കൊച്ചിയെത്തിയപ്പോൾ അലോഷ്യസ് ചോദിച്ചു.
” അടുത്ത ജംഗ്ഷനിൽ വിട്ടാൽ മതി”
ഞാൻ പറഞ്ഞു.
ജംഗ്ഷനിൽ ഇറങ്ങി ഓട്ടോ പിടിച്ച് സ്റ്റുഡിയോയിൽ പോയി സ്ക്കൂട്ടി എടുത്തിറങ്ങിയപ്പോൾ സമയം നാലര .വിശപ്പ് തീർന്നിരുന്നു. നേരെ മോർച്ചറിയിലേക്ക് പോയി. സുനിതയുടെ മൃതദേഹം പോസ്റ്റുമോർട്ടം കഴിഞ്ഞിരുന്നെങ്കിലും ബോഡി കൊണ്ടുപോവാൻ അവരുടെ ചേച്ചി മാത്രം പുറത്തുണ്ട്. എന്നെ കണ്ടതും അവർ അടുത്തേക്ക് വന്നു.
“ഞാനിവളെ എങ്ങോട്ട് കൊണ്ടു പോവും? ഇപ്പോൾ താമസിക്കുന്നത് വാടക വീട്ടിലാണ്.”
അവർ കണ്ണു തുടച്ചു. സുനിതയുടെ ബോഡി സ്മശാനത്തിലെത്തിച്ചതിനു ശേഷമാണ് ഞാൻ വീട്ടിലേക്ക് മടങ്ങിയത്.
കൈലാസത്തിലെത്തിയപ്പോൾ ഏട്ട് മണി കഴിഞ്ഞു. സുനിതയുടെ ശൂന്യത പല തവണ എന്നെ നൊമ്പരപ്പെടുത്തി. കുളിച്ച് ഒരു ഗ്ലാസ് പാലെടുത്ത് തിളപ്പിച്ചാറ്റി കുടിച്ച് ഞാൻ കിടന്നു.രണ്ട് ദിവസത്തെ ക്ഷീണമുണ്ട്.നന്നായുറങ്ങണം.
കിടന്നതേ ഓർമ്മയുള്ളൂ.
ഉറക്കത്തിലാഴ്ന്നു പോയി. എന്തോ ദു:സ്വപ്നം കണ്ടാണുണർന്നത്.
ഒരു വലിയ കറുത്ത പൂച്ച എന്നെ ഓടിക്കുന്നു.പുറത്ത് ഏതോ പട്ടിയുടെ നിർത്താതെയുള്ള കുരയും. എന്തോ തട്ടി വീഴുന്ന ശബ്ദം കേട്ടു.അത് വീടിന്റെ മുറ്റത്തു നിന്നാണെന്നു ഞാൻ തിരിച്ചറിഞ്ഞപ്പോഴേക്കും മുറിക്കു വെളിയിൽ ജനലിനരികിൽ ഒരു നിഴലനങ്ങി.
തൊണ്ടയിൽ എന്തോ കുടുങ്ങിയിരിക്കുന്നു. ശബ്ദിക്കാൻ പോലും ഭയം. പുറത്ത് നിൽക്കുന്നത് സ്ത്രീയോ പുരുഷനോ? സ്ത്രീയാണെന്നു തോന്നി. ഫോണെടുത്ത് ശബ്ദമുണ്ടാക്കാതെ ടോയ്ലെറ്റിൽ കയറി അരവിയുടെ നമ്പർ ഡയൽ ചെയ്തു. രണ്ടാം വട്ടം വിളിച്ചപ്പോഴാണ് അവൻ അറ്റന്റ് ചെയ്തത്.
” അരവി വീടിനു പുറത്താരോ ഉണ്ട് ഒന്നിവിടെ വരാമോ?”
ശബ്ദം താഴ്ത്തി ഞാൻ പറഞ്ഞു.
“ആര്?”
” അറിയില്ല. നീയൊന്നു വേഗം വന്നേ. എനിക്ക് പേടിയാവുന്നു.”
“ഇപ്പോ വരാം”
ഫോൺ കട്ടായി നാലു വീടിനപ്പുറം മാറിയാണ് അവൻ താമസിക്കുന്നത്.
ശബ്ദമുണ്ടാക്കാതെ ബെഡ്റൂമിന്റെ മറവ് പറ്റി ഞാൻ ഹാളിലെത്തി. ആ നിഴലപ്പോൾ ഹാളിലെ ജനലരികിലെത്തിയിരുന്നു. ടെറസിൽ ആരുടേയോ കാൽപെരുമാറ്റം പോലെ ഞാൻ
ശ്രദ്ധിച്ചു അത് തോന്നലായിരുന്നില്ല ടെറസിൽ ആരോ ഉണ്ട്. അവർ ഏത് നിമിഷവും വാതിൽ തുറന്നകത്ത് കടക്കാം .എന്നെ കൊലപ്പെടുത്തുകയാവാം അവരുടെ ലക്ഷ്യം.
എന്തിന്?
ഇപ്പോഴും അറിയില്ല. അജ്ഞാതമായ എന്തോ കാരണത്താൽ അവരെന്നെ ഭയക്കുന്നു. ഞാൻ ജീവിച്ചിരിക്കുന്നതവർക്ക് താൽപര്യമില്ല.
ജനലിൽ ഒരു ഒരു ടോർച്ചിന്റെ വെളിച്ചം പതിഞ്ഞു. എവിടെയൊക്കെയോ എന്തോ തട്ടിമറിയുന്ന ശബ്ദം. ടെറസിൽ നിന്നാരോ ചാടിയിറങ്ങി ഓടി.
“ആരടാ അത്?”