വിമാനത്തിലേക്ക് പോകാനുള്ള അനോൻസ്മെൻറ് കേട്ടു . ബാഗും തൂക്കി ബോർഡിങ് പാസ് ഗേറ്റിൽ കാണിച്ചു എയ്റോബ്രിഡ്ജിലൂടെ വിമാനത്തിനകത്തേക്കു പ്രവേശിച്ചു.
18എ ആണ് എന്റെ സീറ്റ്. ബാഗ് മുകളിൽ വെച്ച് സീറ്റിൽ ഇരുന്നു . ഹോ….ഒരുവര്ഷവും രണ്ട് മാസവും ഇവിടെ നിന്നത് ആലോചിക്കാൻ വയ്യ . പ്രവാസിയുടെ ജീവിതത്തിൽ ഇത് വലിയൊരു കലയാളവല്ല . പണ്ടൊക്കെ രണ്ടുകൊല്ലത്തിനു ശേഷമേ പോയിരുന്നുള്ളു . ആദ്യമായിട്ടാ ഇത്ര നേരത്തെ . അതിന് കാരണവും ഉണ്ട് . അത് വഴിയേ മനസ്സിലാകും .
വിമാനത്താവളത്തിൽ വിമാനങ്ങൾ പാർക്ക് ചെയ്യുന്നത് വിൻഡോവിലൂടെ നോക്കിഇരിക്കുമ്പോൾ ഒരാൾ എന്റെ അടുത്ത് വന്നിരുന്നു . കാണാൻ സുമുഖൻ കട്ടിമീശ ക്ലീൻഷേവ് വെട്ടിഒതുക്കിയ തലമുടി . പുള്ളി അറിയാതെ ഞാൻ ശ്രദ്ധിച്ചു . മുടി കറുപ്പിച്ചിരിക്കുന്നോ ? ഉണ്ട് കറുപ്പിച്ചിട്ടുണ്ട് . അയാളുടെ മുടി കറുപ്പിച്ചത് ഞാനെന്തിന് നോക്കണം. ഞാനും മുടി കറുപ്പിച്ചാണല്ലോ ഇരിക്കുന്നത് , മാത്രമല്ല അയാളെ പോലെ ഞാനും സുന്ദരനാണ്. തെല്ലൊരു അഹങ്കാരത്തോടെ മസിലും പിടിച്ചു വീണ്ടും പുറത്തേക്കു നോക്കി ഇരുന്നു .
എത്ര എത്ര ആളുകൾ ജീവിതം പച്ചപ്പിടിപ്പിക്കാൻ ഈ എണ്ണകിനിയും നാട്ടിൽ വന്നിറങ്ങുന്നു. ഇനിയും ആ ഒഴുക്കുണ്ടാകില്ല . കാരണം എണ്ണയുടെ വില ഇടിഞ്ഞില്ലേ എന്ന്
ആളുകൾ പറയുമ്പോഴും ഏതെ ക്കെയോ നാട്ടിൽ നിന്നും തൊഴിൽ തേടി ഒത്തിരി പേര് ഇവിടെവന്നിറങ്ങുന്നു.
ദുബായിൽ നിന്നും കോഴിക്കോട് വരെ പോകുന്ന ഈ വിമാനവും അവിടെ നിന്ന് ഒരുപാട് ആളുകളുമായി വീണ്ടും ഇവിടെ വന്നിറങ്ങും.
“ഹലോ”
ശബ്ദം കേട്ട് പുറത്തു നോക്കിഇരുന്നഞാൻ തിരിഞ്ഞു.
“ദുബായിലാണോ”
എന്റെ അടുത്തിരുന്ന യാത്രക്കാരൻ ചോദിച്ചു ?
“അതെ”
എന്റെ ഉത്തരം കേട്ട അയാൾ സ്വയം പരിചയപ്പെടുത്തി.
” ഞാൻ റഫീഖ്…. ദുബായിലാണ് … ഇവിടെ ഒരു കമ്പനിയിൽ സെയിൽസ്മാനായി വർക്ക് ചെയ്യുന്നു.”
“ഹായ് ഞാൻ സലാം”
“എന്താ ജോലി?”
വീണ്ടും അയാളുടെ ചോദ്യം വന്നു.