“ഞാൻ നടത്തിക്കൊള്ളും.”
“നാറി.. നാണമില്ലല്ലോ നിനക്ക്. വിവേക് അറിയണ്ട നീ എന്നോട് സംസാരിക്കുന്ന കാര്യങ്ങൾ.”
“ഓഹ്.. ഏട്ടനറിയാം എനിക്ക് നിന്റടുത്തു ഒരു പരുതിവരെ ഒന്നിനും ലൈസൻസ് ഇല്ലെന്ന്.”
നവീനെ പരിചയപ്പെട്ട കാലം മുതലേ കാവ്യയും നവീനും തമ്മിലുള്ള ഒരു സാധാ സൗഹൃദത്തിന് അപ്പുറമുള്ള ബന്ധത്തെ കുറിച്ച് ആകാശിന് അറിയാം. അത് അറിഞ്ഞു കൊണ്ട് തന്നെയാണ് അവൻ കാവ്യയുമായി പ്രണയത്തിലായതും.
അടുത്ത ജംഗ്ഷനിൽ എത്തിയപ്പോൾ അവരെയും കാത്ത് ഒരു വെള്ള സ്വിഫ്റ്റ് കാറിന്റെ ബോണറ്റിൽ ചാരി ആകാശ് നിൽപ്പുണ്ടായിരുന്നു. മൂന്നു മാസങ്ങൾക്ക് ശേഷം ആകാശിനെ കണ്ടപ്പോഴേ കാവ്യയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു.
കാറിൽ നിന്നും ഇറങ്ങിയ നവീൻ കുറച്ച് സൗഹൃദ സംഭാഷണങ്ങൾക്ക് ശേഷം കാവ്യയെ ആകാശിനോടൊപ്പം യാത്രയാക്കി.
അവിടെ നിന്നും വൈകുന്നേരം കാവ്യാ തിരികെ വരുന്നത് വരെ ഇനി വീട്ടിൽ തിരികെ പോകാൻ കഴിയില്ലല്ലോ എന്ന ചിന്തയിൽ അലസമായാണ് നവീൻ എവിടേക്കെന്നില്ലാതെ കാർ ഓടിച്ചത്. മാന്ധ്രാ വളവെത്തിയപ്പോൾ കാറിൽ കേട്ടുകൊണ്ടിരുന്ന പാട്ടിൽ ലയിച്ച് അവന്റെ ശ്രദ്ധ ഡ്രൈവിങ്ങിൽ നിന്നൊന്നു മാറി. ആ നിമിഷം തന്നെയാണ് ഒരു ടവേര കാർ വളവു തിരിഞ്ഞു അവന്റെ നേരെ വന്നതും. നവീന്റെ കാർ അപ്പോൾ റോങ്ങ് സൈഡിൽ ആയിരുന്നു. പെട്ടെന്ന് സ്വബോധത്തിലേക്ക് വന്ന അവൻ സ്റ്റീയറിങ് പെട്ടെന്ന് ഇടത്തേക്ക് തിരിച്ചു. സാമാന്യം വേഗതയിൽ വന്ന ടവേര നവീന്റെ കാറിൽ തട്ടി തട്ടീല്ല എന്നുള്ള രീതിയിൽ കടന്നു പോയി. നവീൻ കാര് ചവിട്ടി നിർത്തി പിന്നിലേക്ക് നോക്കുമ്പോൾ ടവേരയുടെ ഡ്രൈവർ തല പുറത്തേക്കിട്ടു ചീത്ത വിളിക്കുന്നുണ്ടായിരുന്നു. തെറ്റ് തന്റെ ഭാഗത്തായതിനാൽ അവൻ പ്രതികരിക്കാൻ നിൽക്കാതെ കാർ മുന്നോട്ടെടുത്തു.
നവീന്റെ ഞെഞ്ചിടിപ്പു അപ്പോഴും നിന്നിട്ടുണ്ടായിരുന്നില്ല. തലനാഴിഴക്ക് ആണ് ഒരു അപകടം ഒഴുവായത്. വളവു പിന്നിട്ടതും നവീൻ കാർ ജംഗ്ഷനിൽ ഒതുക്കി രമേശന്റെ കടയിലേക്ക് നടന്നു.
മുൻപും അതുവഴി പോകുമ്പോൾ ആ കടയിൽ കയറാറുള്ളതിനാൽ നവീന് രമേശനെ പരിചയം ഉണ്ടായിരുന്നു.
“രമേഷേട്ടാ ഒരു പാക്കറ്റ് വിൽസ് എടുത്തേ.”
ഒരു ചിരിയോടെ രമേശൻ വിൽസ് പാക്കറ്റ് എടുത്തു കൊടുത്തു.
“മറ്റേ കൊച്ചു ഇന്ന് കൂടെ ഇല്ലല്ലോ.”
രമേശൻ കാവ്യയെ ആണ് ഉദ്ദേശിച്ചതെന്ന് മനസിലായ നവീൻ സിഗരറ്റിന്റെ പൈസ നൽകി ചിരിച്ചുകൊണ്ട് പറഞ്ഞു.