ദേവസുന്ദരി 7 [HERCULES]

Posted by

അമ്മ പറഞ്ഞുതന്ന വഴിയിലൂടെ ഞാൻ കാർ പായിച്ചു. അവസാനം ഒരു വലിയ വീടിന് മുന്നിൽ അമ്മ കാർ നിർത്താൻ പറഞ്ഞു.

ബംഗ്ലാവ് പോലെ തോന്നിക്കുന്ന വലിയ ഒരു വീട്. മുഴുവൻ സ്ട്രിങ് ലൈറ്റിനാൽ അലങ്കരിച്ചിരുന്നു അവിടമാകെ. കുറേ ആളുകളുണ്ട് മുറ്റത്തൊക്കെ. അലങ്കാരമൊക്കെ കണ്ടിട്ട് എന്റെ കണ്ണ് തള്ളിപ്പോയി.

” അമ്മ ഇറങ്ങി അകത്തേക്ക് പൊയ്ക്കോ… ഞാൻ കാർ പാർക്ക് ചെയ്തിട്ട് വന്നേക്കാം…”

അമ്മയെ ഇറക്കി ഞാൻ കുറച്ചുമാറി കാർ ഒതുക്കിയിട്ടു.

അലങ്കാരങ്ങൾ നോക്കി നാടന്ന് പയ്യെ ഞാൻ വീടിന്റെ കോമ്പൗണ്ടിലേക്ക് കേറി.

അമ്മ വീട്ടിന്റെ മുന്നിൽ തന്നെ എന്നെയും നോക്കി നിൽക്കുന്നുണ്ട്.

ഞാൻ അമ്മയുടെ അടുത്തേക്ക് നടക്കാൻ തുടങ്ങി.

എന്നാൽ ഒരുനിമിഷം എന്റെ കാലുകൾക്ക് വിലങ്ങുവീണു. ഒരടിപോലും വെക്കാനാവാതെ ഞാൻ അവിടെ തറഞ്ഞുനിന്നു.

ഒരു നീല ഗൗണിൽ ആഭരണങ്ങളൊക്കെ അണിഞ്ഞ് അണിഞ്ഞൊരുങ്ങി നിൽക്കുന്ന അഭിരാമി. അവൾ അതീവ സുന്ദരി ആയിരിക്കുന്നു. ഇളം ചുവപ്പ് നിറമാർന്ന ചുണ്ടുകൾ നനവിൽ തിളങ്ങുന്നുണ്ടായിരുന്നു. വിടർത്തിയിട്ട അവളുടെ പനങ്കുല പോലുള്ള മുടിയിഴകൾ അവിടെ വച്ചിരുന്ന പെടസ്റ്റൽ ഫാനിന്റെ കാറ്റിൽ പാറിപറക്കുന്നുണ്ടായിരുന്നു. അവളുടെ ദേവസൗന്ദര്യത്തിൽ ഭ്രമിച്ചൊരുനിമിഷം ഞാൻ നിന്നുപോയി.

അവളുടെ കാപ്പിപ്പൊടിക്കണ്ണുകൾ എന്നിലേക്ക് വന്ന് പതിക്കുന്നത് ഞെട്ടലോടെ ഞാൻ മനസിലാക്കി.

മനസിൽ ഒരു കുഞ്ഞുറുമ്പോളം മാത്രം അവശേഷിച്ചിരുന്ന പ്രതീക്ഷയും അവസാനിച്ചിരിക്കുന്നു. അവൾ ഇനിയൊരിക്കലും എന്റെയാവില്ല. നാളെ അവളുടെ കല്യാണമാണ്.

മനസിലൂടെ കടന്നുപോയ ചിന്തകളെ ചവിട്ടി മെതിച്ച് ഒരു പുഞ്ചിരിയോടെ ഞാൻ അവൾക്ക് നേരെ നടന്നു.

അവളുടെ മുഖത്ത് വിരിഞ്ഞ പുച്ഛഭാവം കണ്ട് ഒന്ന് ശങ്കിച്ചെങ്കിലും ഞാൻ നടത്തം നിർത്തിയില്ല.

അവളുടെ അടുത്തെത്തി ഒരു ഹാപ്പി മാരീഡ് ലൈഫ് ആശംസ പറയാൻ വാ തുറന്നതും അവൾ പറഞ്ഞത് കേട്ട് ഞാനൊന്ന് നടുങ്ങി.

” കുറച്ചേലും ഉളുപ്പുണ്ടോടോ വിളിക്കാത്ത കല്യാണത്തിന് വരാൻ…! ”

അത്യാവശ്യം ശബ്ദമുയർത്തി തന്നെ ആയിരുന്നു അവൾ അത് ചോദിച്ചത്.

അവിടെ ഉണ്ടായിരുന്ന അത്രയും പേരിലേക്കും അവളുടെ മുഖത്ത് കണ്ട പുച്ഛഭാവം വ്യാപിക്കുന്നത് ഞാൻ അമ്പരപ്പോടെ കണ്ടു.

ഇതിൽപ്പരം അപമാനം വേറെ കിട്ടാനില്ല. അമ്മയുടെ നിർബന്ധത്തിന് വഴങ്ങി വരേണ്ടിയിരുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *