എൻ്റെ കിളിക്കൂട് 9 [Dasan]

Posted by

ഒരു സൈഡ് കടിച്ചു പിടിച്ച് കെട്ടാൻ ശ്രമിക്കുന്നതിനിടയിൽ ഒരു കൈ വന്നു തട്ടി. നോക്കുമ്പോൾ കിളി, എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അടുത്തിരുന്നു.
കിളി :- ഞാൻ കെട്ടി തന്നാൽ ചത്തുപോകുന്നുവെങ്കിൽ പോകട്ടെ.
ഞാൻ:- ചത്തു പോകത്തൊന്നുമില്ല. അങ്ങനെ ചാകണമെങ്കിൽ ഞാൻ ആ വീട്ടിൽ കിടന്ന് ചത്തേനെ. എൻറെ കൈ മുറിഞ്ഞ് രക്തം മുഴുവൻ വാർന്നു പോയി ബോധം പോകുന്നതുവരെ തിരിഞ്ഞുനോക്കാത്ത ആളാണ്. അതും കഴിഞ്ഞ് ഇവിടെ വന്നിട്ട് ബാത്റൂമിലും പുറത്തുമായി കുഴഞ്ഞു വീണിട്ടും തിരിഞ്ഞുനോക്കാത്ത ആള്. എന്നോട് അൽപമെങ്കിലും ദയ തോന്നിയിരുന്നെങ്കിൽ….. വേണ്ട ഞാൻ കൂടുതലൊന്നും പറയുന്നില്ല.
കിളി കൈ കെട്ടി തന്ന മിണ്ടാതെ എഴുന്നേറ്റുപോയി. സിറ്റൗട്ടിൽ കുറെ നേരം അങ്ങനെ ഇരുന്നു. ഏകദേശം മൂന്നര ആയപ്പോൾ ഉറക്കം തൂങ്ങാൻ തുടങ്ങി. ഞാൻ ഫ്രണ്ട് ഡോർ അടച്ച് റൂമിൽ പോയി കിടന്നു. രാത്രിയിൽ ശരിക്കും ഉറങ്ങാൻ കഴിയാത്തതിനാൽ പോയി കിടന്ന് കുറച്ചു കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയി.

ഉണരുമ്പോൾ ചെറിയ രീതിയിൽ കൈ വേദന തുടങ്ങിയിരുന്നു. അപ്പോൾ നേരം ഇരുട്ടിയിരുന്നു, അമ്മുമ്മ വന്നിട്ടുണ്ട്.
അമ്മൂമ്മ :- എന്തു ഉറക്കമാണിത്. കുറെ നേരം ഞാൻ വിളിച്ചു. ജോലിയുടെ പേപ്പർ വന്നല്ലേ? തറവാട്ടിൽ ഉള്ളവർ നിന്നെ അന്വേഷിച്ചിരുന്നു. ഞാൻ ഈ കൈയുടെ വിവരം ഒന്നും പറഞ്ഞില്ല.
ഞാൻ:- അത് നന്നായി. ജോലിയുടെ പേപ്പർ വന്നു ചിലപ്പോൾ രണ്ടു ദിവസം കൊണ്ട് എനിക്ക് പോകേണ്ടിവരും.
അമ്മുമ്മ :- ആ പെൺകുട്ടി പറഞ്ഞല്ലോ കുറച്ചുദിവസം ഉണ്ട് അതിനുള്ളിൽ ചെന്നാൽ മതിയെന്ന്.
അവിടെയും പാര വെച്ചു. അറിയാതെ ഞാൻ പറഞ്ഞു പോയതാണ് അതെങ്ങനെ ആകുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. എന്തിനാണാവോ എന്നെ ഇവിടെ പിടിച്ചു നിർത്തിയിട്ട്.
ഞാൻ:- അങ്ങനെയൊന്നുമില്ല.
ഇത്രയേ പറഞ്ഞുള്ളു, ഏതായാലും പേപ്പറുകൾ ഒക്കെ ശരിയാക്കണം. രാത്രിയിൽ എല്ലാം കഴിഞ്ഞു കിടക്കാൻ നേരം വാതിൽക്കൽ പായ വീണു. ഞാൻ കരുതി ഇവിടെ കിടക്കട്ടെ എന്ന് രാത്രി എന്താണ് പറയാനുള്ളത് എന്ന് പറയിപ്പിക്കണം. അമ്മ മുറിയിൽ കയറി വാതിലടച്ചു. കുറച്ചുകഴിഞ്ഞ് കൂർക്കം വലി കേട്ട് തുടങ്ങി. എൻറെ കൈക്ക് നേരിയ വേദനയുണ്ട്. ഞാൻ എഴുന്നേറ്റു കിളി കിടക്കുന്ന പായയിൽ ചെന്നു, അടുത്തിരുന്നു. അടുക്കളയിൽ നിന്നും വരുന്ന വെട്ടത്തിൽ കണ്ടു, കണ്ണടച്ചു കിടക്കുന്നു. ഞാൻ പതിയെ ആ ചുണ്ടിലെ മുറിവിൽ തൊട്ടു, പെട്ടെന്നവൾ ബൾബ് കത്തുന്നത് പോലെ രണ്ട് കണ്ണുകൾ തുറന്നു ചാടിയെഴുന്നേറ്റു.
ഞാൻ:- കട്ടിലിലേക്ക് കയറി ഇരിക്ക്, എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്.
കിളി :- പറയാനുള്ളതൊക്കെ പകല് പറഞ്ഞു കഴിഞ്ഞതാണ് ഇനി ഒന്നും പറയാനില്ല.
ഞാൻ :- എനിക്ക് പറയാനും കേൾക്കാനും ഉണ്ട്.
കൈക്ക് പിടിച്ചു വലിച്ച് ഞാൻ കട്ടിലിൽ കൊണ്ടുവന്ന ഇരുത്തി.
ഞാൻ:- എന്നോട് എന്താണ് പറയാനുള്ളത് പറയു.
കിളി :- എനിക്ക് ഇയാളോട് ഒന്നും പറയാനില്ല, എനിക്ക് കിടന്നുറങ്ങണം.
ഞാൻ :- ഉറങ്ങേണ്ട വർക്ക് പോയി കിടന്നുറങ്ങാം, ഞാൻ ഉറങ്ങിയിട്ട് നാളുകളായി. പൊയ്ക്കോളൂ. എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയാം.

Leave a Reply

Your email address will not be published. Required fields are marked *