ദേവസുന്ദരി 7 [HERCULES]

Posted by

അമ്മയായിരുന്നു വാതിൽ തുറന്നത്. എന്റെ മുഖം കണ്ടപ്പോൾ തന്നെ അമ്മയുടെ മുഖത്തെ ചിരിക്കൊരു മങ്ങലുണ്ടായി.

” എന്താടാ വയ്യേനിനക്ക്… ”

എന്റെ നെറ്റിയിൽ കൈചേർത്ത് അമ്മ എന്നോട് തിരക്കി.

” ഒന്നുല്ലമ്മാ… ചെറിയൊരു തലവേദന… ഇന്ന് കുറച്ചധികം ജോലിയുണ്ടായിരുന്നു… ”

അമ്മ ചോദിച്ചതിനുള്ള മറുപടി കൊടുത്ത് അമ്മയുടെ കവിളിൽ ഒന്ന് വലിച്ചുവിട്ട് ഞാൻ അകത്തേക്ക് കയറി.

” നിനക്കെന്നാ ചായയെടുക്കട്ടെ മോനു.. ”

അമ്മക്ക് വാത്സല്യം കൂടുമ്പോ മാത്രമാണ് മോനു എന്നും അല്ലിയെ മോളു എന്നുമൊക്കെ വിളിക്കുന്നത്. അത് എന്റെ ചുണ്ടിലൊരു ചിരിയായി പടർന്നു.

“ഇപ്പൊവേണ്ടമ്മേ…. ഞാനൊന്ന് കിടക്കട്ടെ…!”

അതും പറഞ്ഞ് റൂമിലേക്ക് നടക്കുമ്പോൾ സോഫയിലിരുന്ന് ചിപ്സിനോട് പോരാടുന്ന അല്ലിയൊന്നെന്നെ മുഖമുയർത്തി നോക്കി.

ഞാൻ റൂമിൽ കയറി കുളിക്കാൻ പോലും നിൽക്കാതെ ബെഡ്ഡിലേക്ക് വീണു. ക്ഷീണം കാരണം ഭാരമേറിയ കൺപോളകൾ താനേ അടഞ്ഞു പിന്നേ സ്വസ്തമായ ഉറക്കത്തിലേക്ക് ഞാൻ യാത്രയായി.

വയ്യ എന്ന് മനസിലായതിനാൽ അല്ലിയുമെന്നേ ശല്യം ചെയ്യാൻ വന്നില്ല.

രാത്രി ഏറെ വൈകി എന്റെ മുടിയിഴയിലൂടെ തഴുകിനീങ്ങിയ ഒരു കയ്യുടെ ചലനമാണെന്നെ ഉറക്കത്തിൽ നിന്നുണർത്തിയത്. കണ്ണ് തുറന്ന് നോക്കുമ്പോൾ അമ്മ ബെഡിൽ ഓരം ചേർന്ന് ഇരിക്കുകയാണ്. ഹാളിൽ നിന്ന് അല്ലിയുടെയും ജിൻസിയുടെയും സംസാരം കേൾക്കാമായിരുന്നു.

” എന്തുറക്കാടാ ചെക്കാ…. സമയമെത്രാ ആയീന്നാ..! വന്നേ എണീറ്റ് കഴിക്കാൻ നോക്ക് ”

” അമ്മയെന്നെ തഴുകിക്കൊണ്ട് പറഞ്ഞു.

” ഇത്തിരികൂടെ അമ്മേ… ”

എന്നും പറഞ്ഞ് ഞാനമ്മയുടെ മടിയിലേക്ക് കേറിക്കിടന്നു.

അമ്മയുടെ മടിയിലിതുപോലെ കിടന്നിട്ട് കുറെയേറെ കാലമായിരിക്കുന്നു. അതോർത്തിട്ടാണോ എന്നറിയില്ല അമ്മയുടെ കണ്ണിലൊരു നീർത്തിളക്കം.

” തലവേദന മാറിയോ കണ്ണാ…! ”

എന്റെ നെറ്റിയിൽ വാത്സല്യം തുളുമ്പിനിന്ന ചുടുചുമ്പനം ചാർത്തി അമ്മ സ്നേഹത്തിന്റെ കേട്ടഴിച്ചുവിട്ടു.

” മ്മ്… ”

അതിനൊന്ന് മൂളി ഞാനമ്മയെ ചേർത്ത് പിടിച്ചു.

എന്നെ തഴുകിയിരുന്ന കൈകളുടെ വാത്സല്യത്തിൽ ലയിച്ച് കിടന്ന എന്നെ അലോസരപ്പെടുത്തിക്കൊണ്ട് അല്ലിയും ജിൻസിയും അങ്ങോട്ടേക്ക് കയറി വന്നു.

” എത്ര വയസായി… നോക്യേ ഒരമ്മക്കുഞ്ഞി… ”

ജിൻസിയെന്നെ കളിയാക്കാനെന്നോണം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *