റംസി ഫോൺ അവന് കൊടുത്തു.
“ആ ഉമ്മ, അസ്സലാമു അലൈകും.. അവിടെ കാര്യങ്ങൾ എന്തായി? മയ്യെത്തെപ്പോഴാ എടുക്കുന്നെ?” അമീർ ബഹുമാനത്തോടെ ചോദിച്ചു.
” വാ അലൈക്കുമുസ്സലാം റഹ്മതുല്ലാഹി ബറകാതുഹു. മോനേ അവരെ പെട്ടെന്ന് ഇങ്ങോട്ട് വിടൂ. മക്കളെയും മരുമക്കളെയും ഇവിടെ വേണം. റിയാനായെ എന്നിട്ട് നിങ്ങളുടെ ഒപ്പം നിർത്തൂ. ഇല്ലെങ്കിൽ നാട്ടുകാർ എന്ത് പറയും. ഉപ്പ മരിച്ചിട്ട് പോലും തിരിഞ്ഞുനോക്കാത്ത മക്കളാണ് എന്ന് പറയില്ലേ? നിനക്കെന്തു തോന്നുന്നു? ” ഉമ്മ ചോദിച്ചു.
ആ ചോദ്യത്തിന് ആർക്കും ഉത്തരമുണ്ടായില്ല. അമീറിന് സലോമിയെ വിടാനും തോന്നുന്നില്ല. റിയാന ഇവിടെ നിൽക്കട്ടെ എന്ന ഉമ്മയുടെ നിലപാടിൽ സന്തോഷം തോന്നിയെങ്കിലും.
അവൻ പറഞ്ഞു, ” അത് ശരിയാണുമ്മ. മക്കൾ വന്നിലെങ്കിൽ പിന്നെ നാട്ടുകാർ പലതും പറയും. അപ്പോൾ റിയാനത്തയും രഹനത്തയും ഒഴിച്ച് എല്ലാവരും വരട്ടെയല്ലേ..” അവൻ ഒന്നെറിഞ്ഞ് നോക്കി.
രഹന കിടന്നകിടപ്പിൽ നിന്നും എണീറ്റ് അവനെ പ്രതീക്ഷയോടെ നോക്കി.
പക്ഷേ അവിടെ നസി നേരത്തെ എയ്ത അമ്പ് ലക്ഷ്യത്തിൽ തന്നെ കൊണ്ടിരുന്നു.
അമീറിന്റെ ഉമ്മ പറഞ്ഞു, ” അല്ലല്ല… റിയാന വരണ്ട. രഹനയും റംസിയും തീർച്ചയായും വേണമിവിടെ. പിന്നെ സീനത്തിന് ഇനി നാലുമാസം ഇദ്ദ ഇരിക്കേണ്ടതാണ്. അപ്പോൾ ഒരു മാസമെങ്കിലും പെണ്മക്കൾ അടുത്ത് വേണം. പിന്നെ റിയാനക്ക് കൂട്ടായി അവൾക്കൊപ്പം സലോമി നിൽക്കട്ടെ. അതാണ് ഉചിതം. പിന്നെ അവരുടെ മേൽ എപ്പോളും നിന്റെ ഒരു ശ്രദ്ധവേണോട്ടോ…
പിന്നെ എല്ലാ മരുമക്കളും വരണം. ഉച്ചക്ക് കരിപ്പൂർ എയർപോർട്ടിൽ എത്തുന്ന ഫ്ലൈറ്റ്ന് തന്നെ ഇപ്പോളെ ടിക്കറ്റ് എടുത്തോ. ഉസ്താദ് മറുപടി കാത്ത് നിൽക്കുകയാ”
“അല്ലുമ്മ, അവരോട് ചോദിക്കണ്ടേ ടിക്കറ്റ് എടുക്കുന്നതിനു മുമ്പ്?” അമീർ ചോദിച്ചു.
എന്നാൽ മറുവശത്ത് മറുപടി പറഞ്ഞത് അമീറിന്റെ ഉമ്മാക്ക് പകരം ഇത്തവണ ഉപ്പയായിരുന്നു.
“നീ എല്ലാവർക്കും അരമണിക്കൂറിനുള്ളിൽ ടിക്കറ്റ് എടുക്കണം. വരാൻ പറ്റാത്തവർക്കും ടിക്കറ്റ് എടുത്തോ. അവരുടെ വിസ നാളെത്തന്നെ ക്യാൻസൽ ചെയ്യാനുള്ള പരിപാടി നോക്കാം. പിന്നെ അവന് നമ്മുടെ സ്ഥാപനത്തിൽ ജോലിയില്ല. 40 കഴിയുന്നത് വരെ എല്ലാരും ഇവിടെ വേണം. മനസ്സിലായല്ലൊ, ബുദ്ധിമുട്ട് ഉള്ള പുയാപ്ലമാരോട് എന്നെ നേരിട്ട് വിളിക്കാൻ പറ. കേട്ടോ? ടിക്കറ്റ് എടുത്തിട്ട് 30 മിനുട്ട്നുള്ളിൽ എന്നെ വിളിക്കണം. ഉസ്താദിന് മറുപടി കൊടുക്കണം എനിക്ക്. മനസ്സിലായോ? റിയാനയും സലോമിയും അവിടെ നിൽക്കട്ടെ, അതുതന്നെ ആ കുഞ്ഞിന്റെ കാര്യമോർത്താണ്. പിന്നെ ഫൈസലിനെ ഞാൻ നേരിട്ട് വിളിക്കുന്നുണ്ട്. എന്റെ കൂടപ്പിറപ്പിന്റെ മയ്യത്ത് കുളിപ്പിക്കാനും മയ്യത്ത് കട്ടിലെടുക്കാനും ഇവരല്ലാതെ പിന്നെ ആരാ ഉള്ളത്. അപ്പോൾ നീ ഉടനെ ഞാൻ പറഞ്ഞത് ചെയ്തിട്ട് വിളിക്കൂ. അസ്സലാമു അലൈകും ” ഉപ്പ കാൾ കട്ട് ചെയ്തു.