കാവ്യയുടെ മുഖം ചമ്മൽ കൊണ്ട് നിറഞ്ഞു. അവൾ ഒരു ഉരുളക്കത്തിന് അവന്റെ വയറ്റിലേക്ക് കയറി ഇരുന്നു. എന്നിട്ട് കൈ കൊണ്ട് അവന്റെ കഴുത്തിൽ ഞെരിച്ചു.
“നിന്നെ കൊല്ലും ഞാൻ ഇന്ന്.”
മീര ഇത് കണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു.
അവളുടെ കൈ കഴുത്തിൽ നിന്നും പിടിച്ച് മാറ്റിക്കൊണ്ട് അവൻ പറഞ്ഞു.
“ഞാൻ ചുമ്മാ പറഞ്ഞതല്ലേ. എന്റെ കാവ്യ കുട്ടി തന്നാണ് സുന്ദരി.”
“പോടാ പട്ടി.. നിന്റെ സർട്ടിഫിക്കറ്റ് എനിക്ക് വേണ്ട.”
“പിന്നെന്തിനാ എന്നോട് ചോദിച്ചത് മീര നിന്നെക്കാളും സുന്ദരി ആണോന്ന്.”
കാവ്യ അവന്റെ മുകളിൽ നിന്നും എഴുന്നേറ്റുകൊണ്ടു പറഞ്ഞു.
“നീ എന്നോട് മിണ്ടണ്ട. ഞാൻ പോകുന്നു.”
അവൾ റൂമിന്റെ ഡോർ വലിച്ചടച്ച് കൊണ്ട് പുറത്തേക്ക് നടന്നു.
അത് കണ്ട മീര ഒരു പേടിയോടെ പറഞ്ഞു.
“അവൾ പിണങ്ങി എന്നാണ് തോന്നുന്നേ.”
നവീൻ ഒരു പുഞ്ചിരിയോടെ കുഴപ്പമില്ലെന്ന രീതിയിൽ കണ്ണുകൾ ഇറുക്കി അടച്ച് കാണിച്ചു.
ഈ സമയത്താണ് താഴെ നിന്നും കാവ്യയുടെ ശബ്‌ദം അവരെ തേടി വന്നത്.
“ഡാ.. ഞാൻ നിന്റെ കാർ എടുക്കുകയാണ്. നാളെ രാവിലെ ഞാൻ പിക്ക് ചെയ്യാൻ വരാം.”
അവൻ കാവ്യയ്ക്ക് ശരിയെന്ന് മറുപടി കൊടുത്ത ശേഷം മീരയോട് പറഞ്ഞു.
“കണ്ടോ.. ഇത്രയേ ഉള്ളു എന്റെ കാവ്യ.”
മീര ഒരു ചിരിയോടെ അവന്റെ അരികിൽ ഇരുന്നു.
“നാളെ എനിക്കെന്റെ അച്ഛനെയും അമ്മയെയും കാണാം അല്ലെ?”
“അതേ.. മാത്രമല്ല മീരയ്ക്ക് ശരിക്കുള്ള മീരയെയും കാണാം.”
അവൾ നവീന്റെ കണ്ണുകളിൽ നോക്കി ബെഡിലേക്ക് കിടന്നുകൊണ്ട് ചോദിച്ചു.
“എന്റെ കല്യാണം കഴിഞ്ഞിട്ടുണ്ടാകുമോ?”
ആ ചോദ്യം കേട്ടതും അവന്റെ മുഖമൊന്ന് മങ്ങി. ഒന്നും മിണ്ടാതെ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി അവൻ കിടന്നു.
അവസാനം അവൾ തന്നെ അവളുടെ ചോദ്യത്തിന് മറുപടി പറഞ്ഞു.
“കഴിഞ്ഞിട്ടുണ്ടാകില്ല എന്ന് നമുക്ക് ആഗ്രഹിക്കാമല്ലേ?”
ആ വാക്കുകളിൽ നിന്നു തന്നെ അവന് മനസിലായി മീരക്ക് തന്നോടുള്ള ഇഷ്ട്ടം.
. . . .
തുറന്ന് കിടന്ന ഗേറ്റിനുള്ളിലൂടെ കാർ ഓടിച്ച് കാവ്യ കാർ കൊണ്ട് നിർത്തിയത് വലിയൊരു വീടിനു മുന്നിലായിരുന്നു.