മാമി കട്ടകലിപ്പിലാണ്…
“““അത് പിന്നെ ഞാൻ വേണ്ടാ വേണ്ടാന്ന് കുറേ പറഞ്ഞതാടി…. ദാ ഇവനാ എന്നെ നിർബന്ധിച്ച് ഇറക്കിയത്”””
മാമൻ ക്രിസ്ത്യൻ ബ്രദർസിലെ അളിയനായി….
“““ഓ….. നിങ്ങളിങ്ങ് വാ മനുഷ്യാ, ഞാൻ രാസനാതിപൊടി തിരുമ്മി തരാ””””
എന്ന് പറഞ്ഞ് മാമി മാമനേം പിടിച്ച് വലിച്ചുകൊണ്ട് പോയി….. രാസനാതിപൊടി തിരുമ്മാൻ കൊണ്ടോവുന്ന പോക്ക് കണ്ടാൽ പക്ഷെ പോത്തിനെ അറക്കാൻ കൊണ്ടുപോവുന്നത് പോലുണ്ട്…..
പഴയ മരത്തിന്റെ പടികളായത് കൊണ്ട് മാമനും മാമിയും മുകളിലേക്കുള്ള കോണിപ്പടി കയറുന്ന ശബ്ദം ഇവിടെ കേൾക്കാം, അമ്മച്ചനും അമ്മാമ്മയും സീരിയലിന് മുന്നിലും….. അങ്ങനെ ഇന്നത്തെ ദിവസം എനിക്ക് അമ്മയെ ആദ്യമായി ഒറ്റയ്ക്ക് കിട്ടി…. എങ്കിലും എനിക്ക് സംസാരിക്കാനുള്ള ധൈര്യം മാത്രം കിട്ടുന്നില്ല….. ഞാനെന്റെ കൈകുമ്പിളിൽ നിറച്ച ജാംബക്ക അമ്മയ്ക്ക് നേരെ നീട്ടി, പക്ഷേ അമ്മയത് വാങ്ങിയില്ല….. പകരം എന്റെ മുഖത്ത് നോക്കാതെ പിറുപിറുത്തു….
“““ഇത്തിരി സ്വസ്ഥത കിട്ടാനാ ഞാനെന്റെ വീട്ടിലേക്ക് വന്നത്…. ഇവിടേം സ്വൈര്യം തരില്ലാന്ന് വെച്ചാ”””
അമ്മ പിറുപിറുത്തത് ഞാൻ വ്യക്തമായി കേട്ടു…. അമ്മയുടെ ഭാഗത്ത് നിന്നുള്ള വിമുഖത എന്നെ വല്ലാതെ സങ്കടപ്പെടുത്തി…..
“““ഞാനായിട്ട് ആരുടേം സ്വസ്ഥത കെടുത്തുന്നില്ല, ഞാൻ പോയി തരാം”””
അത്രയും പറഞ്ഞ് ജാംബക്ക മുഴുവൻ അമ്മ നിൽക്കുന്നതിന് അടുത്തുള്ള കൽപലകയിൽ വെച്ച് ഞാൻ തിരിഞ്ഞ് നടന്നു….
അടുക്കളയിൽ നിന്ന് നടുമുറ്റത്തിന് അടുത്തേക്കുള്ള ഇടനാഴിയിൽ ഞാനല്പനേരം മറഞ്ഞ് നിന്നു….. അമ്മയെന്താ ചെയ്യുന്നേന്ന് നോക്കാൻ….. എന്റെ പ്രതീക്ഷ തെറ്റിയില്ല, അല്പനേരം എന്തോ ആലോചിച്ച് നിന്ന ശേഷം ഞാൻ വെച്ച ജാംബക്ക ഒരെണ്ണം അമ്മ എടുത്ത് കഴിച്ചു…എനിക്കുറപ്പായിരുന്നു ജാംബക്ക കൊതിച്ചിയായ അമ്മ എന്നോടുള്ള ദേഷ്യം ഞാൻ കൊടുത്ത ജാംബക്കയോട് കാട്ടില്ലെന്ന്….. അമ്മ അത് ഓരോന്നോരോന്നായി എടുത്ത് കഴിക്കുന്നത് കണ്ടപ്പോൾ ഞാനൊരു പുഞ്ചിരിയോടെ തിരിഞ്ഞ് നടന്നു…..