അരളിപ്പൂന്തേൻ 5 [Wanderlust]

Posted by

ഊണിന് ശേഷം എല്ലാവരെയും കൂട്ടി പറമ്പിലൂടെയുള്ള നടത്തത്തിൽ വഴികട്ടിയായി കണ്ണനുണ്ട്. ഏറ്റവും പുറകിൽ നടക്കുന്ന എന്റെ കൂടെത്തന്നെ ലെച്ചുവും കൂടി. അവളുടെ ഉദ്ദേശം വേറെയാണ്. നടന്നുകൊണ്ടിരിക്കുമ്പോൾ ലെച്ചു കാര്യമായി ടൈപ്പ് ചെയ്യുന്നത് കണ്ടാലറിയാം, എനിക്കുള്ള പണിയാണെന്ന്. മീൻകുളത്തിന് മുന്നിൽ എത്തിയ ഞങ്ങൾക്ക് ചന്ദ്രേട്ടന്റെ വക നല്ലൊരു കൃഷിയനുഭവം പങ്കുവച്ചു. കുളത്തിൽ നിന്നും എല്ലാവർക്കും ചൂണ്ടയിടാനുള്ള അവസരമുണ്ട്. പിടിക്കുന്ന മീനിനെ വൈകുന്നേരത്തെ അത്താഴത്തിന്റെ കൂടെ പൊരിച്ചടിക്കാം. എല്ലാവരും മത്സരിച്ച് ചൂണ്ടയിട്ടു. ക്ഷമ പഠിക്കാൻ ഇതിലും നല്ല മാർഗമില്ല. പക്ഷെ മീൻവളർത്തുന്ന കുളത്തിൽ ചൂണ്ടയിട്ടാൽ ക്ഷമയൊന്നും പഠിക്കില്ല കേട്ടോ, അതിന് ആറ്റിലോ പുഴയിലോ തന്നെ പോണം.. എന്നാലും ഒരു മീനെങ്കിലും ചൂണ്ടയിൽ കൊത്തിയാൽ കിട്ടുന്ന സന്തോഷം വേറെതന്നെയാണ്. ചൂണ്ടയുമായി എന്റെയരികിൽ വന്നുനിന്ന് തുഷാര കിണഞ്ഞു ശ്രമിച്ചെങ്കിലും ഒന്നുപോലും കിട്ടിയില്ല. അപ്പോഴാണ് ലെച്ചുവിന്റെ വക എനിക്കിട്ടൊരു കൊട്ട്…

: സാരമില്ല തുഷാരെ…. നിനക്ക് ഇനി എത്ര അവസരമുണ്ട്.

: ചേച്ചി അങ്ങനൊന്നും പറയണ്ട, ചിലപ്പോ എന്നോടുള്ള ദേഷ്യത്തിന് കുളം തന്നെ വറ്റിച്ചുകളയും

രണ്ടും ഒരമ്മപെറ്റ അളിയന്മാരാണെന്ന് തോനുന്നു. ലച്ചൂ… നിനക്ക് താരാട്ടാ…അവള് രണ്ട് ദിവസം കഴിഞ്ഞാൽ പോകും, പിന്നെ ഞാനേ കാണൂ… ഇങ്ങനെ ഓരോന്ന് മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നപ്പോഴേക്കും എന്റെ ചൂണ്ടയിൽ ആദ്യത്തെ മീൻ കുടുങ്ങി. ആർക്ക് മീൻ കിട്ടിയാലും സന്തോഷം മുഴുവൻ കണ്ണനാണ്. മീൻപിടുത്തമൊക്കെ കഴിഞ്ഞ് വൈകുന്നേരം പിരിയാറായപ്പോഴേക്കും സ്വപ്നേച്ചി എല്ലാവർക്കും ചായയുമായി വന്നു.  ചായയ്ക്ക് ശേഷം എല്ലാവരും ഓരോ താമസസ്ഥലങ്ങളിലേക്ക് പോവാനൊരുങ്ങി. തുഷാരയെ വീട്ടിൽ നിർത്തണമെന്ന് അമ്മയ്ക്ക് ഒരേ വാശിയായിരുന്നു. ഞാൻ വലിയ താല്പര്യം കാണിച്ചില്ലെങ്കിലും മനസ്സിൽ ഒരായിരം പൂത്തിരി ഒന്നിച്ച് ചിതറിത്തെറിച്ചു. എനിക്കറിയാം ലെച്ചു എന്തായാലും അവളെ ഇവിടെത്തന്നെ നിർത്തുമെന്ന്. പക്ഷെ എന്നേക്കാൾ ലോട്ടറി അടിച്ചത് കിച്ചാപ്പിക്കാണ്, അവന്റെ ആഗ്രഹംപോലെ നീതുവിനെ അവന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. നീതുവിന് കിച്ചാപ്പിയെ നന്നായി അറിയാം. കാരണം ദിവസത്തിൽ ഒരുതവണയെങ്കിലും ഞാൻ അവന്റെ പേര് പറയാറുണ്ട്. പിന്നെ സ്നേഹയും നീതുവിന്റെ കൂടെയുള്ളതുകൊണ്ട് അവൾക്ക് പേടിയൊന്നുമില്ല. അല്ലെങ്കിലും പേടിക്കാനൊന്നുമില്ല, എനിക്കറിയില്ലേ എന്റെ കിച്ചാപ്പിയെ, പൊന്നുപോലെ നോക്കും അവൻ.

Leave a Reply

Your email address will not be published. Required fields are marked *