ഇടയ്ക്ക് അവരുടെ നോട്ടം പാളി അംജദ്അലിയുടെ കണ്ണിലുടക്കി. അവർക്ക് വാക്കുകൾ പിഴച്ച് ക്ലാസ്സൊരു വഴിക്ക് പോയി. പലപ്പൊഴും കുട്ടികൾ ചിരിച്ചത് സവൃതയെ പിരിമുറുക്കത്തിലാക്കി. അവരുടെ നീണ്ട് പാതിയടഞ്ഞ സംമോഹന മിഴികൾ അംജദിനെ നോക്കുമ്പോഴൊക്കെ അവനും തിരിച്ച് നോക്കുന്നത് കണ്ട് അവർ പ്രതിരോധിക്കാൻ പാട് പെട്ടു. പിങ്ക് ചുരിദാറിന്റെ ഇളം പിങ്ക് ഷാൾ അവർ കഴുത്തിലൂടെയിട്ടു. പിന്നെയത് അരയിൽ ചുറ്റി. പിന്നെയഴിച്ചത് തലയിലൂടിട്ടു! കൈകൾ എവിടെ വെക്കണം? മുടി നേരെയാണോ? അവർക്ക് ആകെയൊരു വെപ്രാളമായി. ഒടുവിൽ ഇന്നിത് മതിയെന്ന് പറഞ്ഞ് അവർ ക്ലാസ് നിർത്തി കഴുത്തിലും മുഖത്തുമുള്ള വിയർപ്പ് ഷാളിൽ തുടച്ച് സ്റ്റൂളിലിരുന്നു. എല്ലാവരെയും പഠിക്കാനിരുത്തിയ സംവൃത അംജദിനെ നോക്കി.
‘ശ്ശൊ അവൻ മാത്രം എന്നെത്തന്നെ നോക്കിയിരിക്കുന്നു. ഇനിയിപ്പോ വാക്ക് തെറ്റിച്ചാൽ അവനെന്താണ് കരുതുക? ഇങ്ങിനെയൊരബദ്ധം ഇനി സംഭവിക്കാതെ നോക്കണം.’
അങ്ങിനെ ഒരു വിധമൊപ്പിച്ച് പുറത്ത് ചാടിയ ടീച്ചർ ഉച്ചയ്ക്ക് ഊൺ കഴിഞ്ഞ് പോകണോ വേണ്ടയോ എന്ന് ചിന്തിച്ച് ഒരു തീരുമാനത്തിലെത്തി. ‘അവന്റെ നോട്ടം ഇന്നത്തോടെ നിർത്തണം. എന്തായാലും അവന് വാക്ക് കൊടുക്കണ്ടായിരുന്നു.’
സംവൃത നടന്ന് പത്ത് ബി യിലെ കരിങ്കൽ ചുവരുകളോടടുത്തു.
വാതിൽക്കലെത്തിയ സംവൃതയുടെ ഹൃദയം പടപടാ മിടിച്ചു. അവൾ ഷാൾ തലയിലൂടിട്ട് മുന്നിലെ ബെഞ്ചിലിരുന്ന അംജദിന്റെ ഡെസ്ക്കിന്റെ ഇങ്ങേയറ്റത്ത് അരയമർത്തി നിന്നു.
‘അവൻ പെട്ടെന്നൊന്ന് പറഞ്ഞവസാനിപ്പിച്ചെങ്കിൽ പെട്ടെന്ന് പോവാമായിരുന്നു’ സംവൃത ചൂടുപിടിച്ച് വിയർത്തു. അത് കഴുത്തിലൂടൊഴുകി ചുരിദാറിനുള്ളിലുടെ ബ്രായിലലിഞ്ഞു ചേർന്നു. അവൻ താടിക്ക് കൈയും കൊടുത്ത് അലക്ഷ്യമായി വെളിയിലേയ്ക്ക് നോക്കി നിന്നത് സംവൃതയ്ക്ക് ദേഷ്യവും നിരാശയുമുണ്ടാക്കി.
“പറയ്..!”
അവൾ പെട്ടെന്നൊരു ധൈര്യത്തിൽ അംജദിനെ നോക്കാതെ ദേഷ്യം ഭാവിച്ച് ചുവരിൽ നോക്കി പറഞ്ഞു. അത് പറയുമ്പോൾ സംവൃത കൈകൾ രണ്ടും കൂട്ടിഞെരിച്ച് ആകാംക്ഷയും പെട്ടെന്ന് രക്ഷപ്പെടാനുള്ള ധൃതിയും പ്രകടിപ്പിച്ചു.
“എന്ത്?” അംജദ് അവളെ നോക്കുന്നേയില്ല. അവൾ സഹികെട്ട് പരിഭവിച്ചു. പത്താം ക്ലാസുകാരനു മുന്നിൽ അവളൊരു എട്ടാം ക്ലാസ്സുകാരിയായി നിന്ന് നാണിച്ച് ചുവന്നു.
“ഇന്നലെ പറഞ്ഞത്..” അവൾ വിട്ടുകൊടുത്തില്ല