കൊച്ചുകൊച്ചു സന്തോഷങ്ങള്‍ 2

Posted by

‘ഏതായാലും ഞാൻ ആ വെല്ലുവിളി ഏറ്റെടുക്കാൻ തന്നെ തീരുമാനിച്ചു. നിലവിലുള്ള ജോലിയേക്കാൾ 1000 ദിർഹംസ് കൂടുതലായിരുന്നു അറബിയുടെ ഓഫർ. അതെനിക്ക് തട്ടിക്കളയാനായില്ല.’

‘ഞാൻ ഓകെ പറഞ്ഞപ്പോൾ അഷ്റഫ്ക്ക പിറ്റേന്നു തന്നെ ഞാനുമായി അറബിയെ കാണാൻ അയാളുടെ ഓഫീസിൽ പോയി. ഒരു പത്തറുപത് വയസ്സു തോന്നിക്കുന്ന മെലിഞ്ഞ അറബി. നരച്ച താടിയും മുടിയും. കണ്ടാൽ നല്ല ആരോഗ്യം തോന്നും. ഒറ്റ നോട്ടത്തിൽ തന്നെ അയാൾക്കെന്നെ ബോധിച്ചെന്ന് തോന്നുന്നു. എന്റെ പാസ്പോർട്ടും ലൈസൻസും രേഖകളുമെല്ലാം പരിശോധിച്ചു. മൂന്നാം ദിവസം അയാളുടെ വീട്ടിലെത്താൻ പറഞ്ഞു.

പറഞ്ഞ ദിവസം ഞാൻ അഷ്റഫ്ക്കായുടെ കൂടെ അറബിയുടെ വീട്ടിലെത്തി. വീട് എന്നല്ല, കൊട്ടാരം എന്നാണ് പറയേണ്ടത്. പുറംകാഴ്ചയിൽ തന്നെ അത്യാഢംബരം നിറ‍ഞ്ഞ ഒരു ഇരുനില വീട്. ദുബൈ നഗരത്തിൽ നിന്നകന്ന് ഒരു തോട്ടത്തിനുള്ളിലാണ് കൊട്ടാരം. നഗരത്തിന്റെ ബഹളങ്ങളൊന്നുമില്ല. മുറ്റത്ത് വിശാലമായ പൂന്തോട്ടം… അതിന്റെ ഇടതുവശത്ത് ഒരു ഔട്ട്ഹൗസ്. അതിലാണെനിക്ക് താമസം.

സുഹൈർ ദോസരി എന്നാണ് അറബിയുടെ പേര്. അങ്ങേർ വീട്ടിലുണ്ടായിരുന്നു. ആദ്യമായി ചെന്ന വകയിൽ നല്ലൊരു സൽക്കാരം കിട്ടി. ഭക്ഷണം കഴിഞ്ഞപ്പോൾ ആഢംബര കാറിന്റെ താക്കോൽ എടുത്ത് അങ്ങേരെനിക്ക് നീട്ടി.

‘വീട്ടുകാർ പറയുന്നതിനനുസരിച്ച് ഇവിടെ നിൽക്കുക. ഏതു സമയവും അവർ പറയുന്നിടത്ത് കൊണ്ടുപോകണം… എന്തെങ്കിലും പരാതിയുണ്ടെങ്കിൽ എന്നോട് പറയണം…’ ദോസരി അറബിയിൽ പറഞ്ഞു. ഞാൻ തലകുലുക്കി സമ്മതിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അഷ്റഫ്ക്ക പോയി. പിന്നാലെ അറബിയും. ഞാൻ താക്കോലും പിടിച്ച് മിഴുങ്ങസ്യാ നിന്നു.

അപ്പോൾ, വീടിന്റെ ഇടതുവശത്തുള്ള വാതിൽ തുറന്ന് ഒരു പെണ്ണ് പുറത്തുവന്നു. ഒരു ഫിലിപ്പീനി. മുപ്പത് വയസ്സു കാണും. അവൾ എന്നോട് മലർക്കെ ചിരിച്ചു. തിരിച്ച് ഞാനും. എനിക്കായി അനുവദിച്ച ഔട്ട്ഹൗസ് മുറി അവൾ തൂത്തു വൃത്തിയാക്കിത്തന്നു. ഒരു കട്ടിലും കിടക്കയും ടെലിവിഷനും ചെറിയൊരു ഫ്രിഡ്ജുമുള്ള മുറി. കൊള്ളാം; അതുവരെയുള്ള എന്റെ ഗൾഫ് ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ ആഢംബരം തന്നെ. കിടക്കയിൽ കിടന്ന് ഞാനൊന്ന് മയങ്ങി.

അന്ന് വൈകുന്നേരം അറബിയുടെ ഭാര്യയും മക്കളുമായി ഷോപ്പിങ്ങിനു പോകണമെന്ന ഫിലിപ്പീനി പെണ്ണ് വന്നു പറഞ്ഞു. ഞാൻ വണ്ടി ഒന്ന് കഴുകിയിട്ടു. അപ്പോൾ, ആ വലിയ വീടിന്റെ വാതിൽ തുറന്ന് പുറത്തുവന്ന ആളെക്കണ്ട് ഞാൻ അമ്പരന്നു. നേരത്തെ പറഞ്ഞില്ലേ, എന്റെ ജീവിതത്തിന്റെ ടേങിംഗ്പോയിന്റായിരുന്നു അത്.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *