ദേവസുന്ദരി 7 [HERCULES]

Posted by

” എത്ര പ്രായമായാലും ഇതെന്റെ അമ്മ അല്ലാണ്ടാവില്ലല്ലോ…. അമ്മക്കെന്നോടുള്ള സ്നേഹവും അവിടെത്തന്നെ കാണും… ഞങ്ങളിങ്ങനെ ഇടക്ക് സ്നേഹിക്കേം ചെയ്യും… അസൂയപ്പെട്ടിട്ട് കാര്യൊന്നുല്ല മോളേ… ”

ഞാനൊരു ചിരിയോടെ അവളോട് പറഞ്ഞു.

എന്റെ മറുപടികേട്ടവളുടെ മുഖം ഒന്ന് മങ്ങി. അവളുടെ അച്ഛനും അമ്മയും സെപ്പറേറ്റഡ് ആണ്. അവളുടെ ചെറുപ്പം മുതലേ രണ്ടുപേരും എന്നും വഴക്കായിരുന്നു. അതിനിടയിൽ അമ്മയുടെയോ അച്ഛന്റെയോ സ്നേഹം അനുഭവിക്കാൻ അവൾക്കവസരം കിട്ടിയില്ല. അവരോട് അവൾക്ക് വലിയ അറ്റാച്ച്മെന്റ്റ് ഇല്ലതാനും.

ഞാനും ഒരുനിമിഷം വല്ലാതായി. പക്ഷേ ഇന്ന് അവൾക്കൊരു അമ്മയുണ്ട്. അതേ എന്റെ അമ്മ തന്നെ… അമ്മ എന്നോട് പറയുകേം ചെയ്തിരുന്നു തനിക്കിനി നാല് മക്കളാണെന്ന്. അമ്മുവിനെയും അമ്മ സ്വന്തം മോളെപ്പോലെയാണ് കാണുന്നത്.

” ഒന്ന് വരുന്നുണ്ടോ എല്ലാം… മനുഷ്യനിവിടെ വിശന്നു ചാവാറായി…!”

അന്തരീക്ഷമൊന്ന് തണുപ്പിക്കാൻ വായിൽ വന്നതും വിളിച്ച് പറഞ്ഞ് ചാടിയെണീറ്റതും അമ്മയുടെ കയ്യീന്ന് തലക്കിട്ടൊരു കൊട്ട് കിട്ടി. അതോടൊപ്പം കണ്ണുരുട്ടിയുള്ള നോട്ടോം.

വേറൊന്നുവല്ല കുറച്ച് മുന്നേ കഴിക്കാൻ വിളിച്ചപ്പോ ഞാൻ തന്നെയാണല്ലോ പിന്നേ മതിയെന്ന് പറഞ്ഞത്.

എന്തായാലും അത് കണ്ടെല്ലാരും ചിരിച്ചു. എനിക്ക് വേണ്ടിയിരുന്നതും അത് തന്നെയാണല്ലോ..

അച്ഛൻ വല്യച്ഛന്റെ അടുത്തായിരുന്നു. മിക്കവാറും വെള്ളമടിപ്പാർട്ടി ആവും. അങ്ങനാണേൽ പുള്ളിയെ ഇന്നിനി നോക്കണ്ട.

ഞങ്ങൾ നാലുപേരും ഇരുന്ന് കഴിച്ചു. ഇടയ്ക്കിടെ അല്ലിയൊപ്പിക്കുന്ന കുസൃതികൾക്കുള്ളത് അപ്പപ്പോ അമ്മയുടെ കയ്യിൽനിന്നും കിട്ടിബോദിച്ചുകൊണ്ട് ഞങ്ങൾ കഴിച്ചെണീറ്റു.

പിറ്റേന്ന് മുതൽ എന്താണ് സംഭവിച്ചതെന്ന് ഒരുപിടിയുമില്ല. ദിവസങ്ങൾ ഓടിമറയുകയായിരുന്നു. ഇത്രയും ദിവസം താടക അവധിയിൽ ആയിരുന്നു. അവളില്ലാത്തപ്പോൾ അവളുടെ ജോലി കൂടി എന്റേതാണ്. അവൾ എന്നെ അറിയിക്കേണ്ടതായിരുന്നു ലീവ് ആണെന്ന്. അതിനായിരിക്കാം ഒരുപക്ഷെ അന്ന് ഫ്ലാറ്റിലേക്ക് വന്നത്. അന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയല്ലോ. എന്നെ ഇൻഫോം ചെയ്തുകാണും എന്നോർത്ത് ഓഫീസിലെ ആരും ഒന്നും പറഞ്ഞുമില്ല. ഞാനൊട്ട് ചോദിക്കാൻ പോയുമില്ല.

ഒരാഴ്ച കടന്ന് പോയത് അറിഞ്ഞില്ല. ശനിയാഴ്ച ഉച്ചവരെ ഓഫീസ് ഉണ്ടായിരുന്നു. ശെരിക്കും ശനി ലീവ് ആണ്. പക്ഷേ മാനേജർ ശനിയാഴ്ച ഉച്ചവരെ ഓഫീസിൽ വേണം. താടക ഇല്ലാത്ത സ്ഥിതിക്ക് അത് എന്റെ തലയിലാണല്ലോ.

Leave a Reply

Your email address will not be published. Required fields are marked *