ഒളിച്ചോട്ടം 7 [KAVIN P.S]

Posted by

അവൻ ലൗവ്വറെന്ന് പറഞ്ഞത് കേട്ടതോടെ അനൂന്റെ മുഖം നാണത്താൽ ചുവന്നു തുടുത്തു. അവൾ വിളറിയ മുഖഭാവത്തോടെ ഞങ്ങളെ നോക്കി നിന്നപ്പോൾ ഞാൻ അനൂനെ നോക്കീട്ട് ഇതൊക്കെ എപ്പോ പറഞ്ഞെന്ന് ഞാനവളോട് കൈ കൊണ്ട് ആംഗ്യം കാണിച്ചു.

ഞാൻ അനൂനോട് കൈ കൊണ്ട് ആംഗ്യം കാണിച്ചത് കണ്ട് അമൃത് എന്നെ നോക്കി പറഞ്ഞു. “എന്റെളിയാ നീ കഥകളി ആടണ്ടാ ഞങ്ങളീ കാര്യം എങ്ങനെ അറിഞ്ഞെന്നല്ലേ നിനക്ക് അറിയേണ്ടത്?”

“എടാ ഞാൻ ഓർമ്മയില്ലാതെ കിടന്നപ്പോ എന്തൊക്കെയാ നടന്നേന്ന് ഒന്ന് പറ മച്ചാ” ഞാൻ അമൃതിന്റെ കൈയ്യിൽ പിടിച്ച് കുലുക്കി കൊണ്ട് ചോദിച്ചു.

അതോടെ അമൃത് ബെഡിൽ ചമ്രം പടിഞ്ഞിരുന്ന് കൊണ്ട് പറഞ്ഞ് തുടങ്ങി:

*~*~*~*~*~*~*~*~*~*

“അന്ന് നീ തല്ലു കൊണ്ട് വീണു കിടന്നപ്പോ നീ കിടന്നതിന്റെ തൊട്ടടുത്ത് തന്നെ നിന്റെ ഫോണും ഡിസ്പ്ലേ പൊട്ടി കിടപ്പുണ്ടായിരുന്നു. നിന്നെ അവിടന്ന് പൊക്കിയെടുത്തതിന്റെ കൂട്ടത്തില് നിന്റെ ഫോൺ ഞാനെടുത്ത് പോക്കറ്റിലിട്ടിരുന്നു. കാറില് നിന്നെ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടു പോവുന്ന വഴിയ്ക്ക് നിന്റെ ഫോണിലേയ്ക്ക് ആരോ വിളിക്കുന്നുണ്ടായിരുന്നു. ഡിസ്പ്ലേ പൊട്ടിയത് കൊണ്ട് ആരാ വിളിക്കുന്നേന്ന് അറിയാൻ പറ്റാത്തത് കാരണം ഞാൻ കോൾ എടുത്തില്ലാ. പിന്നേം വിളിച്ചു കൊണ്ടിരുന്നപ്പോ ഞാൻ രണ്ടും കല്പ്പിച്ച് കോൾ എടുത്തു. ‘ഹലോ ആദി എന്താടാ പറ്റിയെന്ന്’ അങ്ങേ തലക്കലേ ഫീമെയിൽ വോയിസ് കേട്ടപ്പോ തന്നെ അനു ചേച്ചിയാ വിളിക്കുന്നേന്ന് എനിക്ക് മനസ്സിലായി. പിന്നെ അപ്പോഴത്തെ നിന്റെ കിടപ്പൊക്കെ കണ്ടപ്പോ ഞാൻ വിചാരിച്ചത് നീ കഴിയാറായെന്നാ അതു പോലെയാ കാറിലൊക്കെ ചോര ആയെ, ഞാനപ്പോ രണ്ടും കല്പ്പിച്ച് അനു ചേച്ചീനോട് നടന്ന കാര്യമൊക്കെ പറഞ്ഞു. നിന്നെ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടു പോവ്വാന്നുള്ള കാര്യവും പറഞ്ഞു. അതോടെ അനു ചേച്ചി അലമുറയിട്ട് കരഞ്ഞ് കൊണ്ട് കോൾ കട്ടാക്കി.

നിന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയ കാര്യം നിന്റെ വീട്ടിൽ വിളിച്ച് പറഞ്ഞപ്പോ അതറിഞ്ഞ് അവരെല്ലാം കരഞ്ഞ് വിളിച്ച് കൊണ്ടാ അമ്മേം അഞ്ജൂം നിന്റെ അച്ഛനുമൊക്കെ ഹോസ്പ്പിറ്റലിലേയ്ക്ക് വന്നേ. അതു കഴിഞ്ഞ് അനു ചേച്ചിയും ഉറക്കെ കരഞ്ഞ് ബഹളം വച്ച് കൊണ്ടാ ഹോസ്പിറ്റലിലേയ്ക്ക് വന്നെ. അപ്പോ നിന്നെ ഒബ്സർവേഷൻ റൂമിലാക്കിയേക്കുവായിരുന്നു. നിന്റെ ചോരയൊലിച്ചുള്ള കിടപ്പ് കണ്ട് ഞങ്ങളെല്ലാവരും ശരിക്കും പേടിച്ചു. രണ്ട് ബോട്ടിൽ ബ്ലഡ് നിനക്ക് കേറ്റേണ്ടിയും വന്നു. അന്ന് രാത്രിയാകാറായപ്പോഴെയ്ക്കും ഡോക്ടറ് വന്നു പറഞ്ഞു പേടിക്കാനൊന്നൂല്ല. മനസ്സിനുണ്ടായ ഷോക്കിന്റെ ഒരു തളർച്ചയേ ഉള്ളൂ അല്ലാതെ ശരീരത്തിനൊന്നും വേറെ പ്രശ്നമില്ലാന്ന്. അത് കേട്ടപ്പോൾ ഞങ്ങളെല്ലാരും സമാധാനിച്ചു. പിറ്റേ ദിവസവും നിനക്ക് ബോധം തെളിയാഞ്ഞത് കണ്ടതോടെ നിന്റെ തലയൊക്കെ സ്ക്കാൻ ചെയ്തു. പക്ഷേ അതിലൊന്നും യാതൊരു വിധ കുഴപ്പോമില്ല. എല്ലാരും ആകെ ടെൻഷനിലായി നിന്നപ്പോ അനു ചേച്ചീം, അമ്മേം ആയിരുന്നു നിർത്താതെ കരഞ്ഞോണ്ടിരുന്നെ രണ്ട് പേരേം സമാധാനിക്കാൻ ഞങ്ങളൊക്കെപ്പെട്ട പാട് ഞങ്ങൾക്കേ അറിയൂ.

Leave a Reply

Your email address will not be published. Required fields are marked *