മരുമക്കളില്‍ ചിലര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി ഉണ്ടെങ്കിലും തറവാട്ടിലെ കാരണവന്മാര്‍ കൃഷി കൊണ്ടാണ് ജീവിച്ചിരുന്നത്. തേങ്ങയും കുരുമുളകും നെല്ലും അടയ്ക്കയും വെറ്റിലയും വാഴയും വിവിധയിനം പച്ചക്കറികളും എല്ലാം അവര്‍ കൃഷി ചെയ്തിരുന്നു. കൂടാതെ പത്തോളം പശുക്കളും അതിന്റെ കിടാങ്ങളും തറവാട്ടിലെ വലിയ തൊഴുത്തില്‍ ഉണ്ടായിരുന്നു. ആട്, കോഴി എന്നിവ വേറെയും. പോഷകസമൃദ്ധമായ ആഹാരം മൂലം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നല്ല ശരീര വളര്‍ച്ച ഉണ്ടായിരുന്നു; പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ച. തറവാട്ടിലെ പെണ്ണുങ്ങള്‍ അമ്പലത്തില്‍ പോകുന്നത് കാണാനായിത്തന്നെ നാട്ടുകാര്‍ ഒളിഞ്ഞും തെളിഞ്ഞും നില്‍ക്കുന്നതും ഒരു സാധാരണ സംഭവമായിരുന്നു.
ദേവകിയുടെ കൌമാരപ്രായക്കാരിയായ മകള്‍ കല്യാണിയും പനയന്നൂര്‍ തറവാട്ടിലെ ഒരംഗത്തെപ്പോലെ ആയിരുന്നു. ജാതിയില്‍ താണവളായിരുന്നു എങ്കിലും അഴകില്‍ തറവാട്ടിലെ പെണ്ണുങ്ങളോട് കിടപിടിക്കുമായിരുന്നു കല്യാണി. ഇരുനിറമുള്ള അവളെ എല്ലാവര്‍ക്കും ഇഷ്ടവുമായിരുന്നു. നല്ല പ്രസരിപ്പുള്ള സദാ ചിരിയും കളിയുമായി നടന്നിരുന്ന അവളുടെ പെട്ടെന്നുള്ള മരണത്തില്‍ തറവാട്ടിലെ അംഗങ്ങളും അവളുടെ അമ്മയെപ്പോലെ ദുഖിച്ചു; പ്രത്യേകിച്ച് സ്ത്രീകള്‍.
എന്നും പതിവുള്ള പഞ്ചപാണ്ഡവരുടെ (ബലരാമനെയും നാല് സഹോദരന്മാരെയും നാട്ടുകാര്‍ വിളിക്കുന്ന ഓമനപ്പേരാണ് അത്) വൈകുന്നേരത്തെ മദ്യപാന സദസ്സ് അന്ന് പക്ഷെ ചിരിയും കളിയും ഒന്നും ഇല്ലാതെയായിരുന്നു. പെങ്ങന്മാരെ കല്യാണം കഴിപ്പിച്ച അളിയന്മാര്‍ തറവാട്ടില്‍ തന്നെ ഉണ്ടായിരുന്നു എങ്കിലും, അവരുമായി കൃത്യമായ ഒരു അകലം ബലരാമനും സഹോദരന്മാരും പാലിച്ചിരുന്നു. അതുകൊണ്ട് തന്നെ മദ്യപാനത്തിന് അവരെ ഒരിക്കലും അവര്‍ മറ്റാരെയും ഒപ്പം കൂട്ടുമായിരുന്നില്ല. അളിയന്മാര്‍ക്കും പഞ്ചപാണ്ഡവരെ ചെറിയ പേടി ഉണ്ടായിരുന്നു.
“ഉം..ഏതായാലും അതങ്ങനെ തീര്‍ന്നു..ആ ചെറുക്കന്‍ എങ്ങോട്ടാണാവോ പോയത്..” ബലരാമന്റെ അഞ്ചാമത്തെ അനുജനായ അര്‍ജ്ജുനന്‍ സ്വയമെന്ന പോലെ പറഞ്ഞു.
“എങ്ങോട്ടെങ്കിലും പോട്ടെ..എന്തായാലും അവന്റെ അഭാവം ആ എസ് ഐ അറിഞ്ഞിട്ടില്ല..” ബലരാമന്‍ ആണ് അത് പറഞ്ഞത്.
“അയാള്‍ അറിഞ്ഞാല്‍ എന്താ? ഈ വീട്ടിലുള്ളവര്‍ക്ക് പുറത്ത് പോകാന്‍ അങ്ങേരുടെ അനുമതി വേണോ?” ചോദ്യം ബലരാമന്റെ നേരെ ഇളയ അനുജന്‍ മാധവന്റെ വക ആയിരുന്നു.