“സാറേ എന്റെ ഭർത്താവൊരു പാവമാണ് ഉപദ്രവിക്കരുത്. ഒന്നര മണിക്കൂറായി അതിനകത്തേക്ക് കൊണ്ട് പോയിട്ട്. അങ്ങേരവളെ സ്വന്തം അനിയത്തിയായിട്ടാ കണ്ടത്. കള്ളുകുടിച്ചെന്നെ തല്ലുമെന്നല്ലാതെ ഒരുറുമ്പിനെ പോലും കൊല്ലാനുള്ള ധൈര്യമില്ലാത്തവനാ ”
” എന്നിട്ടവരെവിടെ?”
അവർ സ്റ്റേഷനകത്തേക്ക് വിരൽ ചൂണ്ടി.”
പോക്കറ്റിലെ ഫോൺ വൈബ്രേറ്റ് ചെയ്തു.
ഡിസ്പ്ലേയിൽ അരവിന്ദ് കാളിംഗ് എന്നു കണ്ടു.
“ഹലോ ”
“ഹലോ വേദ, നീയെവിടാ?”
“സ്റ്റേഷനിൽ .എന്താടാ ?”
“നീയൊന്ന് സോനയുടെ ലാബിലെത്തണം. ആ സിറിഞ്ചിനേയും മെഡിസിനേയും പറ്റി ഞെട്ടിക്കുന്ന ചില വിവരങ്ങളുണ്ട് നീ വേഗം വരണം ”
ഫോൺ കട്ടായി .
ധൈര്യം സംഭരിച്ച് ഞാൻ എസ്ഐയുടെ ക്യാബിനിലേക്ക് വീണ്ടും കയറി .
“സർ”
എസ്ഐ തലയുയർത്തി
“സർ സുനിതയുടെ ഒരു ബന്ധുവിനെ ഇവിടെ… ”
ഞാൻ പാതിക്കു നിർത്തി.
“ഓഹ് മുരുകേശനെയല്ലേ കുറച്ചു വിവരങ്ങൾ അറിയാനുണ്ട് ഇപ്പോൾ വിടും. ”
ഞാൻ ക്യാബിനിൽ നിന്നിറങ്ങി വന്നപ്പോൾ മുരുകേശ് പുറത്തുണ്ടായിരുന്നു.
“സുനിതയെ കൊന്നിട്ട് എന്റെ തലയിലേക്ക് കെട്ടിവെച്ചിട്ട് സുഖിച്ചങ്ങ് പോയാലോ?”
എന്നെ തടഞ്ഞയാൾ മുന്നിലേക്ക് കയറി. മദ്യത്തിന്റെ ഗന്ധം നന്നായി ഞാനറിഞ്ഞു.
ഞാനയാൾക്കു മറുപടി നൽകാതെ ഇറങ്ങി പോകാൻ തുനിഞ്ഞു.
” അങ്ങനങ്ങ് പോയാലോ, ഇതിന് മറുപടി താ.”
സ്റ്റേഷൻ മുറ്റത്ത് നിൽക്കുന്നവരുടെ ശ്രദ്ധ എന്റെ മേലായി. നാണക്കേടാണോ സങ്കടമാണോ തോന്നിയതെന്ന് നിശ്ചയമില്ല. അയാളുടെ ഭാര്യ ഓടി വന്ന് അയാളെ പിടിച്ചു മാറ്റി.
” നിങ്ങളിങ്ങോട്ട് വന്നേ.”
“പ്ഫാ…..”
നീട്ടിയൊരാട്ടിനൊപ്പം പിടിച്ചൊരു തള്ളും കൊടുത്തു. ആ സ്ത്രീ മണൽ നിറഞ്ഞ മുറ്റത്തേക്ക് തെറിച്ചു പോയി. ഒന്ന് രണ്ട് പോലീസുകാർ ധൃതിവെച്ചു നടന്നു വന്നു.
“എന്താ മാഡം പ്രശ്നം?”
അവയിൽ പ്രായം ചെന്ന പോലീസുകാരൻ ചോദിച്ചു.
“പ്രശ്നം അവർക്കല്ല, ഞങ്ങൾക്കാ. എന്റെ ഭാര്യയുടെ അനിയത്തിയെ കൊന്നിട്ട് അതെന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചതിന് എനിക്ക് പരാതിയുണ്ട്. “