ഹിന്ദി പുസ്തകം വായിക്കുക തുടങ്ങി എന്നെക്കൊണ്ട് ആവുന്ന തരത്തിലുള്ളതെല്ലാം ചെയ്ത് ആറേഴു മാസങ്ങള്‍ കൊണ്ട് ഞാന്‍ ഹിന്ദി സംസാരിക്കാന്‍ പഠിച്ചു. ഞാന്‍ ഹിന്ദിയില്‍ സംസാരിക്കാന്‍ മാത്രമല്ല ചിന്തിക്കാനും തുടങ്ങിയിരുന്നു. ഡിഗ്രി പാസായ എനിക്ക് ദേവു ചേച്ചിയുടെ ഏതോ സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവിന്റെ ശുപാര്‍ശയില്‍ ഒരു കമ്പനിയില്‍ ജോലിയും തരപ്പെട്ട ശേഷം ഞാന്‍ ഡല്‍ഹിക്ക് വീണ്ടും വണ്ടികയറി.
“ഞാന്‍ ചിലപ്പോള്‍ ഒരു ഹിന്ദിക്കാരി പെണ്ണിനെ കെട്ടിയെന്ന് വരും..ഇനിയുള്ള കാലം അവിടാ ജീവിക്കേണ്ടത്..അപ്പോള്‍ അച്ഛനും അമ്മയും കണകുണ പറയരുത്”
പോകുന്നതിനു തലേന്ന് ഞാന്‍ ചുമ്മാ ഒരു നമ്പരിറക്കി നോക്കി.
“എന്നാപ്പിന്നെ മോന്‍ അവിടെത്തന്നെ നിന്നോണം..ഇങ്ങോട്ടെങ്ങാനും അവളെയും കെട്ടിയെടുത്ത് വന്നാല്‍ മുട്ടുകാലു ഞാന്‍ തല്ലിയൊടിക്കും”
തന്തപ്പടി യാതൊരു ദാക്ഷിണ്യവും ഇല്ലാതെയാണ് മറുപടി തന്നത്. അങ്ങേരു തല്ലിയൊടിക്കും എന്ന് പറഞ്ഞാല്‍ അതിനു രണ്ടര്‍ത്ഥം ഇല്ല എന്ന് എനിക്ക് ചെറുപ്പം മുതലേ അറിയാം.
“ചെറുക്കാ വേണ്ടാതീനതിനു പോകല്ലേ..കൊന്നുകളയും ഞാന്‍” അടുത്ത ഭീഷണി അമ്മയുടെ വക ആയിരുന്നു.
“ഉം ദേവു അവിടെ ഉണ്ടല്ലോ..നിന്റെ വിവരമൊക്കെ ഞങ്ങള്‍ അവളില്‍ നിന്നും അറിഞ്ഞോളാം..വല്ല അഭ്യാസവും കാണിച്ചാല്‍ ഞാനങ്ങു വരും..ഓര്‍ത്തോണം” വീണ്ടും തന്തപ്പടിയുടെ ഭീഷണി.
ഹും..ഈ മൂരാച്ചി ഓള്‍ഡ് ജനറേഷന്‍കാര്‍ക്ക് യാതൊരു പുരോഗമന ചിന്തകളും ഇല്ലല്ലോ എന്ന് ഞാന്‍ മനസില്‍ ഓര്‍ത്തു. പൂനത്തെ കണ്ടാല്‍ അച്ഛന്റെയും അമ്മയുടെയും കണ്ണ് ബള്‍ബ് ആകും എന്ന കാര്യത്തില്‍ എനിക്ക് സംശയം ഉണ്ടായിരുന്നില്ല. പക്ഷെ സൌന്ദര്യബോധം ഇല്ലാത്ത ഇവരോട് പറഞ്ഞിട്ട് എന്ത് കാര്യം. പൂനമേ..നീയും ഞാനും തമ്മില്‍ കെട്ടുമോ കെട്ടത്തില്യോ എന്ന് കാലം തെളിയിക്കട്ടെ. ഞാന്‍ മനസ്സില്‍ പറഞ്ഞു.