ഞാനും അമ്മച്ചിയും മാത്രമേ പോവുന്നുള്ളൂ. നമുക്ക് കഥയിലേക്ക് വരാം. ക്ലാസ്സ് കഴിഞ്ഞു നട്ടുച്ചക്ക് ഞാനും എന്റെ കൂട്ടുകാരി ആൻസിയും കൂടെ ബസ്‌സ്റ്റാൻഡിലോട്ട് നടക്കുകയാണ്. കോളേജിൽ നിന്നും ഒരു അര കിലോമീറ്റർ ദൂരം ഉണ്ട് സ്റ്റാൻഡിലേക്ക്.
പെട്ടന്ന് ഒരു ഓട്ടോറിക്ഷ ഞങ്ങൾ നടക്കുന്നതിനു ചേർന്ന് പതിയെ നിരക്കി കൊണ്ട് വരുന്നു ഒരുത്തൻ. കണ്ടാൽ അത്ര പ്രായം ഒന്നും തോന്നില്ല. ഒരു ചെറിയ ചെക്കൻ. ഒരു പതിനെട്ടു വയസ് കാണും..ആൻസി പറഞ്ഞു.
“ഇവൻ നമുക്ക് പണിയുണ്ടാക്കും. “അപ്പോഴാണ് അവന്റെ വിളി
” ചേച്ചി ”
എന്നെ നോക്കിയാണ്. എനിക്ക് ദേഷ്യം ഇരട്ടിച്ചു” ങ്ങേ ചേച്ചീന്നോ ” ഇവനെന്താ കണ്ണ് കാണില്ലേ ?
ഞാൻ രൂക്ഷമായഒന്ന് നോക്കി.
“ദേഷ്യപ്പെടല്ലേ ചേച്ചി വണ്ടിയിൽ കയറാമോ ഒരു കാര്യം പറയാനാ ”
ദേ വീണ്ടും…
പിന്നെ ഒന്നും ആലോചിച്ചില്ല. കണ്ണും പൂട്ടി നല്ലത് രണ്ടു പറഞ്ഞു. എന്നിട്ട് മുൻപോട്ട് നടന്നു.
“ചേച്ചി ”
അവനു കിട്ടിയത് മനസ്സിലായ ലക്ഷണമില്ല. വീണ്ടും തിരിയുമ്പോഴേക്കും ആൻസി വിളിച്ചു.” ഡീ ”
“എടി ഇവൻ എന്നാണേലും മണത്തു പുറകെ വരുവ.. പൊരിഞ്ഞ വെയിലും.. ഞാൻ നടന്നു മടുത്തു നമുക്ക് ഇവന്റെ വണ്ടിയിൽ കയറി സ്റ്റാൻഡിൽ ഇറങ്ങാം”.
വായില് വന്നത് നല്ല സരസ്വതിയാണ്. അത് ഞാൻ അങ്ങോട്ട് വിഴുങ്ങി. മുൻപോട്ട് നടന്നു വീണ്ടും
“ചേച്ചി തെറ്റിദ്ധരിക്കരുത് ഞാൻ ഒരു കാര്യം…
മുഴുമിപ്പിക്കുന്നതിനു മുൻപ് ഞാൻ നിന്നു. സകല നിയന്ത്രണം വിട്ടു. തിരിഞ്ഞു. പെട്ടെന്ന് മനസ്സിൽ ആൻസി പറഞ്ഞതും ശെരിയാ എന്ന് തോന്നി.
“നീ വാടി ”
ഞങ്ങൾ ഓട്ടോയിൽ കയറി
“സ്റ്റാൻഡിൽ വിടു “ഞാൻ പറഞ്ഞു.
ഹാവൂ ചേച്ചി കയറിയല്ലോ.”
തികട്ടി വന്ന ദേഷ്യം കടിച്ചമർത്തി ഇരുന്നു.
“ചേച്ചി ചേച്ചിനെ ഒരാൾക്ക് ഇഷ്ടാണ്അത് നേരിട്ട് പറയാൻ പുള്ളിക്ക് ഒരു മടി. അതിനാ എന്നെ പറഞ്ഞു വിട്ടെ. കുറെ ദിവസമായി ഞാൻ ചേച്ചിയെ സൗകര്യതിനു ഒന്ന് കിട്ടാൻ നോക്കുന്നു. ”
“ഓഹോ അതാരാണാവോ ആ മഹാൻ ?”
“ചേച്ചി നല്ല ആളാ, ചേച്ചിക്ക് ഇഷ്ടാണേൽ നാളെ പുള്ളി നേരിട്ട് വന്നു കാണും. അല്ലാതെ ചമ്മലാ… പിന്നെ ഞാൻ ചേച്ചി എന്ന് വിളിക്കുന്നത് ബഹുമാനം കൊണ്ടാണ്. കാരണം ഈ ഓട്ടോയും ഒക്കെ പുള്ളിടെയാ.. എനിക്ക് ഒരു പണി ഉണ്ടാക്കി തന്നതും പുള്ളിയ. അപ്പൊ ഞാൻ ബഹുമാനിക്കണ്ടേ.. “