്ണേ?”
“ദാ ആ നീലക്കുപ്പായട്ട ചെക്കനെ” പാടവരമ്പിലിരുന്ന സംഗീത ഇഞ്ചിപ്പുല്ലിൽ പിടിച്ചുവലിച്ച് കരിവള കുലുക്കിപ്പറഞ്ഞു.
“ഹ് ആരേ? അംജദിനേ? ന്ന്ട്ട് ഓനന്നെ ഇഷ്ടാ?”
“അറിയില്ല”
“യ്യി ധൈര്യായി ചോയ്ച്ചോക്ക് ഞാന്ണ്ടന്റെ കൂടെ. വേണേ ഞാൻ ചോയ്ക്കാ.”
“അതൊന്നും വേണ്ട ഞാൻ ചോയ്ച്ചതാ ന്റെ പാറുക്കുട്ട്യേ.” അവൾ നടന്നതെല്ലാം പാർവ്വതിയോട് വിശദീകരിച്ചു. ഇതെല്ലാം കേട്ട് പാർവ്വതിക്കാകെ കോരിത്തരിച്ചു പോയി.
“എന്താ അന്തം വിട്ട് നിക്ക്ണ് ന്റെ പാറുക്കുട്ട്യേ..വിശ്വാസായില്ല്യേ” സംഗീത പാർവ്വതിയുടെ താടിയിൽ പതിയെ തഴുകി ചോദിച്ചു.
“അതല്ല, ചെക്കനെ കെട്ടിപ്പിടിച്ചിട്ട് പിന്നൊന്നും നടന്നിലാന്ന് പറഞ്ഞത് വിശ്വൈക്കാൻ പറ്റ്ണില്ല. ഞാനാര്ന്നെങ്കി എന്തെങ്കിലൊക്ക് നടന്നീര്ന്ന്. അത്രക്കും മൊഞ്ചാണാ ചെക്കന്.” പാർവ്വതി തമാശയായിട്ടാണെങ്കിലും പറഞ്ഞത് സത്യമാണെന്ന് സംഗീത ഊഹിച്ചെടുത്തു.
“വേണ്ടാ ട്ടാ ഏടത്ത്യേ” അവൾ പരിഭവിച്ചു.