നീതുവിലേക്ക് ഒരു കടൽ ദൂരം 3 [Sathi]

Posted by

“നമ്മുടെ ഈ ആദ്യ കൂടിച്ചേരൽ അല്പം മദ്യത്തിൻ്റെ ലഹരിയോടെ ആയാലോ ..”

“അതിനെന്താ ആകാമല്ലോ .. നമുക്ക് ടെറസിലേക്ക് പോകാം അവിടെ ആകുമ്പോൾ കൂടുതൽ സൗകര്യമുണ്ട് ”
രൂപേഷ് മറുപടി നൽകി.

കിച്ചനിലെ സ്ത്രീ ജനങ്ങളുടെ സംസാരവും ടെറസിലെ വെള്ളമടിയും തുടങ്ങിയിട്ട് നേരം ഏറെ കഴിഞ്ഞിരുന്നു..

നീതുവിൻ്റെ വീട്ടിലെ വിശേഷങ്ങളും രൂപേഷിൻ്റെ അച്ഛൻ്റെയും അമ്മയുടെയും കാര്യങ്ങളുമെല്ലാം വിജയശ്രീ ചോദിച്ച് മനസ്സിലാക്കി .. തിരികെയുള്ള നീതുവിൻ്റെ ഓരോ ചോദ്യങ്ങൾക്കും വിജയശ്രീ വളരെ ആലോചിച്ചു ശ്രദ്ധിച്ചു മാത്രം മറുപടി പറഞ്ഞു , കാരണം പറയുന്നതെല്ലാം പച്ചക്കള്ളങ്ങൾ ആണെന്ന് അവർക്ക് നന്നായി അറിയാമായിരുന്നു.

പരസ്പരബന്ധമില്ലാത്ത അവരുടെ സംസാരത്തിൽ നീതുവിന് ചെറിയ സംശയങ്ങളും തോന്നി ..

“എൻ്റെ അമ്മയുടെ അതേ രൂപമാണ് ആൻ്റിക്ക് .. ആദ്യമായി ആൻ്റിയെ ഇന്ന് രാവിലെ കണ്ടപ്പോൾ മുതൽ .. സ്വന്തം അമ്മയെ കാണുന്ന ഒരു ഫീൽ ആണ് എനിക്ക് തോന്നിയത് .. പക്ഷേ ആൻ്റി എന്തൊക്കെയോ എന്നോട് മറച്ചു പിടിച്ച് സംസാരിക്കുന്നത് പോലെ എനിക്ക് തോന്നുന്നു .. ചിലപ്പോൾ തോന്നലാവാം”

“അയ്യോ .. ഒന്നുമില്ല മോളേ എല്ലാം മോളുടെ തോന്നലാണ് ..”
വിജയശ്രീ മറുപടി പറഞ്ഞെങ്കിലും അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു.

ആഹാരം കഴിക്കാനായി രൂപേഷിനേയും അങ്കിളിനെയും വിളിക്കാൻ ടെറസിലേക്ക് എത്തിയ നീതു കാണുന്നത് ഒരു കുപ്പിയുടെ മുക്കാൽ ഭാഗത്തോളം കാലിയാക്കി വെച്ചിരിക്കുന്നതാണ്. രൂപേഷ് മദ്യപിക്കുന്നതിനോട് നീതുവിന് എതിർപ്പൊന്നുമില്ല , പക്ഷേ മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ അനുവദിക്കാറുള്ളൂ .. അതും ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ കൂടെ മാത്രം.

നീതുവിൻ്റെ കലിപ്പ് നോട്ടത്തിൽ നിന്ന് തന്നെ കാര്യം മനസ്സിലാക്കിയ രൂപേഷ് പറഞ്ഞു ,

“സോറി .. നീതൂസ്സേ .. ഇന്ന് ഇത്തിരി ഓവർ ആയിപ്പോയി ”

“പോട്ടെ .. മോളെ .. രൂപേഷിന് ആ കൊച്ചിൻ്റെ ഭർത്താവിൻ്റെ കാര്യം ഓർത്ത് നല്ല വിഷമമുണ്ട് .. ”

അങ്കിളിനോട് രൂപേഷ് ഫ്ലാഷ് ബാക്ക് എല്ലാം പറഞ്ഞു എന്ന് നീതുവിന് മനസ്സിലായി.

മറുപടി ഒന്നും നൽകാതെ നീതു പറഞ്ഞു,

“ആഹാരം എടുത്തു വെച്ചിട്ട് കുറച്ചായി, കുഞ്ഞിന് വിശക്കുന്നു എന്നും പറയുന്നു .. ഇതൊന്നു നിർത്തി താഴേക്ക് വന്നിരുന്നു എങ്കിൽ എങ്കിൽ വല്ലതും കഴിക്കാമായിരുന്നു “

Leave a Reply

Your email address will not be published. Required fields are marked *