“എത്തിയോ നീ…?
ഫോൺ എടുത്തതെ മറുവശത്തു നിന്ന് ചാരുവിന്റെ ചോദ്യം….
“ആ എത്തി…നീ എവിടെയാ..?
ചുറ്റിനുമൊന്ന് തിരഞ്ഞുകൊണ്ട് ഞാൻ ചോദിച്ചു…
“അഹ് എന്നാ നീ അവിടെകിടന്ന് താളം ചവിട്ടാതെ നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് വാ…ഞാനിവിടെയുണ്ട്…വേഗം വാട്ടോ ട്രെയിൻ വരാൻ സമയമായി.. “
പറഞ്ഞു തീർന്നത് തലക്ക് മേളിലെ സീലിംഗിൽ വെച്ചിരുന്ന സ്പീക്കറിൽ നിന്ന് അനൗൺസ്മെന്റ് വന്നു…അതിൽ പ്ലാറ്റ് ഫോം നമ്പർ നാലിലേക്ക് ഏതോ ട്രെയിൻ വരുന്നുണ്ടെന്ന് കൂടി പറഞ്ഞതും ഞാൻ അകത്തേക്ക് ഓടി…തേടിപിടിച്ചു നാലാമത്തെ ട്രാക്കിലേക്കുള്ള വഴി കണ്ടുപിടിച്ചു…..
“മുടിയാനായിട്ട് ഏതവനാണോ എത്രയും സ്റ്റെപ്പ് പണിതത്…”
ശബരിമലയിലെ പടിക്കെട്ട് കണക്കെയുള്ള സ്റ്റെപ്പോടി ഇറങ്ങുന്നതിനിടയിൽ കണ്ടു ദൂരെ മാറിയൊരു സൈഡിൽ ബാഗും തോളിലിട്ട് ഫോണും നോക്കി നിൽക്കുന്ന ചാരുവിനെ…… ഓടിപ്പാഞ്ഞവളുടെ അടുത്തെത്തിയതും വലിയൊരു ഹോണടിയോടെ ഒരു ട്രെയിൻ ഞങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് വന്നുനിന്നു
“വേഗം വാ…”
ഞാൻ വന്നു നിന്നതേ അവളെന്റെ കയ്യും പിടിച്ചു മുൻപിലുള്ള ആൾക്കൂട്ടത്തിലേക്ക് കയറി…
“ഏഹ്.. അതേ.. ഏതാ ബോഗി നമ്മടെ…?
ട്രെയിൻ കേറാൻ നില്കുന്നവരുടെ ഇടയിലൂടെ തിക്കിതിരക്കി കേറുന്ന ചാരുവിനോട് ഞാൻ ചോദിച്ചു…
മറുപടിയൊന്നുമില്ല…തിരക്കിനിടയിലൂടെ ട്രെയിനിൽ കയറി പറ്റാനുള്ള തന്ത്രപ്പാടിലാണ് കക്ഷി….ഇത് തന്നെ അവസരം മോനെ ആദി….
ഞാൻ പെട്ടെന്ന് അവളുടെ മുൻപിൽ തടസ്സമായി നിന്ന രണ്ടുപേരെ പതിയെ ഷോൾഡറുകൊണ്ട് തട്ടിമാറ്റി ചാരുവിനെ കയറാൻ വഴിയുണ്ടാക്കി കൊടുത്തു…ഹ്മ്മ് ചെറിയൊരു ചിരിയുണ്ടാ മുല്ലപ്പൂ പോലുള്ള മുഖത്ത്…. പിന്നെയാണ് ഞാൻ കണ്ടത് അവൾക്ക് കയറാനായി തട്ടി മാറ്റിയ രണ്ടു പേരുടെ കണ്ണുകൾ എന്നെത്തന്നെ നോക്കി നില്കുന്നത്…പണിയിപ്പോഴേ കിട്ടിയോ ദൈവമേ…