ഇന്നോവ അവരെ മാറി കടന്നതും അവൾ ഉറക്കെ പറഞ്ഞു.
“നവീൻ, ആ ഇന്നോവയുടെ പിറകെ പോ.. ഞാനുമായി എന്തോ ബന്ധം അതിനുണ്ട്.”
നവീൻ പെട്ടെന്ന് കാർ അവിടെ വച്ച് തന്നെ തിരിച്ച് ഇന്നോവയുടെ പിന്നാലെ പാഞ്ഞു.
ഇന്നോവയ്ക്ക് നല്ല സ്പീഡ് ഉണ്ടായിരുന്നതിനാൽ നവീന് അതിനു ഒപ്പം എത്താൻ കഴിഞ്ഞിരുന്നില്ല. ഈ സമയം മീര ആ ഇന്നോവയുമായുള്ള ബന്ധം ഓർമയിൽ എത്തിക്കാനുള്ള തീവ്ര ശ്രമത്തിൽ ആയിരുന്നു.
സിറ്റിയിലെ ബ്ലോക്കിൽ ഇന്നോവയ്ക്ക് പിറകിലായി പോകുമ്പോൾ ഇന്നോവ അലാമാ മാളിലേക്ക് കയറുന്നത് നവീൻ ശ്രദ്ധിച്ചത്. ബ്ലോക്കിനിടയിൽ ഇഴഞ്ഞിഴഞ്ഞ് അവനും മാളിലെ പാർക്കിംഗ് ഏരിയായിൽ കാർ കൊണ്ട് നിർത്തി.
കാർ നിർത്തിയതും മീര കാറിൽ നിന്നും ഇറങ്ങി ഇന്നോവ തിരഞ്ഞ് തുടങ്ങി. കുറച്ച് നേരത്തെ തിരച്ചിലിനൊടുവിൽ തന്നെ അവൾക്ക് ഇന്നോവ കണ്ടത്താനായി. പക്ഷെ അതിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. അവളുടെ പിന്നാലെ തന്നെ ഉണ്ടായിരുന്ന നവീൻ മീരയുടെ നിരാശ നിറഞ്ഞ മുഖം കണ്ട് പറഞ്ഞു.
“നമുക്കിവിടെ വെയിറ്റ് ചെയ്യാം. അവർ തിരിച്ച് വരുമല്ലോ.. പിന്നെ കാവ്യ വിളിച്ചിരുന്നു, അവർ ഡോക്ടർ വിവേകിനെ കണ്ടെത്തിയെന്ന്. ഒരു അഞ്ചു മിനിറ്റിനുള്ളിൽ ഇവിടെ എത്തുമെന്നാണ് പറഞ്ഞത്.”
അത് കേട്ടതും നിരാശ നിറഞ്ഞിരുന്ന മീരയുടെ മുഖത്ത് വീണ്ടും പ്രത്യാശ നിറഞ്ഞു.
കാവ്യ പറഞ്ഞത് പോലെ തന്നെ അഞ്ചു മിനിറ്റിനുള്ളിൽ തന്നെ മാളിലെ പാർക്കിംഗ് ഏരിയയിൽ എത്തി നവീനെ വിളിച്ചു.
മീരയെയും കൂട്ടി ആകാശിന്റെ കാറിലേക്ക് കയറിയ നവീൻ ആവേശത്തോടെ ചോദിച്ചു.
“വിവേകിനെ കുറിച്ച് എന്താ അറിഞ്ഞത്.”
അവന്റെ ചോദ്യം കേട്ടതും കാവ്യയുടെയും, ആകാശിന്റെയും മുഖം മ്ലാനമായി.
അവരുടെ മുഖം കണ്ടപ്പോഴേ എന്തോ കുഴപ്പം ഉണ്ടെന്ന് അവന് തോന്നി.
“എന്താ കാവ്യ.. എന്താണെങ്കിലും പറ.”
“ഡാ.. വിവേക് ജീവിച്ചിരിപ്പില്ല. അവൻ ആത്മഹത്യാ ചെയ്തു.”
ആകാശ് ഒരു ന്യൂസ് പേപ്പർ അവന് നേരെ നീട്ടി.
അതിൽ എഴുതിയിരിക്കുന്ന ഹെഡിങ് നവീനും മീരയും വായിച്ചു.
‘ദീപയുടെയും വിവേകിന്റെയും മരണം ആത്മഹത്യയോ കൊലപാതകമോ? ദുരൂഹത തുടരുന്നു.’