ടൈംമെഷീൻ 2 [KOchoonj]

Posted by

കാർത്തിക്കിന്റെ രൂപവും വേഷവും അയാളിൽ ആശ്ചര്യം ഉണ്ടാക്കി എന്നുള്ളത് ആ മുഖത്തുനിന്നും വ്യക്തമാണ്..
“ശങ്കരാ.. ആരാ ഇതു.. ഇതിനുമുമ്പ് ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ..”
“ഇതു കാർത്തിക്.. ബോംബായിൽ നിന്നാണ്.. നമ്മുടെ നാടിനെക്കുറിച്ചു പഠിക്കാൻ വന്നതാണ്.. താമസിക്കാൻ സൗകര്യം തേടിയപ്പോ ഇങ്ങോട്ടു കൊണ്ടുവരാനാണ് തോന്നിയെ..” ശങ്കരൻ പറഞ്ഞുനിർത്തി..
“അതിനിപ്പോ എന്താ ചെയ്യ.. ഇവിടെ പ്രായമായ രണ്ടു പെണ്കുട്യോള് ഉള്ളതല്ലേ.. പിന്നെ കിഴവനായ ഞാനും.. അങ്ങനുള്ളപ്പോ ഇതെങ്ങനാ ശരിയാവാ ശങ്കരാ..” അയാൾ അല്പം സങ്കോചത്തോടെ പറഞ്ഞു..
“അതിനു പേടിക്കണ്ട.. നല്ല ആളാണ്.. നല്ല വാടകയും തന്നോളും..”
ശങ്കരൻ അതുപറഞ്ഞപ്പോ ആ വൃദ്ധന്റെ മുഖം വിടർന്നു..
“അങ്ങനാണേൽ ശങ്കരന്റെ ഉറപ്പിന്മേൽ ഒരു മുറി കൊടുക്കാം.. പിന്നെ ഞങ്ങൾക്കൊരു ശല്യമായി മാറരുത്.. ” അയാൾ ഒരു താക്കീതെന്നപോലെ പറഞ്ഞു..
“ഇല്ല.. ഞാൻ ഇവിടുണ്ടെന്നുപോലും നിങ്ങളറിയില്ല.. ” കർത്തിക്കാണ് അതു പറഞ്ഞതു..
“പിന്നെ താമസവും മൂന്നുനേരം ഭക്ഷണവും ആയി മാസം അമ്പതു ഉറുപ്പിക തരണം.. ഭക്ഷണം എന്നുവെച്ചാ.. ഇവിടെ എന്തുവെക്കുന്നോ.. അതിലൊരു പങ്കു.. അതേ ഉണ്ടാകു..”
“മതി.. ” കാർത്തിക് ബാഗ് തുറന്നു ഒരു നൂറിന്റെ നോട്ട് എടുത്തു നാരായണമേനോന്റെ നേരെ നീട്ടി.. അതിന്റെ മൂല്യം എത്രത്തോളമുണ്ടെന്നു അയാളുടെ കണ്ണുകൾ വിടർന്നപ്പോൾ മനസിലാക്കാമായിരുന്നു.. അയാൾ അതു രണ്ടുകയ്യും നീട്ടി വാങ്ങി..
“മോളെ ദേവൂ…” അയാൾ അകത്തേക്ക് നോക്കി വിളിച്ചു.. അകത്തുനിന്നും കടന്നുവരുന്ന ദേവയാനി.. ആ സൗന്ദര്യധാമത്തെ വീണ്ടും കണ്ണുകൾ ചൂഴ്ന്നെടുക്കുകയാണ് എന്നു കാർത്തിക്കിന്‌ തോന്നി.
“മോളെ… തെക്കേലെ മുറി ഒന്നു വൃത്തിയാക്ക്.. ഇന്നുമുതൽ ഇയാള് അവിടെയുണ്ടാകും.. ഭക്ഷണോണ്ടാക്കുമ്പോ ഒരാൾക്കുകൂടിവേണ്ടത് തയ്യാറാക്കാൻ പറയൂ ജനാകിയോട്..”
ദേവയാനി കാർത്തിക്കിനെ നോക്കി.. അവൻ അവളെനോക്കി ഒന്നു പുഞ്ചിരിച്ചു..എന്നാൽ അവളുടെ മുഖത്തു പുഞ്ചിരി വിടർന്നില്ല..
“കാർത്തിക്.. എന്നാ ഞാൻ പോകുവാണ്‌..പിന്നെ കാണാം..” ശങ്കരൻ അതും പറഞ്ഞു തിരിഞ്ഞു നടന്നു..
കാർത്തിക് ശങ്കരൻ നടന്നുപോകുന്നത് നോക്കിനിന്നു.
“ശങ്കരേട്ടാ..” പെട്ടെന്ന് എന്തോ ഓർത്തെന്നപോലെ കാർത്തിക് ശങ്കരനെ വിളിച്ചു.. അയാൾ തിരിഞ്ഞു കാർത്തിക്കിനെ നോക്കി. കാർത്തിക് അയാളുടെ അടുത്തേക്ക് ചെന്നു ഒരു നൂറിന്റെ നോട്ടു ആ കൈകളിൽ വെച്ചുകൊടുത്തു.. ശങ്കരൻ അതിശയത്തോടെ കാർത്തിക്കിനെ നോക്കി.. അയാളുടെ കണ്ണുകളിൽ ജലകണങ്ങൾ രൂപപ്പെടാൻ തുടങ്ങുന്നപോലെ..
“കാർത്തിക്.. ഇതു… വൈകിട്ടുവരെ എല്ലുമുറിയെ പണിയെടുത്താൽ ഒരുദിവസത്തെ കൂലി ഈ നാട്ടിൽ രണ്ടു രൂപയാണ്.. അങ്ങനുള്ളപ്പോ ഇതു വലിയ തുകയാണ്.. അതിനുമാത്രം ഞാൻ ഒന്നും ചെയ്തിട്ടില്ല..”
“അതു സാരില്ല.. ഉള്ളപ്പഴല്ലേ തരാൻ പറ്റൂ.. അതുമല്ല.. ശങ്കരേട്ടന്റെ ഉറപ്പിന്റെ പുറത്താ എനിക്കിവിടെ സൗകര്യം കിട്ടിയതു..”
“ഞാനിതു മേടിക്കില്ലായിരുന്നു.. പക്ഷെ വീടിനെക്കുറിച്ചാലോജിക്കുമ്പോ തിരിച്ചുതരാൻ തോന്നുന്നില്ല.. എന്താവശ്യമുണ്ടേലും എന്നെ വിളിക്കാം.. എന്നാൽ കഴിയുന്നത് ഞാൻ ചെയ്തുതരാം..” അതു പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..
“അങ്ങനൊന്നും ഓർക്കണ്ടാ.. ഇതെന്റെ സന്തോഷമായി കൂട്ടിയാൽ മതി.. “

Leave a Reply

Your email address will not be published. Required fields are marked *