Will You Marry Me.?? Part 3 [Rahul Rk]

Posted by

പക്ഷേ കൈ പൊള്ളിയിരിക്കുന്നത് കൊണ്ട് എനിക്ക് എത്ര ശ്രമിച്ചിട്ടും ഭക്ഷണം ശരിക്കും കഴിക്കാൻ പറ്റുന്നില്ല.. അത് കണ്ടത് കൊണ്ട് മുത്തശ്ശി പറഞ്ഞു..

“ആഷികാ.. നിന്റെ ഭർത്താവ് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടില്ലേ.. നിനക്ക് അവനെ ഒന്ന് സഹായിച്ചൂടെ…”

ആഷിക കഴിക്കുന്നത് നിർത്തി മുത്തശിയെയും പിന്നെ എന്നെയും നോക്കി… എനിക്ക് സത്യത്തിൽ അപ്പോ മുത്തശ്ശിയെ കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുക്കാൻ ആണ് തോന്നിയത്..

ആഷിക പാത്രത്തിൽ നിന്ന് ചപ്പാത്തിയുടെ ഒരു കഷ്ണം മുറിച്ചെടുത്തു എന്നിട്ട് അത് കറിയിൽ മുക്കി എന്റെ വായിലേക്ക് വെച്ച് തന്നു… ഞാൻ ചപ്പാത്തി വായിൽ വാങ്ങിയിട്ട് കഴിക്കുന്നതിനിടെയിൽ അവളെ നോക്കി പുഞ്ചിരിച്ചു… അവള് ഒരു കള്ള ദേഷ്യത്തോടെ എന്നെ നോക്കി ചുണ്ട് കടിച്ച് കാണിച്ചു… അങ്ങനെ അവളുടെ കൈ കൊണ്ട് തന്നെ ഞാൻ മുഴുവനും കഴിച്ച് തീർത്തു…

അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ച് തീർത്ത് ഞങ്ങൾ എല്ലാവരും ഹാളിൽ ഇരിക്കുകയാണ്.. പപ്പ വലിയ ഒരു കസേരയിൽ ഞങൾ എല്ലാവരും സോഫയിൽ..
എന്നെ നോക്കി കൊണ്ട് പപ്പ പറഞ്ഞു തുടങ്ങി..

“ഷോൺ.. ഞങ്ങൾക്കെല്ലാവർക്കും നിന്നെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്.. ഷോണിന് വിരോധം ഇല്ലെങ്കിൽ സ്വയം തന്നെ പറ്റി ഞങ്ങളോട് പറഞ്ഞൂടെ..?”

ഞാൻ ഒന്ന് പുഞ്ചിരിച്ച് കൊണ്ട് തുടർന്നു…

“നിങ്ങൾക്ക് എല്ലാവർക്കും അറിയുന്ന പോലെ തന്നെ എന്റെ പേര് ഷോൺ.. ഷോൺ ജേക്കബ്.. ജേക്കബ് എന്റെ അപ്പച്ചന്റെ പേര് ആണ്.. എന്റെ അമ്മച്ചിയുടെ പേര് ആനി എന്നാണ് എനിക്ക് അഞ്ച് വയസ്സുള്ളപ്പോൾ ഒരു കാർ അപകടത്തിൽ അവർ രണ്ടുപേരും ഞങ്ങളെ വിട്ടു പോയി. എനിക് ഒരു ചേട്ടൻ ഉണ്ട് ജോൺ ജേക്കബ് നാട്ടിൽ ഒരു ബാങ്കിൽ മാനേജർ ആണ്. ചേട്ടന്റെ ഭാര്യ ഷേർളി ജോൺ സ്കൂൾ ടീച്ചർ ആണ് അവർക്ക് ഒരു മോൾ മറിയം ജോൺ മിന്നു എന്ന് വിളിക്കും ഒന്നാം ക്ലാസിൽ പഠിക്കുന്നു..
ഞാൻ ഡിഗ്രീ വരെ പഠിച്ചത് എല്ലാം നാട്ടിൽ തന്നെ ആണ്. അതിനു ശേഷം ബാംഗ്ലൂരിൽ പോയി കമ്പ്യൂട്ടർ കോഴ്സ് പഠിച്ചു. അമേരിക്കയിൽ ഒരു കമ്പനിയിൽ ജോലി ശരിയായിട്ടുണ്ട് ഉടൻ തന്നെ അവിടെ ജോയിൻ ചെയ്യണം.. അതിനു മുൻപേ ആഷികയെയും കൂട്ടി നാട്ടിൽ പോയി ബന്ധുക്കളെ ഒക്കെ കാണണം..”

ഞാൻ പറഞ്ഞ് നിർത്തി.. സത്യത്തിൽ അമേരിക്കയുടെ കാര്യം ഞാൻ മനഃപൂർവം പറഞ്ഞത് ആയിരുന്നു.. ഞാൻ പറഞ്ഞ് നിർത്തി ആഷികയെ നോക്കി.. അവൾ കൈ കൊണ്ട് ഓകെ എന്ന് കാണിച്ചു…

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ പപ്പ പറയാൻ തുടങ്ങി..

“ശരി ഷോൺ… നിങ്ങളുടെ ജീവിതം, നിങ്ങള് ആണ് തീരുമാനിക്കേണ്ടത്.. ഏതായാലും നിങ്ങൾ രണ്ടാളും ഞങൾ ആരും അറിയാതെ കല്ല്യാണം കഴിച്ചു. പക്ഷേ ഞങ്ങൾക്ക് ഒരു ആഗ്രഹം ഉണ്ട് അത് നിങ്ങൾ നടത്തി തരണം..”

“എന്താഗ്രഹം ആണ് സാർ.. അല്ല പപ്പാ…?”

Leave a Reply

Your email address will not be published. Required fields are marked *