“ഞാൻ ചുമ്മാ പറഞ്ഞതാണ്. നിങ്ങൾ അകത്തേക്ക് കയറി വാ.”
വീടിനകത്തേക്ക് കയറിയ അവർക്ക് നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന ഒരു ഹാൾ ആണ് കാണാൻ കഴിഞ്ഞത്.
നവീൻ ഇരുന്ന സോഫയുടെ അടുത്തേക്ക് ഒരു കസേര വലിച്ചിട്ട് അവനെതിരെ രാമ മൂർത്തി ഇരുന്നു.
“നവീൻ ഈ പറയുന്ന രൂപത്തെ കണ്ട് തുടങ്ങിയിട്ട് ഇപ്പോൾ എത്ര ദിവസമായിട്ടുണ്ട്?”
ഒന്നാലോചിച്ച ശേഷം അവൻ പറഞ്ഞു.
“ഒരു അഞ്ചു ദിവസം ആയിട്ടുണ്ട്.”
“ശരിക്കും ഒരു മനുഷ്യ രൂപം തന്നെയാണോ അവൾക്കുള്ളത്.”
“അതെ. ശരിക്കും ഒരു ജീവനുള്ള പെൺകുട്ടിയെ പോലെ തന്നെയാണ് അവളുടെ പെരുമാറ്റം. പക്ഷെ സ്പർശിക്കാൻ കഴിയില്ല.”
“അവളെ കുറിച്ച് ഒന്നും തന്നെ ആ രൂപത്തിന് ഓർമയില്ലേ?”
“ഇല്ല. സ്വന്തം പേരുപോലും.”
“അവളെ ആദ്യമായി കണ്ടത് മുതൽ ഇതുവരെയുള്ള കാര്യങ്ങൾ നവീന് ഒന്ന് പറയാമോ?”
നവീൻ എല്ലാ കാര്യങ്ങളും വിശദമായി തന്നെ രാമ മൂർത്തിയോട് പറഞ്ഞു.
എല്ലാ കേട്ട് കഴിഞ്ഞ രാമ മൂർത്തി ഒരു ചിരിയോടെ ചോദിച്ചു.
“അപ്പോൾ താൻ അവൾക്ക് ഒരു പേരൊക്കെ ഇട്ടു അല്ലെ?”
അവർ മൂന്നുപേരും അത് കേട്ട് ചിരിച്ചു.
“നല്ല കാര്യം തന്നെയാണ് അത്. തനിക്ക് അവളെ പേടിയില്ല ഒരു സൗഹൃദം സ്ഥാപിക്കാനാണ് താല്പര്യം എന്ന് അതിൽ നിന്നും മനസിലായി.”
കുറച്ച് നേരം രാമ മൂർത്തി ആലോചിച്ചിരുന്നു. എന്നിട്ട് ചോദിച്ചു.
“മീര ഇപ്പോൾ തന്റെ കൂടെ ഉണ്ടോ?”
ഒരു ചിരിയോടെ നവീൻ പറഞ്ഞു.
“സാർ വാതിൽ തുറക്കുന്നതിനു മുൻപ് തന്നെ അവൾ വീടിനകത്തേക്ക് കയറി പോയി.”
അത് കേട്ട് രാമ മൂർത്തി ഒന്ന് ചിരിച്ചു.
“അപ്പോൾ കക്ഷി വന്നയുടനെ ഇവിടെ പരിശോധന തുടങ്ങി. അവളെ ഒന്ന് വിളിച്ചേ.”
നവീൻ മീരയെ ഉറക്കെ പേരെടുത്തു വിളിച്ചു, കുറച്ച് സമയങ്ങൾക്കകം തന്നെ അവൾ നവീന്റെ അരികിൽ എത്തി.
“സാർ അവൾ എന്റെ അടുത്ത് നിൽപ്പുണ്ട്.”