ആർദ്രം [VAMPIRE]

Posted by

ആമാടപെട്ടിയിൽ നിന്ന് ആഭരണങ്ങൾ ഓരോന്നായി എടുത്ത് അണിഞ്ഞു…. ബാക്കി വന്നത് നീളൻ വാർമുടിയും, സൂര്യനും, ചന്ദ്രനും….

അവളുടെ കുറ്റിരോമങ്ങൾ മാത്രമുള്ള തലയിൽ വാർമുടി കെട്ടുന്നത് എങ്ങനെ എന്ന് ഓർത്ത് ഒരുക്കാൻ വന്നവർ നിന്നു….

“തലയിൽ മുടി വെക്കണ്ട… ആ സൂര്യനും ചന്ദ്രനും
മാത്രം കെട്ടി തന്നാ മതി…”

അവൾ തന്നെ അതിനുള്ള പരിഹാരം
കണ്ടെത്തിയിരുന്നു…. പൊടി പോലെ കറുപ്പ്
കയറിയ അവളുടെ തലയിൽ സൂര്യചന്ദ്രന്മാർ
സ്ഥാനമുറപ്പിച്ചു.. ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞു..

ചിലങ്ക കൈയിൽ പിടിച്ച് അവൾ സ്റ്റേജിലേക്ക്
നടന്നു…….

ചിലങ്ക അപ്പുവിന്റെ നേർക്ക് നീട്ടി ഒരു
കുറുമ്പിചിരിയുമായ് അവൾ ബാക്ക് സ്റ്റേജിൽ വന്ന് ഇരുന്നു…

ആ ചിരിയുടെ അർത്ഥം അവനു മാത്രമേ
മനസ്സിലാകൂ.. അവൻ അവളുടെ മുന്നിൽ മുട്ട്
കുത്തി നിന്നു.. കാൽപാദമെടുത്ത് നെഞ്ചിലേക്ക്
വെച്ച് കണങ്കാലിൽ ചിലങ്ക മുറുക്കി കെട്ടി…
അവൾ തയ്യാറായി……

അഞ്ചു മിനിട്ടിനുള്ളിൽ അവൾ വേദിയിൽ
എത്തി.. തിരശ്ശീല ഉയരുന്നതോടൊപ്പം പതിഞ്ഞ
സ്വരത്തിൽ മഴത്തുള്ളികൾ വീഴുന്ന താളം പരന്നു..

അവൾ ഒരു മയിലായി മാറി… മഴക്കാറു കണ്ട്
മതിമറന്ന് നൃത്തം ചെയ്യുന്ന ഒരു മയിൽ…. അവിടം
ആകെ അവൾ സംഗീതത്തോടൊപ്പം പറന്ന്
നടന്നു… കാഴ്ചക്കാരെ പോലും നിശബ്ദമാക്കും
വിധം ലാസ്യമായിരുന്നു അവളുടെ ഓരോ
ചലനങ്ങളും….

പതുക്കെ സംഗീതത്തിന്റെ ഗതി മാറി….
അവളുടെ നൃത്ത ചുവടുകളുടെ ഝതിയും…..

വേനലിൽ പീലി കൊഴിച്ച് എല്ലാം നഷ്ടപ്പെട്ട മയിലായി മാറിയവൾ… അവിടെ കൂടിയവരിൽ ഒരു തുള്ളി കണ്ണീരെങ്കിലും അവൾ പരത്തി….

പിന്നീട് താളം വീണ്ടും മുറുകി…..

വസന്തത്തിന്റെ സംഗീതം അവിടെ ആകെ
അലയടിച്ചു… ഝതി മുറുകി മുറുകി ഒറ്റ ശ്വാസത്തിൽ അവസാനിച്ചു…. മഴ….
പുറത്ത് മഴക്കാറ് കോരിചൊരിഞ്ഞു…..

ആ മഴയുടെ താളത്തിൽ
അവളുടെ ചിലങ്ക പാടി കൊണ്ടിരുന്നു…….

പെട്ടെന്ന് ആ ചിലങ്ക നിലച്ചു……..

നീട്ടി വലിച്ച ഒരു ശ്വാസത്തോടൊപ്പം അവൾ നിലത്ത് വീണു… വായിൽ നിന്ന് നുരയൊഴുകി…

നിലത്ത് കിടന്ന് അവൾ വിറച്ചു.. ആളുകൾ ഓടി
കൂടി… അനന്തു കാറ് എടുക്കാൻ ഓടി…. അപ്പു
അവളെ കൈയിൽ കോരിയെടുത്ത്
കാറിനടുത്തേക്കും…..

അവളുടെ ഇടംകാലിലെ ചിലങ്ക അഴിഞ്ഞ് വീണു… അവളുമായി ആ കാറ് പാടത്തിന്റെ നടുക്കുള്ള റോഡിലൂടെ തോട് കടന്ന് പാഞ്ഞു….

ഒരു നാട് മുഴുവൻ അവൾക്ക് വേണ്ടി
അന്ന് മനസ്സുരുകി പ്രാർത്ഥിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *