അജ്ഞാതന്‍റെ കത്ത് 4

Posted by

ഫോൺ കട്ട് ചെയ്ത് അടുക്കളയിൽ കയറി. ഒന്നുരണ്ട് ദിവസമായുള്ള ഓട്ടത്തിനിടയിൽ കാര്യമായൊന്നും വയറ്റിൽ എത്താത്തതിനാലാവാം വല്ലാത്ത വിശപ്പും. ഫ്രിഡ്ജിലിരിക്കുന്ന ദോശമാവ് നന്നായി ഇളക്കി ഉപ്പു ചേർത്ത് വെച്ച് ഗ്യാസ് ഓൺ ചെയ്തപ്പോഴാണ് തലേ ദിവസം പാൽഗ്ലാസ് കഴുകാതെ വെച്ചത് ശ്രദ്ധയിൽ പെട്ടത്. പൈപ്പു തുറന്ന് ഗ്ലാസ് കഴുകിയപ്പോൾ വെള്ളത്തിനു ചെറിയ നിറം മാറ്റം. ഒരു കലക്കവെള്ളം നേർപ്പിച്ച കരിങ്ങാലി വെള്ളം പോലെ ചെളിവെള്ളം.പോരാതെ ദുർഗന്ധവും.
വേനലായതിനാൽ കോർപറേഷൻ വെള്ളം മൂന്ന് ദിവസം കൂടുമ്പോഴേ വരാറുള്ളൂ.അതിനാൽ കൂടുതലും കുഴൽക്കിണർ വെള്ളമാണ്. ആയതിനാൽ തന്നെ അടിയിലോട്ട് പോവുംതോറും മണ്ണും ടാങ്കിൽ വരും. അതിന്റെയാവും.
മുറ്റത്തിറങ്ങി കോർപറേഷൻ പൈപ്പിൽ നോക്കി വെള്ളം വരുന്നുണ്ട്. ഇന്നെന്തായാലും വേറൊന്നും നടക്കില്ല. വീട് ക്ലീനിംഗ് തന്നെ നടക്കട്ടെ.
ഗേറ്റു തുറക്കുന്ന ശബ്ദം കേട്ടു .അരവിയാണ്. ദോശ ചുടുന്നതിനിടയിൽ ഞാനവനോട് ശാന്തമായി കാര്യങ്ങൾ പറഞ്ഞു. ഫ്രിഡ്ജിൽ നിന്നെടുത്ത വെള്ളത്തിൽ കുറച്ചു ചായയും ഇട്ടു.

” നീ വല്ലതും കഴിച്ചാർന്നോ? ഇല്ലെങ്കിൽ വാ ”

ഒരു പ്ലേറ്റിൽ രണ്ട് ദോശയും അച്ചാറും അവനു വെച്ചു നീട്ടി ഞാൻ
.
” ഞാൻ കഴിച്ചതാ.നിനക്ക് കമ്പനിക്ക് വേണേൽ ഞാനും കൂടി കഴിക്കാം”

അവൻ പറയുന്നതിനിടയ്ക്ക് ഒരു പീസ് ദോശ വായിലിടുകയും ചെയ്തു. എന്തോ ഒരു വേള ഞങ്ങളുടെ ബാല്യത്തിലേക്ക് പോയി.

” നീ അലോഷി സാറിനെ വിളിച്ചിരുന്നോ? ”

ഇല്ല എന്ന് തലയാട്ടി ഞാൻ.

” അത് എന്ത് പണിയാ?”

അവന്റെ ചോദ്യത്തിന്

”എനിക്കങ്ങേരുടെ നമ്പർ അറിയില്ല.”

എന്ന് പറഞ്ഞ് ഞാൻ കഴിക്കാൻ തുടങ്ങി. അവൻ പോക്കറ്റിൽ നിന്നും ഫോണെടുത്ത് അലോഷ്യസിനോട് കാര്യം പറഞ്ഞു.

” അര മണിക്കൂറിനുള്ളിൽ സാർ എത്താമെന്ന്.”

ഫോൺ കട്ട് ചെയ്ത ശേഷം അവൻ പറഞ്ഞു

“അരവിക്ക് ഇന്നെന്താ പരിപാടി?”

“ഇന്ന് ഫുൾ ബിസിയാണ് മോളെ, ബൈക്കിന്റെ കാര്യത്തിൽ ഇത്തിരി ഓട്ടമുണ്ട്. ഇൻഷുറൻസ് നോക്കണം. സ്റ്റുഡിയോയിൽ കുറച്ചു വർക്കുണ്ട്.
സാർ വരട്ടെ ഞാൻ എന്നിട്ടേ പോവുന്നുള്ളൂ. ”

അരവി കഴിച്ചവസാനിപ്പിച്ചെഴുന്നേറ്റു. വാഷ്ബേസിനിൽ കൈ കഴുകി തുടങ്ങിയപ്പോൾ

“ഇതെന്താ കലക്കവെള്ളം ? “

Leave a Reply

Your email address will not be published. Required fields are marked *