പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]

Posted by

ശരിയാണച്ഛാ…. ചിലപ്പോഴെല്ലാം അച്ഛനെന്നെ ഒറ്റപ്പെടുത്തിയത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്….. പ്രത്യേകിച്ചും ആന്റിയുമായുള്ള വിവാഹം നടന്ന സമയത്ത്…. തുറന്ന് പറഞ്ഞാൽ ……. ഞാനൊന്ന് വിക്കി ….

“അമ്മയുടെ മരണം പോലും നിങ്ങൾ തമ്മിലുള്ള ബന്ധം കൊണ്ടാണെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്….!!!!!!!!!!!!”

ഉണ്ണീ…. അച്ഛൻ ഞടുങ്ങിപ്പോയി… വണ്ടി കയ്യിൽ നിന്ന് പാളി….. പെട്ടെന്ന് ഓരം ചേർത്ത് ഒതുക്കി നിർത്തി…. എന്നെ തുറിച്ചു നോക്കി …….

നീയെന്താണ് പറയുന്നതെന്ന് നിനക്കറിയാമോ…? അച്ഛന്റെ സ്വരം വിറച്ചു …..

എനിക്കറിയില്ലച്ചാ….. ഉറക്കം വരാതെ ഹോസ്റ്റലിലെ കൂട്ടുകാർ കാണാതെ വരാന്തയിൽ ഇരുന്ന് കരഞ്ഞ് നേരം വെളുപ്പിച്ച രാത്രികളിൽ ഞാനെന്തൊക്കെ ചിന്തിച്ച് കൂട്ടി എന്ന് എനിക്കറിയില്ലച്ഛാ….. കാലം കടന്ന് പോയപ്പോൾ അതിന്റെ പരിഹാസ്യത എനിക്ക് തിരിച്ചറിയാൻ പറ്റുന്നുണ്ട് …..

അങ്ങിനെയൊരു വശം അതിനുള്ളത് ഞാൻ ഒരിക്കലും ചിന്തിച്ചിട്ട് കൂട്ടിയില്ലാ ഉണ്ണീ…..

അച്ഛന്റെ സ്വരം തളർന്നിരുന്നു….. മുഖത്ത് കൂടി വിയർപ്പ് ചാലുകൾ ഒഴുകിയിറങ്ങി…. മുഖം കുനിഞ്ഞു….. ചുണ്ടുകൾ ചെറുതായി വിറകൊണ്ടു….. സ്റ്റീയറിങ്ങിൽ പിടിച്ച വിരലുകൾ മുറുകി കയ്യിലെ ഞരമ്പുകൾ എഴുന്ന് വന്നു….. കിതപ്പാർന്ന ശ്വാസം ഉയർന്ന നിലയിലായി…. കുറെയേറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല…..

ഞാൻ ആകെ പകച്ച് പോയി…. സത്യസന്ധമായി എന്റെ ചിന്തകൾ അവതരിപ്പിച്ചു എന്നല്ലാതെ അതിന്റെ തീവ്രത ഞാൻ ഉൾക്കൊണ്ടിരുന്നില്ല…. അച്ഛന്റെ മാന്യതയെ ആണ് സംശയിച്ചിരിക്കുന്നത്…. നാട്ടിലെല്ലാവർക്കും പ്രിയപ്പെട്ട….. സ്‌കൂളിലെ നല്ല അദ്ധ്യാപകൻ എന്ന് പേരെടുത്ത ഒരാളെ…. അയാളുടെ സാന്മാർഗ്ഗികതയെ ചോദ്യം ചെയ്യുന്ന തരത്തിൽ ചോദ്യമുയർത്തിയിരിക്കുന്നു….. അദ്ദേഹത്തിന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്തിരിക്കുന്നു….. അതും സ്വന്തം മകൻ….. എന്താണ് സത്യമെന്ന് അറിയില്ലെങ്കിലും ചോദ്യം ഉയർത്തുന്ന ഒരു ധാർമ്മികത…. അമ്മയുടെ മരണകാരണം … അതും ആത്മഹത്യ ..അച്ഛന്റെ വഴിവിട്ട ബന്ധമാണോ എന്ന മകന്റെ സംശയം ഉയർത്തുന്ന ഭീകരത….. ആരെയും തകർക്കും …. അവിടെ സത്യത്തിനും അസത്യത്തിനും ഒരു സ്ഥാനവുമില്ല…. അവിടെ മകന്റെയും അച്ഛന്റെയും വൈകാരിക തലങ്ങൾക്ക് മാത്രമേ ഇടമുള്ളൂ….. വിശ്വാസ്യതക്ക് മാത്രമേ ഇടമുള്ളൂ…. ആ വിശ്വാസ്യത നഷ്ടപ്പെട്ട് പോയാൽ അവരുടെ പരസ്പര ബന്ധം ഒരിക്കലും ഇണക്കി ചേർക്കാനാവാത്ത വിധം തകരും…..

ഇവിടെ ഞാനും അച്ഛനും തമ്മിലുള്ള ബന്ധത്തിന്….. എത്ര വൈകാരിക തീവ്രത ഉണ്ടെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല ….. എങ്കിലും വിശ്വാസത്തിന്റെ ഘടകം പുനസ്ഥാപിച്ചെ പറ്റൂ…. ഞാൻ അച്ഛന്റെ കയ്യിൽ മുറുകെ പിടിച്ചു….

അച്ഛാ… ഞാൻ പറഞ്ഞതിലെ തെറ്റും ശരിയും … അതുയർത്തുന്ന പ്രശ്നങ്ങളും ഓർത്ത് കൊണ്ട് പറഞ്ഞതല്ല….. … പക്ഷെ സംസാരിച്ച് വന്നപ്പോൾ അക്കാലത്ത് എന്റെ മനസ്സിൽ വന്ന ചിന്തകൾ മറച്ചുവയ്ക്കാതെ പറഞ്ഞു എന്നേ ഉള്ളൂ…. അതിനർത്ഥം എനിക്ക് ഇപ്പോൾ അത്തരത്തിൽ ഒരു ചിന്തയുണ്ടെന്നല്ല …..

Leave a Reply

Your email address will not be published. Required fields are marked *