അരവിയുടെ അച്ഛന്റെ ശബ്ദം. ബൂട്ടുകളുടെ ചടപട ശബ്ദം ഗേറ്റിലേക്ക്.
” നിൽക്കെടാ അവിടെ ”
അരവിയുടെ ആക്രോശം.റോഡിലെവിടെയോ ഒരു ബൈക്ക് സ്റ്റാർട്ടാവുന്ന ശബ്ദം. ഞാൻ പുറത്തെ ലൈറ്റിട്ടു.തൊട്ടടുത്തുള്ള വീടുകളിലൊന്നിൽ ലൈറ്റ് തെളിഞ്ഞു.
മുറ്റത്ത് അരവിയുടെയും അച്ഛന്റേയും ശബ്ദം.
“മോളെ വാതിൽ തുറക്ക് ”
അരവിയുടെ അച്ഛൻ പറഞ്ഞതിനു ശേഷമാണ് ഞാൻ വാതിൽ തുറന്നത്.നടന്ന കാര്യങ്ങൾ ഞാൻ അവരെ പറഞ്ഞു ബോധ്യപ്പെടുത്തി.
സമയമപ്പോൾ രണ്ട് മണി കഴിഞ്ഞിരുന്നു.
” അവർ ആരാണെന്നോ എന്താണെന്നോ അറിയാത്ത സ്ഥിതിക്ക് നീയിനി ഒറ്റയ്ക്കിവിടെ നിൽക്കണ്ട.”
അരവിയുടെ അച്ഛന്റെ നിർദ്ദേശ പ്രകാരം ഞാൻ വീട് പൂട്ടി അവർക്കൊപ്പം ഇറങ്ങി.
അരവിയുടെ വീട്ടിലെത്തിയിട്ടും ഉറക്കം വന്നിരുന്നില്ല.
കുറച്ചു സമയം അരവിയോടൊപ്പം സംസാരിച്ചു.
എത്ര ചിന്തിച്ചിട്ടും അവർ എനിക്കു പിന്നാലെ വന്നതിന്റെ കാരണം മാത്രം അജ്ഞാതമായി കിടന്നു. അജ്ഞാതന്റെ കത്തു പോലെ.
നേരം പുലർന്നതും ഞാൻ വീട്ടിലെത്തി. ഇന്ന് സ്റ്റുഡിയോയിൽ പോവണം. സാമുവൽസാറിന്റെ വീട്ടിൽ പോയി കാറെടുക്കണം. അങ്ങനെ കുറേ കാര്യങ്ങൾ.
ഗേറ്റു കടന്നതേ ഞാൻ ഞെട്ടിപ്പോയി പാതി തുറന്ന വാതിൽ. ഓടിച്ചെന്ന് നോക്കിയ എന്റെ സമനില തെറ്റി അച്ഛന്റെ മരണശേഷം ക്ലീൻ ചെയ്യാൻ മാത്രം മാസത്തിലൊരിക്കൽ തുറക്കാറുള്ള അച്ഛന്റെ ഓഫീസുമുറി തുറന്നിരിക്കുന്നു. ലോക്ക് തകർത്തല്ലാതെ കീ ഉപയോഗിച്ച് തുറന്നിരിക്കുന്നു. മേശയിലും അലമാരയിലും കിടന്ന ഫയലുകളും നിയമ പുസ്തകങ്ങളും മൊത്തം മുറിയിൽ ചിതറി കിടക്കുന്നു.
അച്ഛന്റെയും അമ്മയുടേയും മാലയിട്ട ഫോട്ടോ തറയിൽ വീണ് ചിലന്തിവല പോലെ പൊട്ടിയിട്ടുണ്ട്.
എന്റെ മുറിയിലെ അവസ്ഥയും അതുതന്നെയായിരുന്നു. അലമാരയിൽ അടുക്കി വെച്ച തുണികളും സാമഗ്രികളും കൂടാതെ മുന്നെ ചെയ്ത ഓരോ എപ്പിസോഡിനെ കുറിച്ചുള്ള വിശദ വിവരങ്ങളടങ്ങിയ ഫയലുകളും തറയിൽ ചിന്നി ചിതറിയിരുന്നു.
അതിനിടയിൽ യാദൃശ്ചികമായാണ് ഒരു സിഗരറ്റ് കുറ്റി എന്റെ ശ്രദ്ധയിൽ പെട്ടത്.അതേ സിഗരറ്റ് കുറ്റി ഞാൻ നേരത്തെ സജീവിന്റെ ഫ്ലാറ്റിലും കണ്ടത്. ഞാനത് കർച്ചീഫു വെച്ചെടുത്തു.
സുനിതയ്ക്ക് ഉപയോഗിക്കാൻ കൊടുത്ത മുറിയൊഴികെ ബാക്കിയെല്ലാ മുറികളിലും ആക്രമികളുടെ പരാക്രമം കാണാമായിരുന്നു. എന്തിന് പൂജാമുറിയിലെ വിഗ്രഹങ്ങളും വിളക്കുകളും താലവും വരെ.
അരവിയെ വിളിച്ച് കാര്യം പറഞ്ഞു. മിനിട്ടിനുള്ളിൽ അവൻ സ്ഥലത്തെത്തി.
“വേദ പോലീസിൽ ഒരു കംപ്ലയിന്റെന്തായാലും കൊടുക്കണം”