” ഇക്കൂട്ടത്തിൽ നിങ്ങളാണ് എന്നെ കാണാൻ ആഗ്രഹിച്ചത് എന്ന് ഞാൻ മനസ്സിലാക്കുന്നു. ഭവതിക്ക് എന്താണ് അറിയേണ്ടത്? ”
“എൻ്റെയും രാമെട്ടൻ്റെയും ജീവിതത്തെ പറ്റി. എന്തെങ്കിലും അനർത്ഥം ഉണ്ടാകാതിരിക്കാൻ , പരിഹാരങ്ങൾ ചെയ്യാൻ . അതിനാണ് ഞാൻ വന്നത്.”
“കൊള്ളാം. ജാതകം കൊണ്ടുവന്നുവോ?”
“ഉവ്വ്, പക്ഷേ അത് മലയാളത്തിലാണ് .”
സ്വാമി പുഞ്ചിരിച്ചു. “അത് എനിക്ക് വിഷയമല്ല . ജോതിഷത്തിന് നക്ഷത്രങ്ങളുടെ ഭാഷയെ അറിയേണ്ടതായുള്ളു. ആദ്യം കുട്ടിയുടെ ജാതകം തരൂ. ”
വെപ്രാളത്തിൽ രോഹിണി ബാഗിൽ നിന്നും വ്യാജ ജാതകം എടുത്ത് കൊടുത്തു.
അത് കൈയിൽ വാങ്ങിയ സ്വാമിജി ഒന്ന് മറിച്ച് നോക്കി.
“കുട്ടിയുടെ കൈ നീട്ടു”
രോഹിണി കൈ നീട്ടിയപ്പോൾ സ്വാമിജി കൈ രേഖകൾ നോക്കി. എന്തോ മനസ്സിലായ പോലെ ചിരിച്ചു. എന്നിട്ട് ജാതകം നിലത്തേക്ക് ഇട്ടു.
” എന്നെ പരീക്ഷിക്കുകയാണോ കുട്ടി നീ? ഇത് കുട്ടിയുടേത് അല്ല. ഇങ്ങനെയൊരു ജാതകം ജീവിച്ചിരിക്കുന്ന ഒരു വ്യക്തിക്കും ഇല്ല. കുട്ടിയുടെ നാള് പുണർതം ആണ് അല്ലേ?”
ഞെട്ടിയ രോഹിണി ബാഗിൽ നിന്നും ജാതകം എടുത്ത് പരിശോധിച്ചു. ശരിയാണ്. താൻ കൊടുത്ത ജാതകം വ്യാജമാണ്. അവൾ അവിശ്വസനീയമായി ദാസ്നെയും മീനയെയും നോക്കി. അവരും അങ്ങനെ ഒരു ഭാവം മുഖത്ത് കൊണ്ടുവന്നു. സ്വാമിജിയുടെ കഴിവിലുള്ള വിശ്വാസം രോഹിണിയുടെ മനസ്സിൽ ഊട്ടി ഉറയ്ക്കപ്പെട്ടു. മാപ്പ് പറഞ്ഞ്,അവൾ യദാർത്ഥ ജാതകങ്ങൾ സ്വാമിജിക്ക് കൈ മാറി. അയ്യാൾ അതുമായി സംസ്കൃതത്തിൽ അക്ഷരങ്ങൾ എഴുതിയ ഒരു കവടിയുടെ മുന്നിൽ പോയി ഇരുന്നു. കുറെ കരുക്കൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിക്കളിച്ചു. എന്തോ കണ്ട് പേടിച്ചപോലെ മുഖഭാവം വരുത്തി ഇരുന്നു. എല്ലാം കൂപ്പ് കൈകളുമായി രോഹിണി നോക്കി നിന്നു. മീനയും ദാസനും ഗൗരവം വിടാതെ പിടിച്ച് നിന്നു.
ആകെ നിശബ്ദത നിറഞ്ഞ അന്തരീക്ഷത്തെ ഭേദിച്ച് സ്വാമിയുടെ ശബ്ദം ഉയർന്നു.
“കുട്ടി ഇങ്ങോട്ട് വരാൻ പാടില്ലായിരുന്നു.”
“എന്ത് പറ്റി സ്വാമി ? ” രോഹിണി പേടിയോടെ ചോദിച്ചു.
“ഞാൻ സത്യമേ പറയൂ. പക്ഷേ ഇത്രയും വേദനിപ്പിക്കുന്ന സത്യങ്ങൾ പറയാൻ എനിക്ക് ആഗ്രഹമില്ല.”