ഓർമ്മകൾക്കപ്പുറം 7 [32B] [Climax]

Posted by

അത് കണ്ടതും അസ്ലനും ബാക്കി ഉള്ളവരും അവനടുത്തേക്ക് ചെന്നു. കാരണം അവർക്ക് അറിയാമായിരുന്നു തങ്ങളുടെ പ്ലാനിങ് പൂർത്തിയാക്കണമെങ്കിൽ ഇപ്പൊ അകത്ത്‌ ആരൊക്കെ ഉണ്ടെന്ന കൃത്യമായ വിവരം കിട്ടണം.

“ഭായ്… ഞാൻ വന്നതിൽ പിന്നെ ആരും ഉള്ളിലേക്ക് പോയിട്ടില്ല. ഈ വീട്ടിൽ നിന്ന് ആകെ പുറത്തേക്ക് ഇറങ്ങുന്നത് മഹീന്തർ മാത്രം ആണ്. ആ ചോട്ടു എന്ന് പറയണ ചെറുക്കൻ ആ വാതിലിന്റെ അവിടെ വരെ മാത്രേ വരൂ. അതും അവൻ വരുന്നതിന് മുന്നേ തന്നെ തല വെളിയിൽ ഇട്ട് നോക്കി ആരുമില്ല എന്നൊക്കെ ഉറപ്പ് വരുത്തിട്ടേ വരൂ.

പിന്നെ ഭായ് വേറൊരു പ്രധാന കാര്യം, ഈ വീടിന്റെ ടെറസിലേക്ക് നമുക്ക് പുറത്ത് നിന്ന് കയറാൻ പറ്റിയാൽ പിന്നെ നമുക്ക് ഒന്നാം നിലയിൽ നിന്ന് ടെറസിലേക്ക് ഉള്ള ഗ്രില്ലിന്റെ വാതിൽ കട്ട്‌ ചെയ്ത് അകത്ത്‌ കയറാൻ പറ്റും. മെയിൻ ഡോർ തകർത്ത് അകത്ത്‌ കയറുന്നതിലും നല്ലത് അതാണ്.” വിവേക് ഇത്ര നേരം അവിടെ ഇരുന്ന് നിരീക്ഷിച്ച കാര്യങ്ങൾ അയാൾക്ക് മുന്നിൽ അവതരിപ്പിച്ചു.

“മ്മ് മെയിൻ ഡോർ തകർത്താൽ അവർ എഴുനേൽക്കാൻ ഉള്ള ചാൻസ് കൂടുതൽ ആണ്. നമ്മൾ അവരെ വളഞ്ഞു കഴിഞ്ഞ് മാത്രം അവർ എഴുന്നേറ്റാൽ മതി അതുവരെ കാര്യങ്ങൾ സൈലന്റ് ആയിരിക്കണം.” അസ്ലൻ നിർദേശിച്ചു.

അവർ ഇരുട്ടിലൂടെ നടന്ന് ആ വീടിന് മുന്നിൽ വെളിച്ചമില്ലാത്ത ഭാഗത്ത്‌ വന്ന് നിന്ന് മുകളിലേക്ക് നോക്കി. ഒന്നാം നിലയിൽ ചെറിയൊരു ബാൽക്കണി പോലെ കാണാം. അതിന് ചുറ്റും എന്നാൽ കമ്പികൊണ്ട് ഒരു ഗ്രിൽ പോലെ കെട്ടിയിട്ടുണ്ട്. അത് വഴി ഉള്ളിൽ കയറാൻ പറ്റില്ല. എന്നാൽ ആ ഗ്രില്ലിൽ പിടിച്ച് കയറിയാൽ ടെറസിൽ എത്താൻ പറ്റിയെക്കും പക്ഷേ സൂക്ഷിച്ചു കയറേണ്ടി വരും. ഒരാൾ അവിടെ എത്തി കഴിഞ്ഞാൽ പിന്നെ ബാക്കി ഉള്ളവർക്ക് കയറുന്നതിൽ ഒരു ബുദ്ധിമുട്ട് ഉണ്ടാവില്ല.

“അഞ്ചു പേരുടെ രണ്ട് ടീം ആയിട്ട് പിരിഞ്ഞു കയറാം… ഒരു ടീം ടെറസിൽ കൂടി കയറി ഉള്ളിൽ എത്തണം. മറ്റേ ടീം അപ്പോഴേക്കും താഴെ വെയിറ്റ് ചെയ്യണം. മുകളിൽ രണ്ട് പേർ എത്തി കഴിഞ്ഞാൽ ഒരാൾ പോയി ടെറസിൽ നിന്ന് ഒന്നാം നിലയിലേക്ക് ഉള്ള ഗ്രിൽ കട്ട്‌ ചെയ്ത് ഉള്ളിൽ കയറണം. മറ്റേ ആൾ ബാക്കി ഉള്ള 3 പേരെ മുകളിൽ എത്താൻ സഹായിക്കണം. അവർ കയറുന്ന സമയത്ത് തന്നെ ഗ്രിൽ കട്ട്‌ ചെയ്ത ആൾ താഴെ വന്ന് മെയിൻ ഡോർ ശബ്ദം ഉണ്ടാക്കാതെ തുറക്കണം. ഉള്ളിൽ കയറിയ ശേഷം മെയിൻ ഡോർ പൂട്ടണം. ഒരേ സമയം മുകളിലും താഴെയും നിന്നുള്ള അറ്റാക്ക് ആണെങ്കിൽ അവർ പെട്ടെന്ന് കീഴടങ്ങാൻ ആണ് ചാൻസ്.” അസ്ലന്റെ ആ പ്ലാൻ എല്ലാവർക്കും സ്വീകാര്യം ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *