അവരെ വിയർക്കാൻ തുടങ്ങി. സുഷമ ചിരിച്ചു പോയി..
“നീ എന്തിനാ ചിരിക്കുന്നത്?”
“ഹെന്റെ പൊന്നു കള്ള കല്യാണി, സത്യം പറ അമ്മ സേവിച്ചനെ കുറിച്ചല്ലേ ആലോചിച്ചോണ്ടിരുന്നത്…”
സുഷമയുടെ ചോദ്യം കേട്ട് കല്യാണിയമ്മ വല്ലാതെയായി.
“ഹേ… യ്യ്… നീ… എ.. ന്താ ഈ പറയുന്നത്?”..
“കുന്തം… ” സുഷമ കവിള് വീർപ്പിച്ചു കാട്ടി..
എന്നിട്ട് അപ്പുറത്തേക്ക് നടന്നു പോയി. കല്യാണിയമ്മ കുറച്ചു നേരം കൂടി അടുക്കളയിൽ കറങ്ങി നിന്നു. പിന്നെ പതിയെ അപ്പുറത്തേക്ക് ചെന്നു.
അലക്കാനുള്ള തുണികൾ എടുത്തു വാഷിംഗ് മെഷീനിൽ ഇടുവായിരുന്നു സുഷമ. കല്യാണിയമ്മ പതിയെ അവളുടെയടുത്തേക്ക് ചെന്നു. അമ്മ അടുത്തു വന്ന് നിൽക്കുന്നത് കണ്ടിട്ടും സുഷമ മൈൻഡ് ചെയ്തില്ല.
സുഷമയുടെ ശ്രദ്ധ ആകർഷിക്കാൻ തൊണ്ടയനക്കി ശബ്ദമുണ്ടാക്കുകയും, ചുമക്കുകയുമൊക്കെ ചെയ്തു കല്യാണിയമ്മ. ഉള്ളിൽ ചിരിച്ചതല്ലാതെ സുഷമ അങ്ങോട്ട് നോക്കിയതേയില്ല..
ഒടുക്കം കല്യാണിയമ്മ മരുമോളുടെ മുന്നിൽ തോൽവി സമ്മതിച്ചു.
“അത് നിനക്കെങ്ങനെയാ മനസ്സിലായത്?”
“ഏത്?” സുഷമ അറിയാത്ത പോലെ നടിച്ചു.
“അടുക്കളയിൽ വച്ചു നീ പറഞ്ഞത്?” പതിഞ്ഞ താളത്തിലാണ് കല്യാണിയമ്മ പറഞ്ഞത്.
“ഞാനെന്ത് പറഞ്ഞു? ”
“ദേ പെണ്ണേ പൊട്ടൻ കളിക്കല്ലേ.” അവർ ശുണ്ഠിയെടുത്തു..
സുഷമ ചിരിച്ചോണ്ട് അവരുടെ അടുത്തേക്ക് വന്നു. “അമ്പടി കള്ളി അപ്പോൾ സത്യമാണല്ലേ?”
കല്യാണിയമ്മ നാണം കൊണ്ടു മുഖം പൊത്തി. സുഷമ ചിരിച്ചു കൊണ്ടവരെ കെട്ടിപ്പിടിച്ചു.
“പറ പെണ്ണേ നിനക്കെങ്ങനെ മനസ്സിലായി?”
“അത് കഴിഞ്ഞ ഒരാഴ്ചയായി ഞാൻ കാണുവല്ലേ, സന്ധ്യയ്ക്ക് വഴിയിലേക്ക് നോക്കി നിൽക്കുന്നു, ഇടയ്ക്കിടയ്ക്ക് ഫോൺ എടുത്തു വിളിക്കുന്നു.. ”