താമസം ഹോസ്റ്റലിലേക്ക് മാറ്റണം ഭയന്ന് ജീവിക്കാൻ വയ്യ. ഞാൻ ഫയലുകളെല്ലാം നോക്കി യഥാസ്ഥാനത്ത് വെക്കാൻ തുടങ്ങിയപ്പോൾ കോളിംഗ് ബെല്ലടിഞ്ഞു.
വാതിൽ തുറന്നപ്പോൾ മുന്നിൽ സുനിതയുടെ ചേച്ചി. എന്നെ തള്ളി മാറ്റിയവർ ഹാളിലെക്കു കടന്നു ഭയത്തോടെ വാതിലടച്ചു.
വെള്ളം വേണമെന്ന് ആഗ്യം കാണിച്ചു.
ഫ്രിഡ്ജിൽ നിന്നെടുത്ത വെള്ളം ഗ്ലാസിലേക്ക് പകരാൻ അനുവദിക്കാതെ അവർ കുപ്പിയോടെ വായയിലേക്ക് കമിഴ്ത്തി.
ഭയം കൊണ്ടവരുടെ മുഖം വല്ലാതെ വിളറിയിരുന്നു.
ഞാൻ അവരുടെ ഭാവം കണ്ടമ്പരന്നിരിക്കയായിരുന്നു..
അവർ ചുമലിൽ തൂക്കിയ ബേഗിലെ സാധനങ്ങൾ എനിക്കു മുമ്പിലെ ടീ പോയ്മേൽ കമിഴ്ത്തി.
ടീപ്പോയ്ക്കു മേലെയുള്ളവ കണ്ട് ഞാൻ ഞെട്ടി .
അടുക്കള ജോലിക്കു പോകുന്ന ഇവരുടെ കൈയിൽ ഇത്രയും…….?
രണ്ടായിരത്തിന്റെ മൂന്ന് കെട്ടുകൾ, സോപ്പിൽ പതിച്ചെടുത്ത ഒരു കീയുടെ അടയാളം, പിടിയിൽ രക്തം കട്ടപിടിച്ച ഒരു സ്റ്റീൽ കത്തി, 5,00,000 രൂപയുടെ KTമെഡിക്കൽസിൽ നിന്നുള്ള ഒരു ബിൽ കൂടാതെ ബാംഗ്ലൂർ ടു കൊച്ചി ട്രെയിൻ ടിക്കറ്റ്.
ഞാനെന്തെങ്കിലും ചോദിക്കും മുന്നേ അവർ ഇങ്ങോട്ട് പറഞ്ഞു.
“കുറച്ചു ദിവസമായി അങ്ങേരുടെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ കാണുന്നു. അതിന്റെ കാരണം ഇതാണ് എന്നെനിക്കിന്നു മനസിലായി. ഇതെല്ലാം അങ്ങേരുടെ പഴയ ഇരുമ്പു പെട്ടിയിൽ നിന്നു കിട്ടിയതാ.”
ഞാനാ ബാർ സോപ്പെടുത്തു നോക്കി, പിന്നെ എഴുന്നേറ്റു പോയി വീടിന്റെ കീയെടുത്ത് ബാർ സോപ്പിൽ വെച്ചു.കിറുകൃത്യമായിരുന്നു.
വെറുതെ ഒരു സംശയത്തിന്റെ പേരിൽ ചെയ്തതാണെങ്കിലും എന്റെ ഹൃദയമിടിപ്പു കൂടി.ഒരിക്കൽ പോലും അയാളീ വീട്ടിൽ വന്നതായി ഓർമ്മയില്ല. പിന്നെ ഇതെങ്ങനെ?
“ഇന്നലെ രാത്രി നിങ്ങളുടെ ഭർത്താവ് വീട്ടിലുണ്ടായിരുന്നോ? ”
“ഇല്ല. വീട്ടിലങ്ങനെ സ്ഥിരം വരാറില്ല.”
“ഉം… ”
” വീട്ടിൽ ഞാൻ മിക്കപ്പോഴും തനിച്ചാ. അങ്ങേര് വീട്ടിൽ വരുന്നത് നല്ല കാലിലാ ചിലവിന് മാസം 5000 രൂപ എങ്ങനയായാലും തരും. കുട്ടികളില്ലാത്തത് ഒരു കണക്കിന് ഭാഗ്യമാണെന്ന് തന്നെ ഞാനും കരുതി. വീട്ടുവാടക തന്നെ 4000 രൂപയാണ്.സുനിത ഉള്ളപ്പോ എന്തെങ്കിലും തരുമായിരുന്നു.”
അവർ നിർത്തി.
“ഈ കാശെവിടുന്നാ എന്നറിയോ?”
കാശു ചൂണ്ടി ഞാൻ ചോദിച്ചു.