ഫസ്റ്റ് നൈറ്റ്
Frist Night bY അഞ്ജലി മേരി
ഇന്ന് എന്റെ നാലാമത്തെ പെണ്ണ് കാണൽ ചടങ്ങ് നടക്കുവാണ്. എന്നുപറഞ്ഞാൽ എന്റെ നാലാമത്തെ ചെറുക്കൻ കാണൽ. നേരത്തെ മൂന്ന് എണ്ണം കഴിഞ്ഞു. മൂന്നും നടന്നില്ല. എന്തരോ എന്തോ. പൊക്കിപ്പറയുവല്ല അത്യാവശ്യം സൌന്ദര്യം ഉള്ള കൂട്ടത്തിലാ ഞാൻ ഇത്തിരി കൂടുതൽ ഉണ്ടോ എന്നും സംശയമുണ്ട്.
എന്തായാലും ഒന്ന് ഒരുങ്ങി നിന്നേക്കാം. ഞാൻ അലീന. ഡിഗ്രി കഴിഞ്ഞു ചുമ്മാ വീട്ടിൽ നില്ക്കുന്നു. അത്യാവശ്യം ടെസ്റ്സ് ഒക്കെ എഴുതാറുണ്ട് ജോലിക്കുവേണ്ടി. പിജി ക്ക് പോവാൻ ഞാൻ വല്യ ഇന്റെരെസ്റ് ഒന്നും കാണിച്ചില്ല. വേറൊന്നും ആയിട്ടല്ല ഡിഗ്രി കഴിയാണതിനു മുൻപ് തന്നെ ക്ലാസ്സ്‌മെറ്റിസിന്റെ പലരുടെയും കല്യാണം കൂടി പണ്ടാരടങ്ങി. എന്നാ നമുക്കും ഒന്നായിക്കളയാം ന്ന് തോന്നി. കെട്ടിച്ചു വിടുവാണേൽ വിടട്ടെ എന്ന് കരുതി. എന്നെ കെട്ടിച്ചു വിട്ടോ എന്ന് അങ്ങിനെ പറയാതെ പറഞ്ഞു വീട്ടിൽ ഞാൻ നിൽക്കുമ്പോഴാണ് ഈ മൂന്നു പെണ്ണ് കാണലും നടന്നത്.
എന്തായാലും സൺഡേ ആയിട്ട് രാവിലെ പള്ളിയിൽ പോയി വന്നു അത്യാവശ്യം നല്ലപോലെ ഒരുങ്ങി നിന്നു. ഒരു പത്ത് പത്തരയോട് കൂടി ചെറുക്കനും കൂട്ടരും എത്തി. ഒരു എത്തിനോക്കൽ ഒരു ശീലം ആയിപ്പോയി. എത്തിനോക്കി.മുകളിൽ നിന്നു നോക്കിയത് കൊണ്ട് ശെരിക്കും മുഖം ഒന്നും കാണാൻ കഴിഞ്ഞില. കുറച്ചു കഴിഞ്ഞപ്പോൾ അമ്മച്ചിയുടെ നീട്ടിയുള്ള വിളിവന്നു. കേള്ക്കാൻ നിന്നത് പോലെ ചായയും കയ്യിലെടുത്തു നേരെ ഹാളിലേക്ക് വച്ചു പിടിച്ചു. മൂന്നു നാലു പേരുണ്ട്.
“ഇങ്ങോട്ട് കൊടുക്ക് മോളെ “അപ്പച്ചൻ പറഞ്ഞയിടത്തേക്ക് പാളി നോക്കി. വടിപോലെ പശമുക്കി തേച്ച വൈറ്റ് ഷർട്ടും മുണ്ടും വേഷം. കട്ടിമീശ, ഇരുണ്ട നിറമാണ്. എന്നാലും ഒരു ചന്തം ഒക്കെയുണ്ട്. ടൌണിൽ ബിസിനസ് ആണ് പുള്ളിക്ക് ഒരു റെഡിമേഡ് ഷോപ്. വീട് എന്റെ വീട്ടിൽ നിന്നും കുറച്ചകലെ ഒരു പന്ത്രണ്ടു കിലോമീറ്റർ വരും..പുള്ളി എന്നെ നോക്കി ഒന്ന് ചിരിച്ചു. ഞാനും ചിരിച്ചു. ചായ കൊടുത്തിട്ട് ഞാൻ അകത്തേക്ക് പോയി.
കുറച്ചു കഴിഞ്ഞപ്പോൾ അമ്മച്ചി വിളിച്ചു.
“ചെല്ല് അവനു സംസാരിക്കണം ന്ന്
അവിടെ വരാന്തയിൽ ഉണ്ട് ”
ഞാൻ പതിയെ അങ്ങോട്ട് ചെന്നു
.” ഞാൻ ജെയിംസ് അലീനക്ക് ഇഷ്ടമായോ ”
ഒരു പുഞ്ചിരി പാസാക്കി ഞാൻ. ചാടിക്കേറി ഇഷ്ടമാ എന്നൊക്കെ പറയാൻ പറ്റുമോ ?പിന്നെ കണ്ടിട്ട് അധികം സംസാരിക്കുന്ന ആള് അല്ലെന്നു തോന്നി
.” ബാക്കിയെല്ലാം വീട്ടുകാർ പറഞ്ഞിരിക്കുമല്ലോ ഇല്ലേ ?”
അടുത്ത ചോദ്യം ഞാൻ തലയാട്ടി. പിന്നെയും മൗനം..
“എന്നാൽ ശെരി “