നവീൻ അവളെ ശ്രദ്ധിച്ചു. ആരും മോഹിക്കുന്ന ഒരു സൗന്ദര്യത്തിനു ഉടമ തന്നെയായിരുന്നു മീര. പക്ഷെ അവൾ അങ്ങനെ അധികം സംസാരിക്കാറില്ലെന്ന് അവൻ ഓർത്തു. അല്ലെങ്കിലും തന്നെ തന്റെ ഭൂതകാലത്തെകുറിച്ച് ഒന്നും ഓർമ്മ ഇല്ലാത്ത അവൾക്ക് എന്താകും സംസാരിക്കാനുണ്ടാകുക.
മനസിനുള്ളിൽ അവളോട് തനിക്ക് എന്തോ ഒരു ആകർഷണം ഉള്ളതായി അവനു സ്വയം തോന്നിത്തുടങ്ങിയിരുന്നു.
ചിന്തയിൽ നിന്നും ഉണർന്ന മീര തല ചരിച്ച് നോക്കിയപ്പോൾ കണ്ടത് തന്നെ ഇമവെട്ടാതെ നോക്കി കിടക്കുന്ന നവീനെ ആണ്. ഒരു നിമിഷം അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു. അവന്റെ നോട്ടത്തിൽ പ്രണയത്തിന്റെ ലാഞ്ചന ഉള്ളതായി അവൾക്ക് തോന്നി.
അവൾ കണ്ണുകൾ കൊണ്ട് എന്താ എന്ന് അവനോടു ആംഗ്യത്തിൽ ചോദിച്ചു.
അവൻ മനസിലുള്ളത് അറിയാതെ തന്നെ തുറന്നു പറഞ്ഞു പോയി.
“ഇയ്യാളെ കാണാൻ നല്ല ഭംഗി ആണ്, അറിയാതെ ഇങ്ങനെ നോക്കി ഇരുന്നു പോകും.”
കാണാൻ കൊള്ളാവുന്ന ഒരു യുവാവ് തന്റെ സൗന്ദര്യത്തെ പറ്റി പറഞ്ഞപ്പോൾ മീരയുടെ കവിളുകളിൽ നാണത്തിന്റെ ചുവപ്പു രാശികൾ പടർന്നു.
“താൻ എന്നെ കളിയാക്കിയതാണോ അതോ എന്നെ കാണാൻ സത്യത്തിൽ ഭംഗി ഉണ്ടോ?”
“മീര എന്താ അങ്ങനെ ചോദിച്ചത്?”
ചെറിയൊരു വിഷമത്തോടെ അവൾ പറഞ്ഞു.
“സത്യത്തിൽ എനിക്ക് എന്റെ മുഖം പോലും ഓർമ്മ ഇല്ല. കണ്ണാടിയിൽ എന്റെ പ്രതിബിംബം പതിയുകയുമില്ല.”
കുറച്ച് നേരം അവളെ തന്നെ നോക്കിയിരുന്ന ശേഷം നവീൻ പറഞ്ഞു.
“ശകലം നീണ്ട മുഖമാണ് തന്റേത്. വിടർന്ന കണ്ണുകൾ അതിൽ ഇളം ബ്രൗൺ നിറമുള്ള കൃഷ്ണമണികൾ. ശരിക്കും പറഞ്ഞാൽ ആ കണ്ണുകൾ ആണ് ഈ മുഖത്തിന്റെ ഐശ്വര്യം.”
അവളൊരു പുഞ്ചിരിയോടെ അവന്റെ വിവരണം കേട്ടുകൊണ്ടിരുന്നു.
“മൂക്കിന് ശകലം വലിപ്പം കൂടുതലുണ്ട്. മൂക്കിന് താഴെയായി നനുനനുത്ത ചെറിയ രോമങ്ങളുണ്ട്. സൂക്ഷിച്ച് നോക്കിയാൽ അത് കാണാനാകും. അധികം വലിപ്പമില്ലാത്ത പിരികം ആണ്.. പിന്നെ നല്ല വെളുത്ത മുഖമാണ് തന്റേത്.. അതുകൊണ്ടു തന്നെ നാണം വന്നാൽ ഇയ്യാളുടെ കവിളുകൾ പെട്ടെന്ന് ചുവക്കും.”
എന്തൊകൊണ്ടോ അവൻ അത് പറഞ്ഞപ്പോൾ അവളുടെ കവിളുകൾ ചുവന്നിരുന്നു.
അവന്റെ കണ്ണുകൾ അവളുടെ മാറിടത്തിൽ പതിച്ചു. കുസൃതിയോടെ അവൻ ചോദിച്ചു.