” ഇല്ല മോളെ.അർഹതപ്പെട്ടതല്ലാന്നു തോന്നി. എവിടുന്നേലും മോഷ്ടിച്ചതാവും അതുറപ്പാ ഇത് കണ്ടില്ലെ കത്തി. എനിക്ക് പേടിയാവുന്നുണ്ട്. ”
“പേടിക്കണ്ട. ഇപ്പോ ആളെവിടുണ്ട്.?”
“ഒരു മാസം കഴിഞ്ഞേ ഇനി വരുന്ന് പറഞ്ഞ് രാത്രി പോയി.പോവാൻ നേരം പതിവില്ലാതെ എനിക്ക് 10,000 രൂപ തരേം ചെയ്തു.”
” മുരുകേശിന്റെ നമ്പർ പറഞ്ഞേ ”
ഞാൻ ഗൗരവത്തിലായി.
” അങ്ങേർക്ക് ഫോണൊന്നുമില്ല. ഞാനാണിത് പറഞ്ഞതെന്ന് അങ്ങേർക്കുറപ്പായിരിക്കും. എന്നെ വന്ന് നാല് ഇടി തന്നാലും ഞാൻ സഹിച്ചോളാം. അതിനേക്കാൾ വലുതെന്തോ വരാനിരിപ്പുണ്ടെന്നൊരു തോന്നൽ.”
അവർ പോയി കുറേ കഴിഞ്ഞപ്പോഴാണ് ഞാൻ എഴുന്നേറ്റത്.
വീടിന്റെ കീ അയാളുടെ കൈയിലെത്തണമെങ്കിൽ ഒന്ന് മോഷ്ടിക്കുക, അല്ലെങ്കിൽ സുനിതയുടെ കൈയിൽ നിന്നെടുക്കുക.
രണ്ടാമത്തേതിനാണ് സാധ്യത കൂടുതൽ.വീടിന്റെ ഒരു കീ ഞാൻ ധനുഷ്ക്കോടി പോയപ്പോൾ സുനിതയെ ഏൽപിച്ചിരുന്നു. സുനിതയിൽ നിന്നും അവളുടെ ചേച്ചിയുടെ ഭർത്താവ് വേലായുധൻ എടുത്തതാവും..
ഇനിയൊരു പക്ഷേ സുനിത തന്നെ നൽകിയതാവുമോ? അവളുടെ മുറിയൊന്നു പരിശോധിക്കണം.
ചെയ്തു കൊണ്ടിരിക്കുന്ന ജോലി നിർത്തിവെച്ചു ഞാൻ അവളുടെ മുറി ലക്ഷ്യം വെച്ചു നടന്നു.
അവളുടെ മുറിയെന്നത് എനിക്ക് തീർത്തും അപരിചിതമായതൊന്നായിരുന്നു. ചാരിയിട്ട വാതിൽ തുറന്ന് ഞാനകത്ത് കയറി. ചുളിവുകൾ വീണ ബെഡ്ഷീറ്റും തറയിൽ വീണു കിടക്കുന്ന പുതപ്പും. എന്റെ മനസ് അസ്വസ്ഥമാവാൻ തുടങ്ങി. ചുവരു ചാരിയിട്ട മേശപ്പുറത്ത് കുടിക്കാനെടുത്തു വെച്ച ജഗ്ഗിലെ വെള്ളം മറിഞ്ഞു തറയിൽ തളം കെട്ടിക്കിടക്കുന്നു. ജനവാതിൽ പാളിക്കരികിലായി കുത്തിയണച്ച സിഗരറ്റ് കുറ്റി.
എന്റെ കണ്ണുകൾ കുറുകി. സുനിതയ്ക്കപ്പോൾ സിഗരറ്റ് വലിക്കുന്ന ശീലം ഉണ്ടായിരുന്നോ?
ചിലപ്പോൾ ഉണ്ടാവാം. അടഞ്ഞുകിടന്ന അലമാര തുറക്കാൻ നോക്കി അത് ലോക്കായിരുന്നു.
എന്തിനാണെന്നറിയില്ല ടോയ്ലറ്റിൽ ഒന്നെത്തി നോക്കാൻ തോന്നിയത്.ഭിത്തിയിൽ ഒരു ചോരപ്പാട്. തെറിച്ചു കൊണ്ടതു പോലെ. തറയിലൊന്നും ചോരയുടെ പാടില്ലായിരുന്നു. തറയിൽ വീണു കിടക്കുന്ന സോപ്പു പെട്ടിയും സോപ്പും. അതിന്റെ സൈഡിലായി ഉപയോഗിച്ച ഒരു സിറിഞ്ചും നീഡിലും.
അതെ !
ഇതാ ചെറിയ സിറഞ്ച് തന്നെ.
2 ccസിറിഞ്ചിലും താഴെയുളളത് ‘
പിന്നെ ഓരോ മുക്കും മൂലയും ഞാൻ കണ്ണുകൾ കൊണ്ട് പരതി. ആ മെഡിസിന്റെ ഒരംശം പോലും എവിടെയും കണ്ടില്ല.
എല്ലാറ്റിന്റേയും പിറകിൽ ഒരാൾ മാത്രമാണ്. അവരിലേക്കെത്താൻ മുരുകേശൻ വേണം.
ഞാൻ ഫോണെടുത്ത് അരവിയെ വിളിച്ചു.
” അരവി നീയിറങ്ങിയോ ”
“ഇല്ല ഇറങ്ങാൻ തുടങ്ങുവാ. വേദ നിന്റെ സക്കൂട്ടി എനിക്ക് വേണം.”
” തരാം. നീയിതു വഴി വാ കുറച്ച് സംസാരിക്കാനുണ്ട്..”