“ഹരിയെട്ടനും അവളും തമ്മില്‍ എന്തോ കൂടുതല്‍ അടുപ്പം ഉണ്ടായിരുന്നോ എന്നെനിക്ക് സംശയമുണ്ട്..” മുരുകന് മറ്റുള്ളവരെ നോക്കി പറഞ്ഞു.
“പോടാ..നമ്മളോട് അവള്‍ക്കുള്ള അടുപ്പമേ ഹരിയേട്ടനോടും അവള്‍ക്ക് ഉണ്ടായിരുന്നുള്ളൂ..എന്നോട് എല്ലാം പറയുന്ന സ്വഭാവം കല്യാണിക്ക് ഉണ്ടായിരുന്നു..പാവം നമ്മെ വിട്ടു പോയിക്കളഞ്ഞല്ലോ” ദുഖത്തോടെ രോഹിണി പറഞ്ഞു.
“എങ്കില്‍ പിന്നെ ഹരി എവിടെപ്പോയി?” മോഹനന് ചോദിച്ചു.
“അതാ ഞാനും ആലോചിക്കുന്നത്..കൃത്യം അവള് മരിച്ച രാത്രി തന്നെ ഹരിയെട്ടനെ എങ്ങനെ കാണാതായി? ഇനി ഹരിയേട്ടന് വല്ല ആപത്തും..” മഞ്ജുഷ ഭീതിയോടെ മറ്റുള്ളവരെ നോക്കി.
“എന്താ ചേച്ചി ഇത്..ഹരിയേട്ടന് കുറിപ്പ് എഴുതി വച്ചത് കണ്ടിട്ടും സംശയമോ..ഞാന്‍ പോകുകയാണ്..എന്നെ തിരയണ്ട എന്ന് എഴുതി വച്ചിട്ടല്ലേ പോയത്..പക്ഷെ മുരുകന് പറഞ്ഞത് പോലെ കല്യാണിയുടെ മരണവും ഹരിയേട്ടന്റെ തിരോധാനവും തമ്മില്‍ എന്തോ ബന്ധമുണ്ട്..” വസുന്ധര പറഞ്ഞു.
“അതെ..എനിക്കും അങ്ങനെയാണ് തോന്നുന്നത്” മോഹനന് ആലോചനയോടെ പറഞ്ഞു.
“ഞാന്‍ പറഞ്ഞില്ലേ..ഹരിയെട്ടനും കല്യാണിയും തമ്മില്‍ പ്രേമത്തിലായിരുന്നു..” മുരുകന് തന്റെ നിഗമനം തുറന്ന് പറഞ്ഞു.
“ഒന്ന് പോടാ കുരങ്ങാ..പ്രേമം..മണ്ണാങ്കട്ട..കല്യാണിയെ നിനക്ക് അറിഞ്ഞുകൂടാ..അവള്‍ക്ക് ഈ പ്രേമവും കുന്തവും ഒന്നും ഉള്ള ടൈപ്പ് അല്ല..അതല്ലാതെ ഇനി വേറെ വല്ല ബന്ധവും ആണോ എന്ന് എനിക്ക് അറിയില്ല” ശ്രീലക്ഷ്മി ആണ് അത് പറഞ്ഞത്.
“വേറെന്ത് ബന്ധം?” രോഹിണി നെറ്റി ചുളിച്ചു.
“ആണും പെണ്ണും തമ്മില്‍ വേറെ എന്ത് ബന്ധമാണ് ഉണ്ടാകുക..” തുടുത്ത മുഖത്തോടെ ശ്രീലക്ഷ്മി ചോദിച്ചു. എല്ലാവരുടെയും മുഖങ്ങള്‍ തുടുത്തു. മഞ്ജുഷ നാണത്തോടെ വിരല്‍ കടിച്ചു മോഹനനെ നോക്കി.
“ഉം മതി..വാ പോകാം…” സംസാരത്തിന്റെ ദിശയുടെ പോക്കറിഞ്ഞ മോഹനന് എഴുന്നേറ്റ് പോകാനൊരുങ്ങി പറഞ്ഞു.
“ശരിയാ…പോകാം..അത്താഴത്തിനു സമയമായി”
മഞ്ജുഷയും എഴുന്നേറ്റു. രോഹിണിയും ശ്രീലക്ഷ്മിയും ഏറ്റവും ഒടുവിലാണ് എഴുന്നേറ്റത്. മറ്റുള്ളവര്‍ പടികളിറങ്ങി താഴേക്ക് പോയി എന്നുറപ്പാക്കിയ ശേഷം രോഹിണി ശ്രീലക്ഷ്മിയെ നോക്കി.
“പറ..ഏട്ടനും കല്യാണിയും തമ്മില്‍ വേറെ വല്ല ബന്ധവും ഉള്ളത് നീ കണ്ടിട്ടുണ്ടോ?” അവള് ചോദിച്ചു.
“നീ വാ..നമ്മളെ അവര്‍ തിരക്കും..രാത്രി നമുക്ക് ഒരുമിച്ചു കിടക്കാം..അപ്പോള്‍ സംസാരിച്ചാല്‍ പോരെ..”
“ഉം മതി..വാ..”
ഇരുവരും പടികള്‍ ഇറങ്ങി താഴേക്ക് പോയി.