ദേവസുന്ദരി 7 [HERCULES]

Posted by

ഓഫീസിൽനിന്നിറങ്ങി ബാംഗ്ലൂർ നഗരത്തിന്റെ തിരക്കിലൂടെ ഇഴഞ്ഞ് ഫ്ലാറ്റിലെത്തിയപ്പോഴേക്കും ഒരു സമയമായി.

ഫ്ലാറ്റിലേക്ക് കേറുമ്പഴേ കണ്ടു എന്തോ ചർച്ചയിലായിരുന്ന മാതാപിതാക്കളെ…

എന്ത് പറ്റിയോ എന്തോ… അമ്മേടെ മുഖം ഒരുകൊട്ടയുണ്ട്.

എന്നെയൊന്ന് നോക്കുന്നൂടിയില്ല. ഞാൻ അല്ലിയെ ഒന്ന് നോക്കി. പെണ്ണ് ഒന്നും മിണ്ടാണ്ട് അടങ്ങി ഇരിക്കണുണ്ട്.

” എടാ നിനക്കെന്നെയിന്ന് കല്യാണത്തിന് കൊണ്ടോവാൻ പറ്റുവോ… ”

അവരേം നോക്കി സോഫയിൽ ഇരിപ്പുറപ്പിച്ചതെ അമ്മയെന്നെ നോക്കി ചോദിച്ചു.

” അതിനിന്നല്ലല്ലോ നാളെയല്ലേ കല്യാണം..! ”

ഞാൻ സംശയത്തോടെ അമ്മയെ നോക്കി.

അപ്പൊ അതാണ് കാര്യം. ഇന്ന് അച്ഛൻ വരുന്നില്ലാന്ന് പറഞ്ഞുകാണും.

” എന്നാലും സന്ധ്യക്ക്‌ ഒന്നവിടെ കയറിയിറങ്ങാടാ…”

അമ്മ കൊഞ്ചുന്ന പോലെ പറഞ്ഞു.

” എനിക്ക് വയ്യാമ്മേ… അച്ഛനെ കൂട്ടിക്കൂടെ… ”

” അങ്ങേര് വരൂല… നീയൊന്ന് വാ കണ്ണാ… നല്ല മോനല്ലേ… ”

ഹോ എന്താ പത…! പതയിൽ മുക്കിക്കൊല്ലാൻ ആണോ…

“അധികം പതപ്പിക്കണ്ട പോയേക്കാം… ഇനി അതിന് മുഖോം വീർപ്പിച്ച് ഇരിക്കേണ്ട…”

അമ്മയുടെ കവിള് വലിച്ച് വിട്ട് ഞാൻ പറഞ്ഞു. അതോടെ പുള്ളിക്കാരിയുടെ മുഖം തെളിഞ്ഞിട്ടുണ്ട്.

അതിന്റെ പ്രതിഫലനമെന്നോണം കവിളിൽ ചുണ്ട് ചേർത്ത് ഒരു സ്നേഹപ്രകടനവും നടന്നു.

അമ്മയുടെ അടുത്ത കൂട്ടുകാരിയുടെ മോളുടെ കല്യാണം ആണെന്നാണ് പറഞ്ഞത്.  പോകാൻ വല്യ താല്പര്യം ഇല്ലെങ്കിലും അമ്മ ഇടയും എന്ന ഒറ്റക്കാരണം കൊണ്ട് മാത്രമാണ് ഇപ്പൊ ഇതിന് സമ്മതിച്ചിരിക്കുന്നത്.

അല്ലേലും അമ്മയുടെ ഒരാഗ്രഹത്തിനും ഞാനിന്നേവരെ എതിര് നിന്നിട്ടില്ല.

വൈകുന്നേരം കുളിച്ച് റെഡി ആയി ഞാനും അമ്മയും കല്യാണത്തിന് പോകാൻ തയ്യാറായി നിന്നു. അല്ലി വരുന്നു എന്ന് പറഞ്ഞെങ്കിലും അവളോട് നാളെ വന്നാൽ മതിയെന്ന് അമ്മ പറഞ്ഞു. അച്ഛൻ വല്യച്ഛന്റെ അടുത്തൊട്ട് പോയതിനാൽ അല്ലിയെ ജിൻസിയോടൊപ്പം അവളുടെ ഫ്ലാറ്റിൽ ആക്കി ഞങ്ങൾ ഇറങ്ങി.

ബാംഗ്ലൂരിന്റെ തിരക്കിലൂടെ ഞങ്ങളുടെ കറുത്ത എന്റവർ പാഞ്ഞു. കുറച്ച് ദൂരമുണ്ട് കല്യാണവീട്ടിലേക്ക്. അമ്മക്ക് ബാംഗ്ലൂരിലെ വഴിയൊക്കെ കാണാപ്പാടമാണ്. കല്യാണം കഴിഞ്ഞ് കുറേകാലം ഇവിടെ ആയിരുന്നു അച്ഛനും അമ്മേം. അച്ഛനും ഇവിടെ ബിസിനസ്‌ ആയിരുന്നു. അല്ലിയെ കാരിയിങ് ആയപ്പോ ആണ് ഞങ്ങൾ നാട്ടിലേക്ക് പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *