അരവിയുടെ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. നേരം പുലർന്നിരുന്നു. ചുറ്റും ഭംഗിയിൽ വെച്ച ചെടിച്ചട്ടികളും പൂക്കളും.അപരിചിതമായ ഒരു സ്ഥലം. വലിയ ആ ഇരുനില കെട്ടിടത്തിന്റെ ഭിത്തിയിലെ പേര് ഞാൻ വായിച്ചെടുത്തു.
‘വാത്സല്യം ചിൽഡ്രൻസ് ഹോം തിരുപനന്തപുരം’
അലോഷ്യസിനെ കാണാനില്ലായിരുന്നു.
“ഇവിടെയെന്താ അരവി ?സർ എവിടെ??”
“അകത്തേക്ക് പോയിട്ടുണ്ട് ഇപ്പോൾ വരും. ഞാൻ കാറിൽ നിന്നിറങ്ങാനിരുന്നപ്പോൾ
അലോഷ്യസ് ഇറങ്ങി വന്നു.
വീണ്ടും യാത്ര തുടർന്നു.
“സജീവിന് ബന്ധുക്കളാരുമില്ല. അയാൾ 18 വയസു വരെ ഇവിടെയാണ് വളർന്നത്.പ്ലസ് ടു കഴിഞ്ഞതിന് ശേഷം ഏതൊക്കെയോ ജോലിക്കൊപ്പം ലാബ് ടെക്നീഷ്യൻ കോഴ്സ് ചെയ്ത് ചെറിയ ഒരു ക്ലിനിക്കിൽ ജോലി ചെയ്തു തുടങ്ങിയപ്പോൾ ഇവിടെ തന്നെയുള്ള ഒരു അന്തേവാസിയെ വിവാഹം ചെയ്യുകയാണുണ്ടായത്. പക്ഷേ അവർ പറഞ്ഞ പേര് തുളസി എന്നല്ല, സജീവിന്റെ ഭാര്യയുടെ പേര് നാൻസി എന്നാണ്. ഇടയ്ക്ക് സജീവും ഫാമിലിയും ഓർഫനേജിൽ വരാറുണ്ടായിരുന്നു എന്നു മാത്രമല്ല രണ്ട് ദിവസം അവിടെ താമസിച്ചിട്ടേ പോകാറുള്ളൂ എന്ന് ഒരു കന്യാസ്ത്രീ പറഞ്ഞു. അവസാനമായി അവർ വന്നത് നാല് വർഷം മുൻപാണെന്നാണ്. അന്ന് തീർത്ഥയുടെ ഒന്നാം പിറന്നാളായിരുന്നു. അതിന് ശേഷം ഇടയ്ക്ക് സജീവ് മാത്രമേ വിളിക്കാറുണ്ടായിരുന്നുള്ളൂവെന്നും ”
അലോഷ്യസ് നിർത്തി.
“ആ വഴിയ്ക്കുള്ള അന്വേഷണം നടക്കില്ല അല്ലേ?”
അരവിയുടെ ചോദ്യം
” ഇല്ല ബോഡിയേറ്റെടുക്കാൻ ബന്ധുക്കളില്ലാത്തതിനാൽ ബോഡി ഇപ്പോഴും മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. സജീവിന്റെ ഭാര്യയും കുഞ്ഞും മരണപ്പെട്ടതിന്റെ തെളിവില്ലാത്തതിനാൽ അനാഥ പ്രേതമായി സംസ്ക്കരിക്കാനും പറ്റില്ല.പിന്നെ കർണാടക റജിസ്ട്രേഷൻ വണ്ടിയുടെ നമ്പർ ഞാൻ ഫോർവേർഡ് ചെയ്തിട്ടുണ്ട്. 12 മണിക്കു മുന്നേ വിവരം കിട്ടും.അതു പോലെ സുനിതയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും. ഇപ്പോൾ നമുക്ക് ഭക്ഷണം കഴിക്കാം.”
തുടർന്ന് വഴിയിലെ ശരവണഭവനിൽ നിന്നും ദോശയും സാമ്പാറും കഴിക്കുമ്പോൾ അലോഷ്യസിന്റെ ഫോൺ ശബ്ദിച്ചു.
“യെസ്… പറയൂ.”
………
“ഒകെ…..”
………
“കിട്ടിയാൽ അറിയിക്കു”
ഫോൺ കട്ടായി .
“ലൊക്കേഷൻ കിട്ടിയില്ലെന്നു .സജീവിന്റെ ഫോൺ സ്വിച്ച്ഡോഫായതിനാൽ ഇപ്പോഴുള്ളത് കിട്ടില്ല എന്ന്. ലാസ്റ്റ് സിഗ്നൽ കിട്ടിയത് ആലപ്പുഴ സിറ്റി ടവറിൽ നിന്നാണ്. ആയതിനാൽ അവർ ഇപ്പോഴും സിറ്റിയിലുണ്ടാവും എന്നത് നമ്മുടെ വെറും ഊഹം മാത്രം.
ഞാനെന്തായാലും അതിന് പിന്നാലെനി പോവുകയാണ്.നിങ്ങൾ എങ്ങനെ പോവും?”