ഇനി ഞാനുറങ്ങട്ടെ
Eni Njaan Urangatte | Author : Pravasi
ധനു മാസത്തിലെ തണുപ്പേറിയ ഒരു ദിവസം… ലോകം മുഴുവൻ മറ്റൊരു പുതുവർഷം കൂടെ വരവേൽക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം..
ഒരുവർഷം മുൻപത്തെ പുതുവർഷദിനത്തിൽ രേഷ്മയെയും കൊണ്ട് ഒളിച്ചോടി ഒരു ജീവിതം തുടങ്ങുമ്പോൾ ഒരിക്കൽ പോലും കരുതിയില്ല ഈ വർഷത്തെ പുതുവർഷം പുലരും മുൻപേ എല്ലാം തകർന്നവനായി പരുന്തും പാറയുടെ സൂയിസൈഡ് പോയന്റിന്റെ ആഴമളക്കാൻ പോകുമെന്ന്..
അന്നും പരുന്തുംപാറയിൽ മഞ്ഞ് പൊഴിഞ്ഞിരുന്നു.. ഉദിച്ചു നിൽക്കുന്ന പൂർണചന്ദ്രൻ പൊഴിച്ചു തന്ന നിലാവിനെ പോലും തന്നിലേക്ക് എത്താതെ കോടമഞ്ഞു തടഞ്ഞു…
ഇലചാർത്തിൽ നിന്നു ദേഹത്തേക്ക് ഇറ്റ് വീഴുന്ന മഞ്ഞു തുള്ളികളിൽ കുളിർത്തും മുൾചെടികൾ തറഞ്ഞു കേറിയും മഞ്ഞിന്റെ ഈർപ്പത്തിൽ പലവട്ടം വഴുക്കി വീണും ഏറെ ദുഷ്കരമായി എനിക്കീ യാത്ര..
ധനുമാസത്തിലെ രാത്രികൾ എല്ലാം തണുത്ത് മരവിപ്പിക്കാനും മാത്രം മഞ്ഞുതുള്ളി പൊഴിക്കും… പക്ഷെ ഒരൊറ്റ ജീവന് പോലും ജീവജലം നൽകാനാവുമില്ല… സുന്ദരമെങ്കിലും ശാപം നേടിയ ജന്മം.. ശരിക്കും തന്നെപോലെ…
ഈ എല്ലാം അവസാനിക്കാനുള്ള യാത്രയിലെങ്കിലും വേദനിപ്പിക്കാതെ തന്നെ ശാന്തമായി യാത്രയാക്കികൂടെ??
ആരോട് എന്നറിയില്ലെങ്കിലും എന്റെ മനസു പുലമ്പി..
കയ്യിലെ ഫോൺ ഫ്ലാഷ് കോടമഞ്ഞിനിടയിൽകൂടെ വഴി കാണിക്കാൻ ഏറെ ബുദ്ധിമുട്ടുന്നുണ്ട്..
ഏറെ ബുദ്ധിമുട്ടി അവസാനകടമ്പയായ കുത്തനെയുള്ള പാറയുടെ മുകളിലൊന്നു കയറി പറ്റാൻ…രണ്ടു കാലും രണ്ടു കയ്യും പോരാഞ്ഞിട്ട് മാറിലെയും വയറ്റിലെയും ടീഷർട്ട് കുറെയേറെ പാറയിൽ ഉരച്ചു തീർക്കേണ്ടി വന്നു നനഞ്ഞുകിടന്ന പാറക്കു മുകളിലേക്ക് ഒന്ന് എത്തി ചേരാൻ..
വാച്ചിൽ നോക്കിയപ്പോൾ പത്തര… ഇനിയും ഒന്നര മണിക്കൂർ… പുതു വർഷത്തിലെ പ്രതീക്ഷയുടെ പുലരിയിലേക്ക്.. എന്റെ ജീവന്റെ അവസാനപ്രതീക്ഷയായ മരണത്തിലേക്കും…
കയറുന്ന അധ്വാനത്തിന്റെ ക്ഷീണം ഒരൊറ്റ നിമിഷം കൊണ്ടു തീർക്കും മുകളിലെ കാഴ്ചകൾ..
ഒരു വശത്തു എന്നെ ഞാനാക്കിയ എന്റെ ഗ്രാമം ഇരുട്ടിന്റെ കരിമ്പടത്തിൽ പഴക്കം കൊണ്ടുണ്ടായ കീറൽ പോലെ അങ്ങിങ് മങ്ങി മിന്നുന്ന വഴിവിളക്കുകൾ നൽകുന്ന കാഴ്ച…
എന്റെ വീടിനു മുൻപിലിപ്പോളും റാന്തൽ കരിന്തിരി കത്തുന്നുവോ??
മറുവശമാണേൽ രാവുകളിൽ ഉണർന്നിരിക്കുന്ന വേശ്യയെ പോലെ ഇപ്പോളും തെളിഞ്ഞു കത്തുന്ന സോളാർ ലൈറ്റുകളും മിന്നാമിനുങ്ങിനെ പോലെ നീങ്ങുന്ന വണ്ടികളും നിറഞ്ഞ പട്ടണം….
ഒരു നിമിഷം പഴയ ചിന്തകളിലേക്ക് മനസ്സൊന്ന് കടിഞ്ഞാൺ വിട്ട് പാഞ്ഞു..
ഒരുവർഷം മുൻപുള്ള ഒളിച്ചോട്ടവും ഒരുമിച്ചുള്ള ജീവിതവും പ്രണയിക്കുന്നത്ര എളുപ്പമല്ല ജീവിതം എന്ന് പഠിപ്പിച്ച പട്ടിണിയും, തനിച്ചാക്കി വീട്ടുകാർക്കൊപ്പം പോയ പ്രിയതമയും…എല്ലാം..